ADVERTISEMENT

''സൂര്യനു ചുറ്റുമുള്ള മറ്റൊരു യാത്ര പൂർത്തിയായി. നിങ്ങൾ നൽകുന്ന പരിധിയില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സാഹസികതകൾ നിറഞ്ഞ, പ്രായമേശാത്ത, കരയുന്നതു വരെ ചിരിക്കുന്ന ഒരു വർഷമിതാ...നമുക്ക് ഒരുമിച്ചിതു അവിസ്മരണീയമാക്കാം''.  തായ്‌ലൻഡിൽ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു കൊണ്ട് തെന്നിന്ത്യൻ താരം അഞ്ജലി കുറിച്ച വാക്കുകളാണിത്. ജന്മദിനം 'കളറാക്കാൻ' താരം ഇത്തവണ എത്തിയത് തായ്‌ലൻഡിലെ കോ സമൂയ് എന്ന ദ്വീപിലാണ്. ബീച്ച് പാർട്ടികൾക്ക് ഏറെ പ്രശസ്തമായ ആ ദ്വീപിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുന്നതിന്റെയും ഇഷ്ട ഭക്ഷണത്തിന്റെയും ചിത്രങ്ങൾ മാത്രമല്ല, ആ ദ്വീപിന്റെ മനോഹര കാഴ്ചകളും അഞ്ജലി പങ്കുവച്ച ചിത്രങ്ങളിൽ കാണാം.

anjali-travel-thailand2
Image Credit: yours_anjali/instagram

കോ സമൂയ്

ഫുക്കെറ്റ് കഴിഞ്ഞാൽ വലുപ്പത്തിൽ തായ്‌ലൻഡിലെ രണ്ടാമത്തെ ദ്വീപാണ് കോ സമൂയ്. തെക്കൻ ചൈനയിൽ നിന്നും മലായ് പ്രവിശ്യയിൽ നിന്നുമുള്ള മൽസ്യ തൊഴിലാളികളാണ് ഈ ദ്വീപിലെ ആദ്യ താമസക്കാർ. ഇരുപതാം നൂറ്റാണ്ടു വരെ പ്രധാന ദ്വീപുകളെ ഒന്നും തന്നെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിരുന്നു ഇവിടുത്തെ ജനത. പ്രധാന ദ്വീപായ തായ്‌ലൻഡുമായി പോലും വളരെ ചെറിയ ബന്ധമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. 1970 വരെ റോഡുകൾ ഇല്ലാത്തയിടം കൂടിയായിരുന്നു കോ സമൂയ്. ദ്വീപിന്റെ ഒരു ഭാഗത്തു നിന്നും എതിർവശത്തു എത്തണമെങ്കിൽ ഒരു ദിവസം മുഴുവൻ മലമുകളിലൂടെയും നിബിഢവനങ്ങളിലൂടെയും 15 കിലോമീറ്റർ ദൂരം ട്രെക്കിങ് നടത്തണമായിരുന്നു. വിനോദ സഞ്ചാരത്തിനു പുറമെ റബ്ബറിന്റെയും തേങ്ങയുടെയും കയറ്റുമതിയാണ് ഈ ദ്വീപിന്റെ സാമ്പത്തിക സ്രോതസുകൾ. 

Image Credit: yours_anjali/instagram
Image Credit: yours_anjali/instagram

തായ്‌ലൻഡിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ സ്വന്തമായിട്ടുളള ദ്വീപാണ് കോ സമൂയ്. ചാവെങ്, ലമായ്, മീനം, ചോയെങ് മോൺ എന്നിവയാണ് ഇവിടുത്തെ പ്രശസ്തമായ ബീച്ചുകൾ. ചെറുതും വലുതുമായി ഏകദേശം നാല്പതോളം ബീച്ചുകൾ വേറെയുമുണ്ട്. സാഹസികപ്രിയർക്കു വാട്ടർ സ്പോർട്സിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ ഇവിടുത്തെ പല ബീച്ചുകളിലുമുണ്ട്. മാത്രമല്ല, മനോഹരമായ അസ്തമയ കാഴ്ചകളും ബീച്ചുകളിൽ എത്തുന്നവർക്ക്‌ ആസ്വദിക്കാവുന്നതാണ്. സ്‌നോർക്കലിങ്, ഡൈവിങ് പോലുള്ള വിനോദങ്ങൾ കൂടാതെ, ഓഫ് റോഡ് കാനനസവാരി ചെയ്യണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുമിവിടെയുണ്ട്. കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിങ്ങും നടത്താം. 

