മലേഷ്യൻ സഞ്ചാരികൾക്ക് ഇന്ത്യയിലേക്കുള്ള വീസ ഫീസ് നൽകേണ്ടതില്ല, പുതിയ യാത്രാനിർദ്ദേശങ്ങൾ അറിയാം
Mail This Article
ഇന്ത്യ കാണാൻ ആഗ്രഹിക്കുന്ന മലേഷ്യയിൽ നിന്നുള്ള സഞ്ചാരികൾക്കു സന്തോഷം നൽകുന്ന തീരുമാനവുമായി ക്വലാലംപുരിലെ ഇന്ത്യൻ ഹൈ കമ്മീഷൻ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്ന സഞ്ചാരികൾക്ക് വീസ ഫീസ് നൽകേണ്ടതില്ല. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നടപടി 2025 ജൂൺ 30 വരെ തുടരും. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 30 ദിവസത്തെ ഇ-വീസയാണ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഇതിന് വീസ ഫീസ് ഇല്ലെന്നു മാത്രമല്ല രണ്ടു തവണ ഇന്ത്യയിലേക്കു പ്രവേശനം അനുവദിക്കുകയും ചെയ്യുന്നു.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വിനോദസഞ്ചാരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മലേഷ്യൻ സഞ്ചാരികൾക്ക് ഇത് ഒരു സുവർണാവസരമാണ്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയാനും അനുഭവിക്കാനുമായി മലേഷ്യൻ സഞ്ചാരികൾക്കു വരാം. വീസ ഫീസ് എടുത്തു കളയുന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രയുടെ ചെലവും കുറയും.
പുതിയ ഇ-വീസ വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യം വച്ച്
പുതിയ ഇ-വീസ സംബന്ധിച്ച് ചില വ്യക്തത കൂടി ഹൈ കമ്മീഷൻ മുന്നോട്ടു വച്ചിട്ടുണ്ട്. ടൂറിസ്റ്റ് വീസകൾക്കു മാത്രമാണ് ഈ ഇ - വീസ ഫീസ് ഒഴിവാക്കൽ. മാത്രമല്ല, ഈ ഇ-വീസ രണ്ടു തവണയുള്ള പ്രവേശനവും അനുവദിക്കുന്നുണ്ട്. മറ്റ് കാറ്റഗറികളിലുള്ള ഇ വീസകളായ ഇ-ബിസിനസ്, ഇ-കോൺഫറൻസ്, ഇ-മെഡിക്കൽ, ഇ-മെഡിക്കൽ അറ്റൻഡന്റ്, ഇ-ആയുഷ്, ഇ-എമർജൻസി എന്നീ വീസകൾക്കു പണം നൽകേണ്ടതുണ്ട്. ഈ എല്ലാ വീസകൾക്കും സാധാരണ പോലെയുള്ള വീസ ഫീസ് ബാധകമാണ്. അതുകൊണ്ടു തന്നെ പുതിയ സംരംഭം വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയും നിറഞ്ഞ നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ മലേഷ്യയിൽ നിന്നുള്ള നിരവധി സഞ്ചാരികൾ ഈ അവസരം മുതലാക്കി ഇന്ത്യയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
വീസ ഫീസ് ഇളവ് ലഭിക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണം
ഔദ്യോഗിക വെബ്സൈറ്റിൽ ഇ - ടൂറിസ്റ്റ് വീസ സംബന്ധിച്ചും മറ്റ് ഇ - വീസ കാറ്റഗറികൾ സംബന്ധിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വീസ സംബന്ധിച്ചുള്ള എല്ലാവിധ നിയന്ത്രണങ്ങളും നിയമങ്ങളും പ്രാബല്യത്തിൽ തുടരും. അതായാത് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഫീസ് ഇളവ് ഒരു പ്രധാന നേട്ടമാണ്. പക്ഷേ, ഇ - ടൂറിസ്റ്റ് വീസ ലഭിക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
കൂടാതെ, പുറത്തു നിന്നുളള സേവന ദാതാവ് മുഖേനയോ ഇന്ത്യൻ ഹൈ കമ്മീഷനിൽ നേരിട്ട് എത്തിയോ സാധാരണ പേപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചയിക്കപ്പെട്ടിട്ടുള്ള വീസ ഫീസ് നൽകേണ്ടതാണ്. പരമ്പരാഗത വീസ അപേക്ഷ രീതി തിരഞ്ഞെടുക്കുന്നവർക്കുള്ള നടപടിക്രമം ഇത് നിലനിർത്തുന്നു.
ഇന്ത്യൻ ഹൈ കമ്മീഷന്റെ തീരുമാനത്തിന് ആവേശ വരവേൽപ്പ്
ഇന്ത്യൻ, മലേഷ്യൻ സമൂഹങ്ങൾ വളരെ ആവേശത്തോടെയാണ് ഇന്ത്യൻ ഹൈ കമ്മീഷന്റെ ഈ തീരുമാനത്തെ വരവേറ്റത്. ടൂറിസ്റ്റ് ഇ-വീസയ്ക്ക് വീസ ഫീസ് ഒഴിവാക്കിയത് മലേഷ്യയിൽ നിന്നുള്ള കൂടുതൽ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണു കരുതുന്നത്. ഇത്തരത്തിൽ വിനോദസഞ്ചാരികൾ എത്തുന്നത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്നും കരുതുന്നു. നേരത്തെ ഇ-വീസയ്ക്ക് വേണ്ടി മലേഷ്യൻസ് 8,186 ഇന്ത്യൻ രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇതാണ് ഇപ്പോൾ ഒഴിവായിരിക്കുന്നത്. ഇന്ത്യൻ വീസ പോർട്ടൽ മുഖേനയാണ് ടൂറിസ്റ്റ് ഇ-വീസയ്ക്ക് വേണ്ടി അപേക്ഷിക്കേണ്ടത്. ഇ - ടൂറിസ്റ്റ് വീസ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ 120 ദിവസത്തിനുള്ളിൽ അത് ഉപയോഗിച്ചിരിക്കണം.
ഇ-വീസ പ്രവേശന കവാടങ്ങൾ
രാജ്യത്തെ നിശ്ചയിക്കപ്പെട്ട 28 വിമാനത്താവളങ്ങളിലൂടെയും അഞ്ച് തുറമുഖങ്ങളിലൂടെയും മാത്രമാണ് ഇ - വീസയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഹമ്മദാബാദ്, അമൃത്സർ, ബാഗ്‌ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വർ, കോഴിക്കോട്, ചെന്നൈ, ചണ്ഡീഗഡ്, കൊച്ചി, കോയമ്പത്തൂർ, ഡൽഹി, ഗയ, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മധുര, മംഗലാപുരം, മുംബൈ, നാഗ്പൂർ, പോർട്ട് ബ്ലെയർ, പൂനെ, തിരുച്ചിറപ്പള്ളി , തിരുവനന്തപുരം, വാരണാസി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലും ചെന്നൈ, കൊച്ചി, ഗോവ, മംഗലാപുരം, മുംബൈ എന്നീ തുറമുഖങ്ങളിലും ഇ - ടൂറിസ്റ്റ് വീസ ഉപയോഗിച്ച് സഞ്ചാരികൾക്ക് പ്രവേശനം ലഭിക്കും. https://indianvisaonline.gov.in/visa എന്നീ വെബ്സൈറ്റ് മുഖാന്തിരമാണ് ഇ - ടൂറിസ്റ്റ് വീസയ്ക്കായി അപേക്ഷിക്കേണ്ടത്.