ADVERTISEMENT

യൂട്യൂബിലും ഗൂഗിള്‍ പ്ലേയിലും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റ് കാണണമെങ്കില്‍ സർക്കാര്‍ അംഗീകരിച്ച ഐഡി നല്‍കണമെന്ന നിയമം പല രാജ്യങ്ങളും വൈകാതെ നടപ്പിലാക്കിയേക്കാം. ലോകത്താദ്യമായി ഈ നിയമം കൊണ്ടുവന്നിരിക്കുന്നത് ഓസ്‌ട്രേലിയയിലാണ്. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റ് കാണാന്‍ ശ്രമിക്കുന്നവരുടെ പ്രായം ഉറപ്പാക്കാനാണ് ഇത്. ഇത് അടുത്ത മാസം മുതല്‍ ഓസ്‌ട്രേലിയയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് സാമന്താ യോര്‍ക് പറഞ്ഞു. ഓസ്‌ട്രേലിയന്‍ സർക്കാരിന്റെ ഓണ്‍ലൈന്‍സേയ്ഫ്റ്റി (റെസ്ട്രിക്ടഡ് അക്‌സസ് സിസ്റ്റംസ്) ഡിക്ലറേഷന്‍ 2022ല്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാനാണിത്. 

 

∙ ഓസ്‌ട്രേലിയയില്‍ മാത്രമായി ഇതു തീരുമോ?

 

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റ് കുട്ടികളിലെത്തുന്നില്ല എന്നുറപ്പാക്കാനാണ് ഓസ്‌ട്രേലിയയുടെ ഓണ്‍ലൈന്‍ സുരക്ഷാ നിയമമെന്ന് സെഡ്ഡിനെറ്റ് പറയുന്നു. സമാനമായ പ്രായം നിര്‍ണയിക്കല്‍ സംവിധാനം വേണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഓഡിയോ വിഷ്വല്‍ മീഡിയ സര്‍വീസസ്ഡിറക്ടീവ് എന്ന നിയമത്തിലും ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒട്ടുമിക്ക രാജ്യങ്ങളും ഓസ്‌ട്രേലിയയുടെയും യൂറോപ്യന്‍ യൂണിയന്റെയും പാത പിന്തുടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് വിശകലനവിദഗ്ധര്‍ കരുതുന്നത്. യൂട്യൂബില്‍ ഇട്ട വിഡിയോ പല വെബ്‌സൈറ്റുകളും പ്രദര്‍ശിപ്പിക്കാറുണ്ട്. നിയമം പ്രാബല്യത്തിലായാല്‍ ഇത്തരം വിഡിയോകളും പ്രായപൂര്‍ത്തിയായവര്‍ക്ക് ഉള്ളതാണെങ്കില്‍ അവ സൈന്‍-ഇന്‍ ചെയ്യാതെയും പ്രായം തിട്ടപ്പെടുത്താതെയും കാണാനാവില്ല.

 

∙ ഓസ്‌ട്രേലിയയില്‍ ലൈസന്‍സോ പാസ്‌പോര്‍ട്ടോ

 

പല ഉപയോക്താക്കളുടെയും പ്രായം ഗൂഗിളിന്റെ സിസ്റ്റത്തിനു തന്നെ അറിയാം. അങ്ങനെ അറിയാത്ത ആളുകളാണ് സർക്കാർ അംഗീകൃത രേഖകള്‍ നല്‍കേണ്ടതായി വരിക. ഓസ്‌ട്രേലിയയില്‍ ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് ആയിരിക്കും ചോദിക്കുക എന്ന് സാമന്ത പറയുന്നത്. ക്രെഡിറ്റ് കാര്‍ഡും നല്‍കാം. വിവിധ രാജ്യങ്ങളില്‍ മറ്റ് ഐഡികളും പരിഗണിച്ചേക്കും. നിലവില്‍ ലോകത്തെവിടെയും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റ് കാണണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്താല്‍ മതി. ഗൂഗിള്‍ പ്ലേയില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും പുതിയ മാറ്റം ബാധകമായിരിക്കും. ഉപയോക്താവ് തന്റെ അംഗീകൃത ഐഡി അപ്‌ലോഡ് ചെയ്താല്‍ അത് സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. ഇത് പരസ്യമാക്കില്ല. പ്രായം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ഡിലീറ്റു ചെയ്യുമെന്നും കമ്പനി പറയുന്നു. പ്രായം തിട്ടപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളിലടക്കം മറ്റ് വെബ്‌സൈറ്റുകളിലേക്കും എത്തിയേക്കാം.

