മനുഷ്യനിർമിത വിസ്മയം, വന്മതിലിന്റെ കാഴ്ചകൾ എവിടെ തുടങ്ങണം; അറിയാം ഇക്കാര്യങ്ങൾ

Mail This Article
ചൈനയിലേക്കൊരു യാത്രയെക്കുറിച്ച് സ്വപ്‌നം കണ്ടു തുടങ്ങിയാല്‍ ഒരുപക്ഷേ, ആദ്യം മനസ്സിലേക്കെത്തുന്ന പേര് വൻമതില്‍ എന്നായിരിക്കും. രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള, 21000 കിലോമീറ്ററിലേറെ നീളത്തില്‍ പല ചൈനീസ് പ്രവിശ്യകളിലായി നീണ്ടു കിടക്കുന്ന ഈ വൻമതിൽ കുട്ടിക്കാലം മുതല്‍ക്കേ നമ്മുടെ മനസ്സിലും അദ്ഭുതമായി ചേക്കേറിയിട്ടുണ്ടാവും. ലോകാദ്ഭുതങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ വന്മതിലിനെക്കുറിച്ചും അങ്ങോട്ടുള്ള യാത്രയെക്കുറിച്ചും കൂടുതല്‍ അറിയാം.
എവിടെ തുടങ്ങണം?
പല വിനോദസഞ്ചാര കേന്ദ്രങ്ങളും പോലെ ഒരൊറ്റ കേന്ദ്രത്തിലല്ല വൻമതിലുള്ളത്. അതങ്ങനെ നീണ്ടു കിടക്കുകയാണ്. പ്രധാന ഭാഗത്തിനു പുറമേ ഉപവിഭാഗങ്ങളായി പരന്നു കിടക്കുന്ന ചൈനീസ് വന്മതിലിന്റെ എവിടെയുള്ള ഭാഗം കാണണം എന്നത് സഞ്ചാരികളുടെ തിരഞ്ഞെടുപ്പാണ്.

ബെയ്ജിങ്ങാണ് വന്മതില്‍ സന്ദര്‍ശിക്കാന്‍ മിക്കവരും തിരഞ്ഞെടുക്കുന്ന നഗരം. എത്തിപ്പെടാനുള്ള സൗകര്യവും മറ്റു കാഴ്ചകളിലേക്കുള്ള സാധ്യതകളുമാണ് ചൈനയുടെ തലസ്ഥാനം തന്നെ തിരഞ്ഞെടുക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. 14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളിൽ നിര്‍മിക്കപ്പെട്ട ബെയ്ജിങ്ങിലെ വന്മതില്‍ നല്ല രീതിയില്‍ പരിപാലിച്ചു വരുന്നുമുണ്ട്. കൂട്ടത്തില്‍ ബദലിങ് മേഖലയിലെ മതിലാണ് ഏറ്റവും പ്രസിദ്ധം. ചൈനയിലെ പല ടൂര്‍ ഗ്രൂപ്പുകളുടെയും കേന്ദ്രമായ ബദലിങ്ങിലെ വന്മതില്‍ ഭാഗം പൊതുവേ തിരക്കുള്ളതായിരിക്കും. വന്മതില്‍ കടന്നു പോകുന്ന മൂന്നു മലകളും കാണാനാവുന്ന ജുയോങ്കുവാനിലും സഞ്ചാരികളുടെ തിരക്കുണ്ട്.
പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ മുറ്റിനായു വന്മതില്‍ പ്രദേശവും സഞ്ചാരികള്‍ക്ക് ഇഷ്ടമാണ്. മലയുടെ അടിവാരത്തുനിന്നു മുകളറ്റം വരെ മതിലിലൂടെ നടന്നു കയറാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൊതുവെ തിരക്കു കുറഞ്ഞ, ബെയ്ജിങ്ങിനോടു ചേര്‍ന്ന വന്മതില്‍ പ്രദേശമാണിത്. ബദലിങ്ങായാലും ജുയോങ്കുവാനായാലും മുറ്റിനായുവായാലും അരദിവസം ചെലവഴിക്കാനുള്ള കാഴ്ചകളാണുള്ളത്.
