കൊച്ചി വാട്ടർ മെട്രോ, വെറും 20 രൂപയ്ക്ക് ഒരു ലക്ഷ്വറി ബോട്ട് യാത്ര; വിഡിയോ
Mail This Article
സർവീസ് ആരംഭിച്ച ദിവസം മുതൽ വാർത്തകളിലെ താരമാണ് വാട്ടർ മെട്രോ. സെലിബ്രിറ്റികൾ മുതൽ കട്ട ലോക്കൽ വ്ലോഗർമാർ വരെ പാടിപ്പുകഴ്ത്തുന്ന വാട്ടർ മെട്രോ എന്താണ് ശരിക്കുള്ള സംഭവമെന്ന് അറിയാൻ നേരെ കൊച്ചിയിലേക്ക് വിട്ട രണ്ട് വാർത്താകുതുകികളുടെ നേരനുഭവങ്ങളുടെ ചൂടാറാത്ത യാത്രവിവരണത്തിലേക്ക് എല്ലാ വായനക്കാർക്കും സുസ്വാഗതം!
ചലോ കൊച്ചി
കേട്ടറിഞ്ഞ വാട്ടർ മെട്രോയെ കണ്ടറിയാൻ ഞങ്ങൾ നേരെ വണ്ടി പിടിച്ചു കൊച്ചിയിലെത്തി. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും വൈപ്പിൻ വരെ സർവീസ് നടത്തുന്ന വാട്ടർ മെട്രോ പിടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുലുക്കി സർബത്തുകൾക്കു പേരു കേട്ട സർബത്ത് സ്ട്രീറ്റ് കടന്നു നേരെ വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ടെർമിനലിലേക്ക്. മറൈൻ ഡ്രൈവിന്റെ അറ്റത്ത് തലയെടുപ്പോടെ നിൽക്കുന്ന ആ ടെർമിനൽ കണ്ടാൽ തന്നെ ആരും ഫോട്ടോ എടുത്തു പോകും. ഇന്റർനാഷണൽ ലുക്കും ന്യൂജെൻ വൈബും.
കയറി ചെല്ലുമ്പോൾ തന്നെ ടിക്കറ്റ് കൗണ്ടർ കാണാം. ഹൈക്കോടതി ടെർമിനലിൽ നിന്ന് വൈപ്പിൻ വരെയാണ് സർവീസ്. ടിക്കറ്റ് നിരക്ക് 20 രൂപ. ഒരു വശത്തേക്കാണ് ഈ നിരക്ക്. ടിക്കറ്റെടുത്ത് നേരെ അകത്തേക്ക് കയറി. രാവിലെ ആയതിനാൽ തിരക്കായി വരുന്നതേയുള്ളൂ. യൂണിഫോമിട്ടു നിൽക്കുന്ന ഇവരെ കണ്ടപ്പോൾ ക്ലാസ് കട്ട് ചെയ്തു വന്ന കോളജ് വിദ്യാർത്ഥികളാണെന്ന് തെറ്റിദ്ധരിച്ചോ? തെറ്റിദ്ധരിക്കരുത് ഗയ്സ്... ഇവർ വാട്ടർ മെട്രോയുടെ സ്റ്റാഫാണ്. യാത്രക്കാർക്ക് എല്ലാ സഹായത്തിനും തൊട്ടടുത്ത് ഇവരുണ്ടാകും.
സ്മാർട്ട് കാർഡ് പോലെയുള്ള ടിക്കറ്റ് ഉപയോഗിച്ച് അകത്തു കടന്നു. അടുത്ത ബോട്ടിന്റെ സമയം അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് കേൾക്കാം. യാത്രക്കാർക്ക് ബോട്ട് കാത്തിരിക്കാൻ വിശാലമായ ഇടം വാട്ടർ മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. 'ഫുട്ബോൾ കളിക്കാൻ സ്ഥലമുണ്ടല്ലോ... അങ്ങോട്ട് കേറി നിൽക്ക്' എന്ന് ലോക്കൽ ബസിലെ കിളി പറയുന്നതു പോലെയല്ല. പത്തു നൂറാളുകൾ ഒരുമിച്ചു വന്നാലും കൂളായി നിൽക്കാനുള്ള ഇടം ടെർമിനലിലുണ്ട്.
