ബുള്ളറ്റ് ട്രെയിൻ യാത്രാനുഭവം
Mail This Article
ഭാരത സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന ശാസ്ത്രജ്ഞൻമാരുടെ റഷ്യൻ പഠന പര്യടന യാത്രാനുഭവവുമായി ഡോ. മനോജ് സാമുവൽ.
മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ യാത്ര തുടങ്ങാറായി. വിനോദും ശർമയും മെഹറും നായക് സാറും മറ്റും സീറ്റുകളിൽ ഇരുന്നു കഴിഞ്ഞിരുന്നു. മെഹറിന്റെ പെട്ടികൾ ബോഗിയുടെ മുൻ ഭാഗത്തെ ലഗേജ് ഏരിയയിൽ ആണ് വച്ചത്, ഞങ്ങളൊക്കെ വിമാനത്തിലെപ്പോലെ, മുകളിലുള്ള, അടയ്ക്കാൻ പറ്റുന്ന കേബിനേറ്റുകളിലാണ് വച്ചത്. മെഹറിന്റെ രണ്ട് സ്യുട്ട്കേസുകളും വലുതാണ്, ഒന്നിൽ മുഴുവനും മേക്കപ്പ് സാധനങ്ങളാണെന്നാണ് ഞങ്ങൾ തമാശ പറഞ്ഞിരുന്നത്.
ഇരുപത്തിമൂന്നു പേരുടെ ടീം ആണ് പത്തു ദിവസത്തെ റഷ്യൻ പഠന പര്യടനത്തിനു പുറപ്പെട്ടത്. ഭാരത സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന ശാസ്ത്രജ്ഞൻമാരുടെ പഠന സംഘത്തിന് നേതൃത്വം നൽകിയിരുന്നത് അന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ദ്രജിത് സിങ് ഐഎഎസ് ആയിരുന്നു. അഞ്ചു ദിവസം മോസ്കോയിലെയും ഡുബ്നയിലെയും മറ്റും യൂണിവേഴ്സിറ്റികളിലും ഗവേഷണ സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയതിനു ശേഷമാണ് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള യാത്ര. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ശാസ്ത്ര ഡെലിഗേഷൻ ആയിരുന്നതിനാലും മുൻകൂട്ടി അനുവാദം തേടിയിരുന്നതിനാലും റഷ്യയിലെ ഇന്ത്യൻ കോൺസുലറ്റിലെ പ്രതിനിധി എപ്പോഴും കൂടെ ഉണ്ടായിരുന്നതിനാലും നല്ല സ്വീകരണമാണ് എല്ലായിടത്തും ലഭിച്ചത്.
അമേരിക്കയുടെയോ യൂറോപ്പിന്റെയോ പല മടങ്ങ് ശാസ്ത്ര പുരോഗതി മുൻപേ തന്നെ കൈവരിച്ച റഷ്യ നൊബേൽ സമ്മാനങ്ങളുടെയും ശാസ്ത്ര പ്രബന്ധങ്ങളുടെയും എണ്ണത്തിൽ അല്പം പിന്നിൽ പോയത് റഷ്യൻ ജനതയുടെയും ഭരണകൂടത്തിന്റെയും അടഞ്ഞ സമീപനവും നയങ്ങളും കാരണമായിരുന്നു. പക്ഷേ യുഎസ്എസ്ആറിന്റെ പതനത്തിന് ശേഷം റഷ്യൻ ശാസ്ത്രമേഖല കൂടുതൽ തുറന്നതും ജനകീയവും ആയി മാറി എന്നതാണ് യാഥാർഥ്യം. മോസ്‌കോയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രവും (യുഎസിന്റെ നാസയ്ക്ക് തുല്യമായ) ഡുബ്നയിലെ (ആവർത്തന പട്ടികയിലെ 105 ആം നമ്പർ മൂലകമായ ഡുബ്നിയം ഇവിടുത്തെ സംഭാവനയാണ് ) ന്യൂക്ലിയർ ഗവേഷണ കേന്ദ്രവും സന്ദർശിച്ചപ്പോൾ പഴയ സോവിയറ്റ് യൂണിയന്റെ തിരുശേഷിപ്പുകളും ബാക്കിപത്രങ്ങളും നഷ്ടപ്പെടാതെ സൂക്ഷിച്ചു വച്ചിരിക്കുന്നത് കണ്ടു.
