റഫറിമാരെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് എതിരാണെന്നു ഞാൻ കരുതുന്നില്ല: ഇവാൻ വുക്കോമനോവിച്
Mail This Article
കൊച്ചി ∙ ‘‘കഴിഞ്ഞത് എന്തു തന്നെയായാലും അടഞ്ഞ അധ്യായം; ഇറ്റ് ഈസ് ഓവർ! ഇത് പുതിയ ഐഎസ്എൽ സീസൺ. എന്റെ കളിക്കാർ മെച്ചപ്പെടുന്നതിൽ ഏറെ സന്തോഷം. പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ എനിക്കിഷ്ടമില്ല. അടുത്ത കളിയിലെ എതിരാളികളെ നേരിടാനുള്ള ഒരുക്കത്തിലാണു ഞങ്ങൾ. പിന്നെ, കോച്ച് എന്ന നിലയിലുള്ള തിരിച്ചു വരവിൽ ഏറെ ആഹ്ലാദം. ഫീലിങ് നൈസ് ആൻഡ് എക്സൈറ്റഡ് ടു ബി ബാക്ക്.
ആരാധകരെ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്റെ നല്ല സമയത്തും മോശം സമയത്തും അവർ എന്റെ കൂടെ ഉണ്ടായിരുന്നു. അവർക്കിടയിലേയ്ക്ക് ഒരിക്കൽ കൂടി മടങ്ങിയെത്താൻ സാധിച്ചതു ഭാഗ്യം’’– ശാന്തമായ പതിവു ചിരിയോടെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച്! 10 മത്സര വിലക്കിനു ശേഷം ടീമിനൊപ്പം കളത്തിലേക്കു മടങ്ങി വരികയാണ് അദ്ദേഹം; ഇന്ന് ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിലൂടെ.
ടെക്നോളജി വരട്ടെ
സാങ്കേതിക സംവിധാനം നടപ്പാക്കുന്നതു മത്സര നിലവാരം ഉയർത്തും. ലീഗിന്റെ പ്രതിഛായയും മെച്ചപ്പെടും. ഐഎസ്എലിൽ 2 വർഷത്തിനിടെ റഫറിയിങ് നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇനിയും മെച്ചപ്പെടുന്നതു സാധ്യമല്ല എന്ന നിലയാണ് ഇപ്പോൾ. കളി നിയന്ത്രണത്തിനായി സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. അതാകണം, അടുത്ത ചുവടു വയ്പ്.
ലോകത്ത് എല്ലായിടത്തും സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഫുട്ബോൾ ഫെഡറേഷൻ അതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു പറയുന്നു. ഞാനും കാത്തിരിക്കുന്നു. ടെക്നോളജി വരട്ടെ!
റഫറിമാരോടു വിരോധമില്ല
റഫറിമാരെല്ലാം ബ്ലാസ്റ്റേഴ്സിന് എതിരാണെന്നു ഞാൻ കരുതുന്നില്ല. മനുഷ്യസഹജമായ പിഴവുകൾ നേരിടേണ്ടി വരുമെന്നു നമുക്കറിയാം. ഞാൻ അവരെ പിന്തുണയ്ക്കുന്നു. അവർ മികച്ച രീതിയിൽ കളി കൈകാര്യം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഇന്ത്യൻ ലീഗിലേക്ക് യൂറോപ്യൻ കളിക്കാരെ വിളിക്കുമ്പോൾ അവർ ചോദിക്കും: വാർ (വിഡിയോ അസിസ്റ്റന്റ് റഫറി) ഉണ്ടോ? ഇല്ലെന്നു പറയുമ്പോൾ അവർ പറയും; വരുന്നില്ല!