Image Credit: yours_anjali/instagram
Image Credit: yours_anjali/instagram

കോ സമൂയ് ദ്വീപിലെത്തിയാൽ സന്ദർശിക്കേണ്ട ഒരു സുപ്രധാനയിടമാണ് വാറ്റ് ഫ്രാ യായ്. വലിയ ബുദ്ധ ക്ഷേത്രം എന്നൊരു പേരുകൂടിയിതിനുണ്ട്. സ്വർണ വർണമാർന്ന ഗൗതമ ബുദ്ധന്റെ പ്രതിമയാണ് പ്രധാനാകർഷണം. താമരയുടെ മുകളിൽ ബുദ്ധൻ ഇരിക്കുന്ന രീതിയിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. പന്ത്രണ്ട് മീറ്റർ ഉയരമുള്ള ഈ പ്രതിമ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായാണ് കരുതി വരുന്നത്. 

മുത്തച്ഛൻ എന്നും മുത്തശ്ശി എന്നും അർത്ഥമാക്കുന്ന ഹിൻ ട, ഹിൻ യായ് മലനിരകളെ പ്രകൃതിയുടെ അതിസുന്ദരമായ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാം. ഈ മലനിരകൾക്കു സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയങ്ങളോട് സാമ്യമുള്ളതിലാണ്‌ ഈ പേരിട്ടു വിളിക്കുന്നത്. പ്രത്യുല്പാദന സൗഭാഗ്യവും സൗഭാഗ്യവും സമ്മാനിക്കുന്നവയാണ് ഇവയെന്ന വിശ്വാസവും തദ്ദേശവാസികൾക്കിടയിലുണ്ട്. 

ബീച്ചും മലനിരകളും മാത്രമല്ല, അതിമനോഹരമായ നാ മുവാങ് വെള്ളച്ചാട്ടവും ഈ ദ്വീപിന്റെ സൗന്ദര്യത്തിനു മാറ്റുക്കൂട്ടുന്ന ഒരു കാഴ്ചയാണ്. പർപ്പിൾ വെള്ളച്ചാട്ടം എന്നൊരു പേരുകൂടി ഇതിനു പേരുണ്ട്. വെള്ളം താഴേക്ക് പതിക്കുന്ന പാറകൾക്കു പർപ്പിൾ നിറമായതു കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു ആ പേര് കൈവന്നത്. സൂര്യപ്രകാശത്തിൽ വെള്ളത്തുള്ളികൾ തിളങ്ങുന്ന കാഴ്ചയും അവർണനീയം തന്നെയാണ്. 

ലാമായ് ബീച്ചിനു സമീപത്തായാണ് മത്സ്യത്തൊഴിലാളികളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രുചികരമായ ഭക്ഷണം, വിനോദങ്ങൾ, അതിനൊപ്പം തന്നെ ഷോപ്പിങ്. എല്ലാം ഒരുമിച്ചു ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. നിരവധി കടകളും ഭക്ഷണശാലകളും കഫേകളും ഇവിടെ കാണാം. എല്ലാ വെള്ളിയാഴ്ചയുമാണ്  സ്ട്രീറ്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ആവശ്യമുള്ള വസ്തുക്കൾ നടന്നും കണ്ടും സന്ദർശകർക്കു വാങ്ങാവുന്നതാണ്. ഈ മാർക്കറ്റിലേക്ക് നിരവധി കവാടങ്ങളുണ്ട്. വെള്ളിയാഴ്‌ച ഒഴികെയുള്ള  ദിവസങ്ങളിൽ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ. 

കോ സമൂയ് ദ്വീപിലെ രാത്രികളും സജീവമാണ്. നൈറ്റ് ക്ലബ്ബുകളും ബീച്ച് ക്ലബ്ബുകളും സൺസെറ്റ് ബാറുകളുമൊക്കെ എല്ലാ ബീച്ചുകളിലും ഉണ്ട്. ലോഞ്ച് ക്ലബ്ബുകളും ബാറുകളും പൂൾ പാർട്ടികളുമൊക്കെ ആസ്വദിക്കാവുന്നതാണ്. 

English Summary:

Discover Koh Samui with Anjali: Beaches, Waterfalls, and More in Her Birthday Photo Diary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com