വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്നു മുന്നറിയിപ്പ്; രാജ്യസുരക്ഷ സംരക്ഷിക്കാനെന്ന് ചൈന
Mail This Article
വിമാന യാത്രികര്‍ സൈനിക ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് ഔദ്യോഗിക ചാര സംഘടന. വിമാനത്താവളത്തിലേക്ക് ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യുമ്പോള്‍ പോലും യാത്രികര്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് ചൈനീസ് ദേശീയ സുരക്ഷാ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ചൈനീസ് എക്‌സ് വകഭേദമായ വിചാറ്റിലെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഔഗ്യോഗിക അനുമതിയില്ലാതെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കുകയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന നിര്‍ദേശമാണ് ചൈന നല്‍കുന്നത്. ചൈന സവിശേഷമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണമല്ല ഇതെന്നും ലോകരാജ്യങ്ങള്‍ പൊതുവേ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അടുത്തിടെ ഒരു വിദേശി പ്രതിരോധ ആവശ്യത്തിനു കൂടി ഉപയോഗിക്കുന്ന വിമാനത്താവളത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. കിഴക്കന്‍ ചൈനീസ് പട്ടണമായ യിവുവില്‍ നിന്നും ബീജിങിലേക്ക് ഈ മാസം ആദ്യം യാത്ര ചെയ്തയാളാണ് അനധികൃതമായി വിമാനത്താവളത്തിന്റെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വിദേശി ചൈനീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സംശയകരമായ രീതിയില്‍ പകര്‍ത്തുന്നകാര്യം ശ്രദ്ധയില്‍ പെട്ട സഹയാത്രികനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. 'രാജ്യസുരക്ഷ സംരക്ഷിക്കുകയെന്നത് ഏതൊരു പൗരന്റേയും ഉത്തരവാദിത്വമാണ്. പ്രതിരോധ സൗകര്യങ്ങള്‍ ചിത്രീകരിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്' എന്നാണ് ചൈനീസ് േെദശീയ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കുന്നത്. സാധാരണ പൗരന്മാര്‍ കൂടി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
ചൈനയിലെ വിമാനത്താവളങ്ങളില്‍ മൂന്നിലൊന്നും പൊതു ജനങ്ങളും സൈന്യവും ഉപയോഗിക്കുന്നതാണ്. ഇത്തരം വിമാനത്താവളങ്ങളില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട സൈനിക ഉപകരണങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സൈനിക മേഖലകളുടെ ചിത്രം എടുക്കുന്നതില്‍ യാത്രികര്‍ക്ക് നിയന്ത്രണമുണ്ട്. സാധാരണ വിമാനയാത്രക്കൊപ്പം ചൈനയുടെ വ്യോമസേനാ പരിശീലനങ്ങളും ഇത്തരം വിമാനത്താവളങ്ങളില്‍ നടക്കാറുണ്ട്. യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്യും. ഇത്തരം വിമാനത്താവളങ്ങളില്‍ ഭൂരിഭാഗവും തീരത്തോടോ അതിര്‍ത്തിയോടോ ചേര്‍ന്നുള്ളതോ ആയിരിക്കും.
ദക്ഷിണ ചൈന കടലിലേയും തയ്‌വാനെ ചൊല്ലിയുമുള്ള അവകാശ തര്‍ക്കങ്ങളുടെ പേരില്‍ ചൈനയും അമേരിക്കയും സഖ്യ കക്ഷികളുമായി തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇന്ത്യ അടക്കമുള്ള അയല്‍ രാജ്യങ്ങളുമായും ചൈനക്ക് അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതുപോലെ തയ്‌വാന്‍ തങ്ങളുടെ അധികാരത്തിനു കീഴില്‍ വരുന്ന പ്രദേശമാണെന്നും ചൈന കരുതുന്നു. ദക്ഷിണ ചൈന കടലിനെ ചൊല്ലി ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെയ്, തയ്‌വാന്‍ എന്നീ രാജ്യങ്ങളുമായി ചൈനക്ക് തര്‍ക്കങ്ങളുണ്ട്.