ബെയ്ജിങ്ങില്‍നിന്നു 150 കിലോമീറ്റര്‍ ദൂരെയുള്ള ജിന്‍ഷാന്‍ലിങ്ങിലെ വന്മതിലും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. ബെയ്ജിങ്ങില്‍നിന്നു രണ്ടര മണിക്കൂറിന്റെ ഡ്രൈവുണ്ട് ജിന്‍ഷാന്‍ലിങ്ങിലെത്താന്‍. വന്മതില്‍ കാണാന്‍ ഒരു ദിവസം ചെലവിടാമെങ്കിൽ ജിന്‍ഷാന്‍ലിങ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മിങ് രാജവംശം പണിത കാലത്തെ വന്മതില്‍ അതേ രൂപത്തില്‍ കാണണമെങ്കില്‍ നേരെ ഗുബെയ്കുവിലേക്കോ ജിയാന്‍കൗവിലേക്കോ വിട്ടോളൂ. കാരണം അവിടങ്ങളില്‍ വന്മതിലിന്റെ ഭാഗങ്ങളിൽ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ബെയ്ജിങ്ങില്‍നിന്ന് അവിടെയെത്തി വന്മതില്‍ കാണാന്‍ ഒരു ദിവസം വേണമെന്ന കാര്യം മറക്കണ്ട. അതുപോലെ അത്യാവശ്യം മലയകറ്റത്തിന്റെ അനുഭവവും ഗുബെയ്കുവിലേയും ജിയാന്‍കൗവിലേയും വന്മതില്‍ നല്‍കും.
ബെയ്ജിങ്ങില്‍ മാത്രമാണ് വന്മതില്‍ എന്ന ധാരണയും വേണ്ട. ഹുവാങ്ഹുവാചെങ്, സിമറ്റായ്, ഷാന്‍ഹെയ്ഗുവാന്‍ എന്നിങ്ങനെ പല പ്രസിദ്ധ കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍ ആദ്യ തവണ വന്മതില്‍ കാണാന്‍ പോകുന്നവര്‍ക്ക് ബെയ്ജിങ്ങാണ് പറ്റിയ കേന്ദ്രം. ഒന്നിലേറെ ദിവസം ചെലവിട്ട് വിശദമായി വന്മതില്‍ കാണാന്‍ ഇറങ്ങുന്നവര്‍ക്കേ ബെയ്ജിങ്ങിനപ്പുറത്തേക്കുള്ള യാത്രകള്‍ ഗുണമാകൂ.
മലകയറ്റവും ക്യാംപിങ്ങും
രാജ്യത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് മിങ് രാജവംശം വന്മതില്‍ പണിതതെന്ന് അറിയാമല്ലോ. മിങ് സാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലാണ് വന്മതിലുള്ളത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം പ്രദേശവും മലകളും കാടുമൊക്കെയാണ്. ഈ ഭൂപ്രകൃതി മലകയറ്റം ഇഷ്ടപ്പെടുന്ന, ക്യാംപിങ് ആസ്വദിക്കുന്ന സഞ്ചാരികള്‍ക്ക് തികച്ചും അനുയോജ്യമാണ്.
മുറ്റിനായു, ജിന്‍ഷാന്‍ലിങ് തുടങ്ങിയ കേന്ദ്രങ്ങളില്‍, വന്മതിലിലൂടെയുള്ള എളുപ്പത്തിലും ഇടത്തരവും കടുപ്പമുള്ളതുമായ ട്രെക്കിങ്ങുകള്‍ സഞ്ചാരികള്‍ക്കായുണ്ട്. കൂട്ടത്തില്‍ ഏറ്റവും കടുപ്പമുള്ളത് ജിന്‍ഷാന്‍ലിങ് മുതല്‍ ജിന്‍ഷാന്‍ലിങ് ഈസ്റ്റ് വരെയും ഗുബെയ്കു മുതല്‍ ജിന്‍ഷാന്‍ലിങ് വരയുള്ളതുമായ ട്രക്കിങ്ങുകളാണ്. ഈ വഴികളെല്ലാം തകര്‍ന്ന വന്മതില്‍ ഭാഗങ്ങള്‍ നിറഞ്ഞതാണ്.