CCCP എന്ന് ആദ്യം കണ്ടത് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇംഗ്ലിഷ് മാസിക ‘സോവിയറ്റ് യൂണിയനി’ൽ ആയിരുന്നു. ഭംഗിയുള്ള ചിത്രങ്ങളും തിളങ്ങുന്ന കടലാസും ആയിരുന്നു സോവിയറ്റ് യൂണിയൻ മാസികയുടെ പ്രധാനാകർഷണം. റഷ്യൻ സംസ്കാരത്തെക്കുറിച്ചും യൂണിയനെക്കുറിച്ചും കൂടുതൽ അറിഞ്ഞത് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് നാട് എന്ന മാസികയിലൂടെയും ആയിരുന്നു. പിന്നെ റഷ്യൻ പെൺകുട്ടി നടാഷയും അവളുണ്ടാക്കിയ മഞ്ഞു മനുഷ്യനും പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകങ്ങളിലൂടെ തൊള്ളായിരത്തി എഴുപതിന്റെ അവസാനത്തിലും എൺപതിന്റെ തുടകത്തിലും സ്കൂൾ പഠനം നടത്തിയ ഒരു തലമുറയുടെ കളിക്കൂട്ടുകാരായി മാറി. അത് ഒരു കാലം..
850 കിലോമീറ്റർ ആണ് മോസ്‌കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗ് വരെയുള്ള ദൂരം. ബുള്ളറ്റ് ട്രെയിനിനു 3.5 മണിക്കൂർ മതി ഓടിയെത്താൻ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗം. ഇത് നടക്കുന്നത് 2014 ലാണ്, കഴിഞ്ഞ എട്ടു വർഷം കൊണ്ട് ട്രെയിൻ പുതിയ വേഗമാപിനികളെ വച്ചു കാണണം. വേഗത്തിലും എളുപ്പത്തിലും ഉള്ള ഗതാഗത സംവിധാനങ്ങൾ എല്ലാ വികസിത പ്രദേശങ്ങളിലും കാണാം. ഏറിയ ജനസാന്ദ്രതയും വാഹന പെരുപ്പവും ഒച്ചിഴയുന്ന റോഡുകളും മെച്ചമല്ലാത്ത ഇടുങ്ങിയ വഴിത്താരകളും ഒക്കെ പ്രദേശത്തെ പിന്നോട്ടടിപ്പിക്കും എന്നു മാത്രമല്ല ഭാവി തലമുറയോടുള്ള കരുതലില്ലായ്മയും ആണ്. ഏറുന്ന വാഹങ്ങൾക്കൊപ്പം നമ്മുടെ കാർബൺ ബഹിർഗമനവും കൂടുന്നു എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. പക്ഷേ അമേരിക്കയിലോ യൂറോപ്പിലോ റഷ്യയിലോ ഒക്കെ കാണാൻ കഴിഞ്ഞത് പരിസ്ഥിതിക്ക് കഴിയുന്നതും കോട്ടം വരുത്താതെയാണ് വൻ വികസന പദ്ധതികളൊക്കെ നടപ്പാക്കിയിരിക്കുന്നത് എന്നാണ് . വികസനവും പരിസ്ഥിതിയും പരസ്പര വൈരികളല്ല, പൂരകങ്ങളാണെന്ന തിരിച്ചറിവാണ് വേണ്ടത്.