 

∙ അപ്രായോഗികം, സുരക്ഷിതമല്ല– വിമര്‍ശനം

 

സമൂഹ മാധ്യമങ്ങള്‍ ഉപയോക്താക്കളെ അറിയണമെന്ന നിയമം അപ്രായോഗികമാണെന്നു പറഞ്ഞ് ഓസ്‌ട്രേലിയുടെ ഇസെയ്ഫ്റ്റി കമ്മിഷണര്‍ ജൂലി ഇന്‍മാന്‍-ഗ്രാന്റ് രംഗത്തെത്തി. ഫെയ്‌സ്ബുക്കിനെ പോലെ ഒരു കമ്പനി തങ്ങളുടെ ഉപയോക്താക്കളെയെല്ലാം വീണ്ടും വേരിഫൈ ചെയ്യുക എന്നു പറയുന്നത് ശ്രമകരമായ കാര്യമാണെന്ന് ജൂലി പറയുന്നു. എന്നാല്‍ ഇത് അസാധ്യമല്ലെന്നും അവര്‍ സമ്മതിച്ചു. പക്ഷേ, ഇന്റര്‍നെറ്റില്‍ ആളറിയാതെ സഞ്ചരിക്കാനുള്ള അവകാശവും ഉണ്ട്. സ്ത്രീകളും കുട്ടികളും ഒക്കെ അവരുടെ ശരിക്കുള്ള പേരും മറ്റും ഉപയോഗിച്ച് ഇന്റര്‍നെറ്റിലെത്തിയാല്‍ അത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തിയേക്കാം. വ്യാജനാമം ഉപയോഗിക്കാന്‍ സാധിക്കണമെന്നും ഇതെല്ലാം ഇന്റര്‍നെറ്റ് തുടങ്ങിയ കാലം മുതല്‍ അനുവദനീയമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

∙ ഗൂഗിളിന്റെ ആദ്യ മടക്കാവുന്ന ഫോണ്‍ പിക്‌സല്‍ നോട്ട്പാഡ്

 

internet-

ഗൂഗിള്‍ പിക്‌സല്‍ നോട്ട്പാഡ് എന്ന പേരില്‍ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട് ഫോണ്‍ ഇറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. കുറച്ചു കാലമായി ഇത്തരം പ്രചാരണങ്ങള്‍ നിലവിലുണ്ട്. നോട്ട്ബുക്ക്‌ചെക്കിന്റെ റിപ്പോര്‍ട്ട്പ്രകാരം മടക്കാവുന്ന ഗൂഗിള്‍ ഫോണ്‍ മറ്റു പിക്‌സല്‍ മോഡലുകള്‍ക്കൊപ്പം ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കും. അതേസമയം, ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഫോണിന്റെ നിര്‍മാണം തുടങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ്3യേക്കാള്‍ വലുപ്പക്കുറവായിരിക്കും ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണിന് എന്നും കരുതപ്പെടുന്നു. മികച്ച സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ഉണ്ടായേക്കാവുന്ന ഫോണിന് ഏകദേശം 1399 ഡോളര്‍ വിലയും പ്രതീക്ഷിക്കുന്നു.

