ഇന്ത്യൻ ഹോക്കി ടീമിൽ ഇനി 16–ാം നമ്പർ ജഴ്സിയില്ല, പിൻവലിച്ചു; ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം
Mail This Article
ന്യൂഡൽഹി∙ ടോക്കിയോ, പാരിസ് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ. രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ഹോക്കി ഇന്ത്യ ജഴ്സി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ, ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു.
ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നതെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് വ്യക്തമാക്കി. ജൂനിയർ ടീമിൽ 16–ാം നമ്പർ ജഴ്സി തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹോക്കി ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16–ാം നമ്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.
‘‘ശ്രീജേഷ് ഇനിമുതൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. അദ്ദേഹത്തോടുള്ള ആദരസൂചകമായി 16–ാം നമ്പർ ജഴ്സി സീനിയർ ടീമിൽനിന്ന് ഞങ്ങൾ പിൻവലിക്കുകയാണ്. ജൂനിയർ ടീമിൽ 16–ാം നമ്പർ ജഴ്സി തുടരുന്നും ഉപയോഗിക്കും. ജൂനിയർ ടീമിൽ 16–ാം നമ്പർ ജഴ്സി ധരിക്കാൻ യോഗ്യരായ താരങ്ങളെ ശ്രീജേഷ് തന്നെ പരിശീലിപ്പിച്ച് വളർത്തിക്കൊണ്ടുവരും’ – ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ വ്യക്തമാക്കി.