ശരവേഗത്തിൽ ആണ് തീവണ്ടി പോകുന്നത്. നിമിഷാർധത്തിൽ മാഞ്ഞുപോകുന്ന കെട്ടിടങ്ങളും സസ്യജാലങ്ങളും. പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും നാട്ടിലേക്കാണ് യാത്ര. റഷ്യൻ വിപ്ലവം പിറന്ന മണ്ണ്. ലെനിൻഗ്രാഡ് എന്നാണ് വിഭജനത്തിന് മുമ്പ് അറിയപ്പെട്ടിരുന്നത് എങ്കിലും സെന്റ് പീറ്റേഴ്സ് ബർഗ് എന്ന പുരാതന നാമം തന്നെയാണ് ഇപ്പോൾ നഗരത്തിന്. കണ്ണുചിമ്മും മുമ്പ് മാഞ്ഞുപോകുന്ന പാതയോര കാഴ്ചകൾ ബോറടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സീറ്റിന് മുൻപിലെ മാഗസിൻ ട്രാക്കിൽ ഏതാനും മാഗസിനുകൾ അടുക്കി വച്ചിരിക്കുന്നു. റഷ്യൻ റെയിൽവേയുടെ ഒരു സിഗ്നേച്ചർ മാഗസിൻ ആണ് അതിൽ ഏറ്റവും വലുത്. എടുത്തു മറിച്ചു നോക്കി, മനോഹരമായ ചിത്രങ്ങൾ, രൂപകൽപ്പന. ചില പേജുകൾ റഷ്യൻ ഭാഷയിലാണ്. ചിലവ ഇംഗ്ലിഷിലും. പെട്ടന്ന് ഒരു പേജിൽ നമ്മുടെ തെയ്യത്തിന്റെ പടം കണ്ടു. ആകാംക്ഷയോടെ വായിച്ചുനോക്കി. ഇന്ത്യയുടെ തെക്കുള്ള സംസ്ഥാനമായ കേരളത്തിലെ പ്രാചീനമായ ഒരു കലാരൂപത്തെക്കുറിച്ചാണ് അതിൽ വിവരിച്ചിരിക്കുന്നത്. സന്തോഷവും അഭിമാനവും തോന്നി. ലോകത്തിന്റെ മറ്റൊരു ഭാഗത്തിരുന്നു നാട്ടിലെ സാംസ്കാരിക തനിമയെ കുറിച്ച് വായിക്കുക. സന്തോഷം, അഭിമാനം.
കൃത്യ സമയത്തു തന്നെ ട്രെയിൻ സെന്റ് പീറ്റേഴ്സ്ബർഗിൽ എത്തി. വൃത്തിയുള്ളതും മനോഹരവുമായ സ്റ്റേഷൻ. അധികം ദൂരയില്ലാത്ത ഹിൽട്ടൻ ഹോട്ടലിൽ ആയിരുന്നു താമസം ക്രമീകരിച്ചിരുന്നത്.
അടുത്ത ദിവസം സെന്റ് പീറ്റേഴ്സ്ബർഗ് മാരിടൈം യൂണിവേഴ്സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. 1899 ൽ ആരംഭിച്ച ലോകത്തെ ആദ്യത്തെ നാവിക യൂണിവേഴ്സിറ്റിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികളുണ്ട്, എഴുന്നൂറ്റി അമ്പതിനടുത് അധ്യാപകർ. യൂറോപ്യൻ വസ്തുവിദ്യയിൽ തീർത്ത കൂറ്റൻ മനോഹര നിർമിതി. യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ ഒരു വലിയ കപ്പലിൽ കയറിയ പ്രതീതി. വിദ്യാർഥികളും അധ്യാപകരും എല്ലാം നാവിക വേഷങ്ങളിലാണ്. യഥാർഥ കടലിനെ പുനർസൃഷ്ടിച്ചുള്ള ഒരു അതിവിശാല ലബോറട്ടറിയും കണ്ടു. ജലയാനങ്ങളുടെ നീക്കവും വേഗവും മറ്റു ഹൈഡ്രോ ഡൈനാമിക് പഠനങ്ങളും നടത്താനാണിത്. എല്ലാവരും പൊതുവേ ഗൗരവ പ്രകൃതിക്കാരാണെന്നു തോന്നി. പക്ഷേ ഇംഗ്ലിഷ് നന്നായി സംസാരിക്കുന്ന യൂണിവേഴ്സിറ്റി പിആർഒ ആയ പെൺകുട്ടി ആ ഗൗരവം എല്ലാം അലിയിച്ചു കളഞ്ഞു.