 

∙ 15 മിനിറ്റു നേരത്തെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി ഡിലീറ്റു ചെയ്യാം

 

ഒരാള്‍ നടത്തുന്ന ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ഹിസ്റ്ററി മറ്റുള്ളവര്‍ കാണുന്നത് പല അവസരങ്ങളിലും അത്ര നല്ല കാര്യമായിരിക്കില്ല. ഗൂഗിളിന്റെ ഐഒഎസ് ആപ്പില്‍ ഒരാള്‍ നടത്തിയ കഴിഞ്ഞ 15 മിനിറ്റു നേരത്തെ ഹിസ്റ്ററി ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. പല രാജ്യങ്ങളിലെയും ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലും ഇത് എത്തിത്തുടങ്ങി. താന്‍ സ്വകാര്യമായി നടത്തിയ കഴിഞ്ഞ 15 മിനിറ്റു നേരത്തെ സേര്‍ച്ച് ഹിസ്റ്ററിയാണ് പുതിയ ഫീച്ചര്‍ വഴി ഡിലീറ്റു ചെയ്യാന്‍ സാധിക്കുക. അതിനു മുൻപുള്ള ഹിസ്റ്ററി നിലനിര്‍ത്തണമെന്ന് താത്പര്യമുള്ളവര്‍ക്കാണ് പുതിയ ഫീച്ചര്‍ ഗുണകരമാകുക. എല്ലാ സേര്‍ച്ച് ഹിസ്റ്ററിയും നീക്കം ചെയ്യാനുള്ള അവസരം നേരത്തേ നിലവിലുണ്ട്. കഴിഞ്ഞ 15 മിനിറ്റിനുള്ളില്‍ നടത്തിയ സ്വകാര്യ സേര്‍ച്ച് മാത്രം ഡിലീറ്റു ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു നോക്കാം:

 

1. ഐഒഎസിലെയോ ആന്‍ഡ്രോയിഡിലെയോ ഗൂഗിള്‍ ആപ് തുറക്കുക

2. ആപ്പിന്റെ മുകളില്‍ വലതു വശത്തായി കാണാവുന്ന പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്കു ചെയ്യുക

3. ഡിലീറ്റ് ലാസ്റ്റ് 15 മിനിറ്റ്‌സ് എന്ന് എഴുതിവച്ചിരിക്കുന്നതില്‍ ക്ലിക്ക് ചെയ്യുക

 

∙ ഗൂഗിള്‍ ഇന്റര്‍നെറ്റ് ആഫ്രിക്കയില്‍, ഇരട്ടി സ്പീഡ്!

 

കടലിനടിയിലൂടെയുള്ള ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ആഫ്രിക്കന്‍ തീരത്തെത്തി. ടോഗോയിലാണ് കേബിളുകള്‍ എത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ഉപയോക്താക്കള്‍ക്ക് ഇരട്ടി ഇന്റര്‍നെറ്റ് സ്പീഡാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ചെലവു കുറച്ച് ഇന്റര്‍നെറ്റ് കൂടുതല്‍ പേരിലെത്തിക്കാനുള്ള ശ്രമവും ഈ നീക്കത്തിനു പിന്നിലുണ്ട്. പുതിയ ലൈന്‍ നൈജീരിയ, നമീബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എത്തും. 

 

ലോകത്ത് ഏറ്റവും ഇന്റര്‍നെറ്റ് പ്രവേശനം കുറവുള്ള പ്രദേശമായാണ് സബ്-സഹാറന്‍ ആഫ്രിക്ക അറിയപ്പെടുന്നത്. ഗൂഗിളിന്റെ കേബിള്‍ ഇന്റര്‍നെറ്റിനു നല്‍കേണ്ട വില 2025 ആകുമ്പോഴേക്ക് 14 ശതമാനം കുറച്ചേക്കുമെന്നും പറയുന്നു. ഈ കേബിള്‍ സിസ്റ്റം ടോഗോയില്‍ 2025നു മുൻപ് പുതിയ 37,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, രാജ്യത്തിന്റെ ജിഡിപിക്ക് 193 ദശലക്ഷം ഡോളര്‍ വര്‍ധന ലഭിക്കുമെന്നും ആഫ്രിക്കന്‍ പ്രാക്ടീസ് ആന്‍ഡ് ജീനിസിസ് അനലറ്റിക്‌സ് വിലയിരുത്തുന്നു.

 

English Summary: Google rolling out age verification on YouTube, Play Store in Australia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com