ഏറ്റവും പഴക്കമുള്ള എൻജിനീയറിങ് ബ്രാഞ്ചാണ് സിവിൽ എൻജിനീയറിങ്. ഒരു പുഴയ്ക്കു കുറുകെ ഒരു തടിക്കഷണം വച്ച് ആദ്യത്തെ പാലമുണ്ടാക്കിയ ആളും ആദ്യമായി ഒരു കുടിൽ കെട്ടിയ ആളും ചരിത്രത്തിലെ ആദ്യത്തെ എൻജിനീയർമാർ എന്നു വിളിക്കപ്പെടേണ്ടവരാണ്. നമുക്കു ചുറ്റമുള്ള മിക്കവാറും എല്ലാം നിർമിതികളുടെ പുറകിലും ഒരു സിവിൽ എൻജിനീയറുടെ കയ്യൊപ്പുണ്ട്. വീടുകൾ, വൻകിട കെട്ടിടസമുച്ചയങ്ങൾ, പാലങ്ങൾ, റോഡുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയെല്ലാം രൂപകൽപന ചെയ്യുന്നതും നിർമിക്കുന്നതുമെല്ലാം ഒരു സിവിൽ എൻജിനീയറുടെ ജോലിയാണ്.