കനാലുകൾ ഏറെയുള്ള നഗരമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. മനോഹരമായ ജല ഗമന -നിർഗമന പാതകൾ. ബോട്ടുകളും ചെറു കപ്പലുകളും ഓളപ്പരപ്പിൽ തെന്നി നീങ്ങുന്ന കാഴ്ച അതിമനോഹരം. നമ്മുടെ നാട്ടിലെ കനാലുകളും തോടുകളും വൃത്തിയാക്കി വീതി കൂട്ടി ജലഗതാഗത ശൃംഖല തുടങ്ങാൻ കഴിഞ്ഞാൽ അത് ഗതാഗതം, ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നീ മൂന്ന് മേഖലകളിലും വൻ കുതിച്ചു ചാട്ടത്തിന് ഇടയാക്കും എന്നത് ഉറപ്പ്.
പിന്നെയും രണ്ടു മൂന്ന് സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദർശിച്ചു കഴിഞ്ഞപ്പോൾ വൈകുന്നേരമായി. രാത്രിയിൽ സോളിന്ഖാ, ഉഖാ എന്നീ സൂപ്പ് വിഭവങ്ങളും പിരോഴ്ഖിയും ഷഷ്‌ലിക് കബാബും ഒക്കെ കൂടിയ റഷ്യൻ ഡിന്നർ രുചിയോടെ കഴിച്ചു. അടുത്ത ദിവസമാണ് അദ്ഭുതങ്ങൾ ഒളിപ്പിച്ച ഹെർമിറ്റേജ് മ്യൂസിയം സന്ദർശിക്കുന്നത്. നല്ല തണുപ്പ്, നേരത്തെ ഉറങ്ങി.
ലോകത്തെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം ആണ് പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹെർമിറ്റേജ്. അമൂല്യമായ കലാ വസ്തുക്കളും പെയിന്റിങ്ങുകളും ശില്പങ്ങളും. സാർ ചക്രവർത്തിമാരുടെ വിലമതിക്കാനാവാത്ത അനേകം രത്നകല്ലുകളും ആഭരണങ്ങളും. ഒരു ദിവസം മുഴുവൻ വേണം കണ്ടു തീർക്കാൻ.
ഹെർമിറ്റേജിനു മുൻപിൽ നീണ്ട നിര. ജപ്പാനിൽനിന്നും പഴയ സോവിയറ്റ് യൂണിയനിൽനിന്നു വിഘടിച്ചു മാറിയ രാജ്യങ്ങളിൽ നിന്നുമാണ് സഞ്ചാരികളിൽ ഏറെയും. തൊട്ടു മുൻപിൽ നിൽക്കുന്ന മൂന്നുനാല് മധ്യ വയസ്കകൾ ഏതോ പാട്ട് അജ്ഞാത ഭാഷയിൽ താളമൊപ്പിച്ചു രസകരമായി പാടുന്നുണ്ട്. പരിചയപ്പെടാൻ ശ്രമിച്ചു. അവർക്ക് കുറച്ചൊക്കെ ഇംഗ്ലിഷ് അറിയാമെന്നു തോന്നുന്നു. ഉസ്ബക്കിസ്ഥാനിൽ നിന്നാണ്. ഇന്ത്യയിൽനിന്ന് ആണെന്ന് പറഞ്ഞപ്പോൾ അമിതാഭ് ബച്ചനെക്കുറിച്ചായി അന്വേഷണം. പഴയ സോവിയറ്റ് യൂണിയൻ രാജ്യക്കാർക്ക് ഇന്ത്യക്കാരോട് ഒരു പ്രത്യേക സ്നേഹവും പരിഗണനയും ഉള്ളതായി തോന്നി. അവർ പറഞ്ഞതനുസരിച്ച്, വിഘടിച്ചു പോയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റഷ്യയിലേക്ക് വരാനും സന്ദർശനം നടത്താനും പ്രത്യേക അനുവാദവും പാക്കേജും ഒക്കെയുണ്ട്.