സ്റ്റൈലാണ് യാത്ര
കൃത്യസമയത്തു തന്നെ ബോട്ടെത്തി. വരി വരിയായി എല്ലാവരും ബോട്ടിലേക്ക്. ബോട്ടിനകത്ത് ജോലി ചെയ്യുന്നവർ കറുപ്പും വെള്ളയും നിറത്തിലുള്ള യൂണിഫോമിലാണ്. കാണുമ്പോൾ തന്നെ ഒരു ഇന്റർനാഷണൽ ഫീൽ! പുറത്തു മാത്രമല്ല, വാട്ടർ മെട്രോ അകക്കാഴ്ചയിലും സൂപ്പറാണ്. കൊച്ചി മെട്രോയുടെ അതേ കളർ തീമിലാണ് വാട്ടർ മെട്രോയുടെ ഇന്റീരിയറും സെറ്റ് ചെയ്തിരിക്കുന്നത്. 50 പേർക്ക് സുരക്ഷിതമായി ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാനുള്ള സൗകര്യം ബോട്ടിലുണ്ട്. നൂറിൽ കൂടുതൽ പേരെ ഒരു കാരണവശാലും ബോട്ടിൽ കയറ്റില്ല. വെയിലു കൊള്ളാതെ, പൊടിയടിക്കാതെ, കാറ്റടിക്കാതെ എസിയുടെ കുളിർയിൽ ഒരു പരിസ്ഥിതി സൗഹൃദ റൈഡ്!
തിരക്ക് കുറവായതിനാൽ വിൻഡോ സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. പുറത്തേക്കു നോക്കിയാൽ കൊച്ചിയുടെ പനോരമിക് വ്യൂ! അന്നയും റസൂലും സിനിമയിലെ പാട്ടാണ് പെട്ടെന്ന് മനസിലേക്ക് വന്നത്.
കായലിനരികെ
കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്ത് നില്‍ക്കും കമ്പനികള്‍
കായലിനരികെ ഈ കയലിനരികെ
മനസിലങ്ങനെ പാട്ടും പാടി കാഴ്ച കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് എന്നെപ്പോലെ വിൻഡോ സീറ്റിൽ കാഴ്ചകൾ ആസ്വദിച്ചു നിൽക്കുന്ന മറ്റൊരു കക്ഷി ശ്രദ്ധയിൽ പെട്ടത്. നേരെ പോയി പരിചയപ്പെട്ടു. കണ്ണൂർ നിന്നു കൊച്ചിയിൽ ഔദ്യോഗിക ആവശ്യത്തിനായി വന്നതാണ് ജിതേഷ്. വാട്ടർ മെട്രോയെക്കുറിച്ച് കേട്ടറിഞ്ഞത് നേരിട്ടറിയാൻ ഞങ്ങളെപ്പോലെ വന്നതായിരുന്നു അദ്ദേഹവും. കൊച്ചിയിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിൽ പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വാട്ടർ മെട്രോ നൽകുന്ന അനുഭവം ഒരിക്കലും താരതമ്യം പോലും ചെയ്യാൻ കഴിയില്ലെന്ന് ജിതേഷ് പറയുന്നു.
"ചെറിയ ചതുരത്തിലുള്ള ജാലകത്തിലൂടെയുള്ള കാഴ്ചകളായിരുന്നു ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിലേത്. ഇതിപ്പോൾ വലിയൊരു ജാലകമാണ്. മുമ്പും ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്നും കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയിട്ടില്ല. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ ചിലപ്പോൾ അത്ര വൃത്തി കാണില്ല. സുഖകരമല്ലാത്ത മണം ഉണ്ടാകും. മെട്രോ വന്നപ്പോൾ പുതിയൊരു സംസ്കാരം വന്ന പോലെയാണ്. നല്ല വൃത്തിയുള്ള ബോട്ടുകൾ. കേരളത്തിന്റെ വികസന കുതിപ്പിന്റെ പുതിയ സംസ്കാരമാണ് വാട്ടർ മെട്രോ," ജിതേഷ് പറയുന്നു.
ഒന്നൂടെ റൈഡ് ആയാലോ?
യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടതെല്ലാം ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫ്ലൈറ്റിലേതിന് സമാനമായി സീറ്റിന് അടിയിൽ ലൈഫ് ജാക്കറ്റ് ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഇവ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന വിഡിയോയും ബോട്ടിൽ കാണാം. വാട്ടർ മെട്രോ വന്നതോടെ കൊച്ചിയിലെ ബോട്ടുയാത്ര ശരിക്കും സ്റ്റൈലിഷ് ആയെന്നു പറയാം. യാത്രക്കാരോട് ഏറെ ഊഷ്മളതയോടെ പെരുമാറുന്ന സ്റ്റാഫ് തന്നെയാണ് ഈ യാത്രയുടെ രസം. കഴിഞ്ഞ ദിവസം വൈപ്പിനിൽ ഉണ്ടായ ചാകരയുടെ വിഡിയോസ് ഒക്കെ അവരിലൊരാൾ കാണിച്ചു തന്നു. വാട്ടർ മെട്രോയിൽ നിന്നുള്ള കായൽ കാഴ്ചകൾ ഒന്നും വിടാതെ പകർത്തുന്നത് കണ്ട് മെട്രോ സ്റ്റാഫിലൊരാൾ പറഞ്ഞു, കാക്കനാട് മെട്രോയിൽ പോയാൽ വേറെ ലെവൽ കാഴ്ചകൾ കാണാമെന്ന്! തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് പോലെ മൊബൈലിൽ നിന്ന് കാക്കനാട് മെട്രോയിൽ നിന്നുള്ള ഒന്നു രണ്ടു വിഡിയോയും കാണിച്ചു! അതോടെ ഒന്നുറപ്പിച്ചു... അടുത്ത ഡെസ്റ്റിനേഷൻ വൈറ്റില!