വന്മതിലില്‍ ക്യാംപിങ്ങിന് പൊതുവേ നിരോധനമാണ്. എന്നാല്‍ ഗുബെയ്കുവിലെ നിരീക്ഷണ കേന്ദ്രം പോലുള്ള അപൂര്‍വ സ്ഥലങ്ങളില്‍ അതിനുള്ള സൗകര്യവുമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മിങ് പടയാളികള്‍ കാവല്‍ നിന്ന പ്രദേശങ്ങളില്‍ അന്തിയുറങ്ങാനുള്ള അവസരം ഇവിടെ ലഭിക്കും. ഒപ്പം അതിമനോഹരമായ സന്ധ്യയും പ്രഭാതവും നിങ്ങളുടെ യാത്രയെ മനോഹരമാക്കുകയും ചെയ്യും.
പറ്റിയ സമയം
ഏതു യാത്രയ്ക്കു മുമ്പും പോകുന്ന സമയം നല്ലതാണോ എന്നു നോക്കുന്നത് ഉചിതമാണ്. കാലാവസ്ഥയും മറ്റുമുണ്ടാക്കാനിടയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വസന്തകാലമാണ് ബെയ്ജിങ്ങിലെ വന്മതില്‍ പ്രദേശം കാണാന്‍ അനുയോജ്യം. ഏപ്രില്‍ അവസാനവും മേയ് തുടക്കവുമെല്ലാം മരങ്ങള്‍ പൂവിട്ടു തുടങ്ങുന്ന സമയമാണ്.
ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ഇലകളുടെ നിറം മാറുന്നതും ഇല പൊഴിയുന്നതുമായ സമയമാണ്. അതുകൊണ്ടുതന്നെ ഈ സമയത്തും സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാനാവും. മാത്രമല്ല ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ അധികം ചൂടില്ലാത്ത കാലാവസ്ഥയും യാത്രയ്ക്കു യോജിച്ചതാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. മഞ്ഞും തണുപ്പും കാറ്റുമെല്ലാം ചേര്‍ന്ന കാലാവസ്ഥയില്‍ വന്മതില്‍ കാണാന്‍ പോകുന്നത് അത്ര നല്ല അനുഭവമാകണമെന്നില്ല. എങ്കിലും ഈ സമയം വളരെ കുറവു സഞ്ചാരികള്‍ മാത്രമാണുണ്ടാവുകയെന്നതും വസ്തുതയാണ്. ജൂലൈയും ഓഗസ്റ്റും ചൂടേറിയ മാസങ്ങളാണ്. മാത്രമല്ല, മഞ്ഞു കാലം കഴിഞ്ഞുള്ള മാസങ്ങളായതിനാല്‍ വഴുക്കല്‍ കൂടുതലുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ മാസങ്ങളിലെ വന്മതില്‍ സന്ദര്‍ശനം സൂക്ഷിച്ചു വേണ്ടി വരും.
ചൈനീസ് ദേശീയ ദിനത്തിന്റെ ഭാഗമായി അവധിയുള്ള ഒക്ടോബര്‍ ആദ്യവാരവും വസന്തകാല ഉത്സവത്തിന്റെ ദിവസങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഈ ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാവും. ചൈനയിലെ സ്‌കൂളുകള്‍ക്ക് വേനലവധിയുള്ള ഓഗസ്റ്റിലും കൂടുതല്‍ ചൈനീസ് കുടുംബങ്ങള്‍ വന്മതില്‍ കാണാനെത്താറുണ്ട്.
English Summary: Great Wall of China