റഷ്യ -യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സാംസ്‌കാരിക വിനിമയ പരിപാടികൾക്കൊക്കെ ഇപ്പോൾ എന്ത് പറ്റിയിട്ടുണ്ടോ ആവോ. എന്തിന്റെ പേരിലായാലും ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ ആക്രമിക്കുന്നത് തെറ്റ് തന്നെയാണ്, റഷ്യയായാലും അമേരിക്കയായാലും.
പ്രവേശനകവാടത്തിൽത്തന്നെ തരുന്ന ഇയർ ഫോൺ ഘടിപ്പിച്ച ചെറിയ ഉപകരണം നമ്മെ മ്യൂസിയത്തിന്റെ വിവിധയിടങ്ങളിലേക്ക് ശരിയാംവണ്ണം ആനയിക്കുകയും പ്രദർശന വസ്തുക്കളെ കുറിച്ച് റഷ്യൻ, ഇംഗ്ലിഷ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ വിവരിച്ചു തരികയും ചെയ്യും. മൂന്ന് ദശലക്ഷം ശേഖരണങ്ങൾ ഉള്ള ഈ പൗരാണിക സംസ്കാരത്തിന്റെ മഹാപ്രപഞ്ചത്തിൽ വർഷം തോറും സന്ദർശകരായത്തുന്നത് പതിനേഴു ലക്ഷത്തിനടുത്തു സഞ്ചാരികളാണ്. മൈക്കൽ അഞ്ജലോയുടെയും ഡാവിഞ്ചിയുടെയും റഫലിന്റെയും തനത് സൃഷ്ടികൾ ഇവിടെ കാണാം. ഹെർമിറ്റേജിലെ അകത്തളങ്ങളും കോണിപ്പടികളും അതിലെ കൊത്തുപണികളും ചില്ലു ജാലകങ്ങളും തൂക്കു വിളക്കുകളും ഒക്കെത്തന്നെ നമ്മെ അമ്പരിപ്പിക്കും. ഈ ബൃഹദ് സാഗരത്തിലെ ഒരു കാഴ്ചവസ്തുവിന് ഒരു മിനിറ്റ് എന്ന കണക്കിന് ഒരു ദിവസം എട്ടു മണിക്കൂർ ചോലവഴിച്ച് ഈ മ്യൂസിയം മുഴുവനും കണ്ടു തീർക്കാൻ ഒരാൾക്ക് ഏകദേശം പതിനഞ്ച് വർഷം വേണ്ടി വരും എന്നതാണ് കണക്ക്. ചരിത്രം ഉറങ്ങുന്ന ഈ അമൂല്യ ശേഖരം ജീവിതത്തിലെ മികച്ച അനുഭവമാകുമെന്നതു തീർച്ച.
റഷ്യൻ വസ്തുവിദ്യയുടെ മനോഹര പ്രതീകമായ പതിനെട്ടാം നൂറ്റാണ്ടിലെ 'ചിന്തിയ രക്തത്തിലെ രക്ഷകൻ' പള്ളിയും, സെന്റ് ഐസക് കത്തീഡ്രൽ പള്ളിയും, കാതറിൻ കൊട്ടാരം, ശിശിരകാല ഹർമ്യം തുടങ്ങിയ മറ്റനേകം അദ്ഭുത കാഴ്ചകളും സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. ശാസ്ത്രവും സാഹിത്യവും സംസ്കാരവും സമന്വയിക്കുന്ന നഗരം. മൂന്നു ദിവസത്തിന് ശേഷം മോസ്കോയിലേക്ക് മടങ്ങുമ്പോൾ ഒരു കാലഘട്ടം മുഴുവൻ ഉള്ളിലേക്ക് ആവാഹിച്ച പ്രതീതി.
English Summary: Bullet Train experience to Russia