20 മിനിറ്റ് നീണ്ടു നിന്ന ഹൈക്കോർട്ട് വൈപ്പിൻ യാത്ര കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. വാട്ടർ മെട്രോയിൽ എസിയിൽ ഒക്കെ ഇരുന്നതല്ലേ, ഒരു ചായ കുടിച്ചിട്ടാകാം അടുത്ത കറക്കം. കുലുക്കി സർബത്തുകളുടെ പ്രലോഭനങ്ങളെ ചായ കൊണ്ട് നിലംപരിശാക്കി, കൂടെയൊരു ഇലയടയും കൂടി കഴിച്ചതിനു ശേഷം ഞങ്ങൾ നേരെ വൈറ്റിലയിലേക്ക് വച്ചു പിടിച്ചു.
ബസ്, ട്രെയിൻ ഇനി വാട്ടർ മെട്രോയും
വൈറ്റില ഹബിൽ തന്നെയാണ് വാട്ടർ മെട്രോ ടെർമിനലും. അതായത്, ബസ് പിടിക്കാനും ട്രെയിൻ പിടിക്കാനും ഇനി ബോട്ടു പിടിക്കാനും വൈറ്റില ഹബിൽ വന്നാൽ മതിയെന്നു ചുരുക്കം. 10 മണി കഴിഞ്ഞതിനാൽ അത്യാവശ്യം തിരക്കുണ്ട്. കാക്കനാട് വരെയുള്ള യാത്രയ്ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് നേരെ ബോട്ടിലേക്ക്. നിറയെ യാത്രക്കാർക്കൊപ്പമാണ് ഈ യാത്ര. വൈപ്പിനിലേക്കുള്ള യാത്രയിൽ മോഹിപ്പിച്ചത് കായൽ കാഴ്ചകളാണെങ്കിൽ കാക്കനാട് റൂട്ടിൽ നിങ്ങളെ രസിപ്പിക്കുക ഗ്രാമീണ കാഴ്ചകളാണ്. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ചുറ്റിയടിക്കുമ്പോൾ കാണുന്ന കാഴ്ചയുടെ ഒരു മിനി വേർഷൻ! എന്തായാലും സംഭവം കളറാണ്.
പലരും ഫോണിലും ക്യാമറയിലുമൊക്കെ വാട്ടർ മെട്രോ യാത്രയുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. കുടുംബത്തോടൊപ്പം വാട്ടർ മെട്രോ കാണാനെത്തിയവരും ഉണ്ട് കൂട്ടത്തിൽ. മലപ്പുറത്തു നിന്നാണ് അസ്ജദിന്റെ വരവ്. സംഗതി സൂപ്പറാണെന്ന് അസ്ജദ് പറയുന്നു. എല്ലാവർക്കും വാട്ടർ മെട്രോയെക്കുറിച്ച് പറയാൻ നൂറു നാവ്! ഞങ്ങളെപ്പോലെ യാത്രയുടെ ഓരോ നിമിഷങ്ങളും ക്യാമറയിൽ പകർത്തിയ ബിനു മാധവനെ കാക്കനാട് യാത്രയിൽ പരിചയപ്പെട്ടു. വാട്ടർ മെട്രോയെക്കുറിച്ചു ചോദിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു, 'നല്ല രസമാണ് ഈ യാത്ര. ഒരു യൂറോപ്യൻ ഫീൽ'!
കൊച്ചി മെട്രോ പോലെ വാട്ടർ മെട്രോയും ഭിന്നശേഷി സൗഹൃദമാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ട്. രാവിലെ ഏഴു മുതൽ വൈകീട്ട് 8 വരെയാണ് സർവീസ്.
കാക്കനാട് ഇൻഫോ പാർക്കിനടുത്താണ് വാട്ടർ മെട്രോ ടെർമിനൽ. 25 മിനിറ്റെടുക്കും വാട്ടർ മെട്രോയിൽ വൈറ്റിലയിൽ നിന്ന് കാക്കനാട് എത്താൻ. കാക്കനാട് നിന്നു ഇലക്ട്രിക് ഫീഡർ ഓട്ടോ ലഭിക്കും. ന്യായമായ നിരക്കിൽ ഇതിൽ യാത്ര ചെയ്യാം. ഡിജിറ്റൽ പേയ്മെന്റിനുള്ള സൗകര്യവുമുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ കൊച്ചി ചുറ്റിയടിക്കാൻ ഇനി വാട്ടർ മെട്രോയിൽ കയറിയാൽ മതി. പോക്കറ്റ് കീറാതെ ഏറ്റവും സുഖകരമായി ഒരു ഫീൽ ഗുഡ് യാത്ര!
Content Summary : Luxury boat ride, High Court to Vypin and Vytila to Kakkanadu routes are active which provide two enthralling experience of Kochi.