ഒടുവിൽ നിമ്മി ഇന്റർനാഷനൽ
Mail This Article
കൊച്ചി ∙ നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആലുവ ദേശം സ്വദേശി ഡോ.നിമ്മി എ.ജോർജിലൂടെ ചെസിൽ കേരളത്തിന് ആദ്യ വനിതാ ഇന്റർനാഷനൽ മാസ്റ്റർ പദവി. 2006ൽ ആദ്യ വനിതാ ഇന്റർനാഷനൽ മാസ്റ്റർ നോമും 2008ൽ രണ്ടാം നോമും നേടിയ നിമ്മി 2011–12ൽ രണ്ടു നോമുകൾകൂടി നേടി.
വനിതാ ഇന്റർനാഷനൽ മാസ്റ്റർ പദവിക്കു മൂന്നു നോമുകൾ (യോഗ്യതാ മാർക്ക്) മതിയായിരുന്നിട്ടും 4 നോമുകളുള്ള നിമ്മിയുടെ അപേക്ഷ രാജ്യാന്തര ചെസ് സംഘടനയായ ‘ഫിഡെ’ പരിഗണിച്ചില്ല.. നേടിയ 4 നോമുകളിൽ ഒന്നുപോലും വിദേശത്തല്ലെന്ന കാരണത്താലായിരുന്നു അത്. കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ മേയിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന രാജ്യാന്തര ഓപ്പൺ ടൂർണമെന്റിൽ 9 റൗണ്ടിൽ 5.5 പോയിന്റുമായി നിമ്മി തന്റെ ആദ്യ വിദേശ നോം സ്വന്തമാക്കി.
തൃക്കാക്കര ഭാരത മാതാ കോളജ് കൊമേഴ്സ് വിഭാഗം അസി. പ്രഫസറായ നിമ്മി അറയ്ക്കപറമ്പിൽ പ്രഫ. ജോർജ് ജോണിന്റെയും ലാലിയുടെയും മകളാണ്. സഹോദരിമാരായ ഡോ.നീനു എ.ജോർജും നീലിമ എ.ജോർജും ചെസ് താരങ്ങളാണ്.
English Summary : Nimmi A. George of Kerala, First female International Master