പരുമലതിരുമേനി ആദ്ധ്യാത്മീയതയുടെ മാതൃക
Mail This Article
തിരുമഹത്വം നമ്മുക്ക് ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.
ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു;
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു
വിശ്വസ്തത ഭൂമിയിൽ നിന്നു മുളയ്ക്കുന്നു
നീതി സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു;
യഹോവ നന്മ നൽകുകയും
നമ്മുടെ ദേശം വിളവു തരികയും ചെയ്യും
നീതി അവനു മുമ്പായി നടക്കുകയും
അവന്റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
(സങ്കീർത്തനം: 85:9–13)
പരിശുദ്ധനായ പരുമല തിരുമേനി ബാല്യം മുതലേ അതീവ തീക്ഷണതശാലിയായിട്ടായിരുന്നു വളർന്നുവന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിത യാഥാർത്ഥ്യങ്ങൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. പഠിക്കാനുള്ള ഉത്സാഹം, അച്ചടക്കം, സേവനതാൽപര്യം, ആദ്ധ്യാത്മീയത, പ്രാർഥന, ജീവിതനിഷ്ഠകൾ എന്നിവകൾ എടുത്തുകാട്ടേണ്ട സവിശേഷതകളാണ്. മുകളിൽ ഉദ്ധരിച്ച സങ്കീർത്തനഭാഗം ധ്യാനിക്കുമ്പോൾ സൃഷ്ടാവും സൃഷ്ടിയും ഭൂമിയും സ്വർഗ്ഗവും ദൈവമഹത്വവും ദയയും വിശ്വസ്തതയും നീതിയും സമാധാനവും തമ്മിലുള്ള ശ്രേഷ്ടമായ രമ്യത കാണാൻ സാധിക്കും. ക്രിസ്തുമസ്സിൽ നാം കേൾക്കുന്നത് : അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ളവർക്ക് സന്തോഷവും സമാധാനവും എന്നാണ്. പരുമലതിരുമേനിയുടെ ജീവിത ചരിത്രത്തിലൂടെ തീർത്ഥയാത്ര ചെയ്യുമ്പോൾ അദ്ദേഹം ഒരു പുണ്യ ജീവിതത്തിന്റെ സാക്ഷ്യമാണ് ഏവർക്കും നൽകുന്നത്.
ഒരു ജീവിതം പുണ്യമാകണമെങ്കിൽ അത് മറ്റ് അനേകർക്ക് മാതൃകയും ആസ്വാദ്യവും പ്രയോജനവുമാകണം. സ്വാർത്ഥതയോടെ സ്വയത്തിനുവേണ്ടി സാക്ഷികളാകാതെ മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം, എങ്കിൽ മാത്രമേ ജീവിതം പുണ്യമാവുകയുള്ളൂ. സ്വാർത്ഥത മനുഷ്യനിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. സൃഷ്ടിയിൽ നാം ശ്രദ്ധിച്ചാൽ ഒന്നും അതാതിനുവേണ്ടിയല്ല, മറ്റുള്ളവയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ സാധിക്കും. ഉദാ. സൂര്യൻ പ്രകാശിക്കുന്നത് അതിനുവേണ്ടിയല്ല, ഭൂമി സസ്യാദികളേയും ഫലങ്ങളേയും ഉൽപാദിപ്പിക്കുന്നത് അതിനു വേണ്ടിയല്ല, പുഴയിലെ വെള്ളം പുഴയ്ക്കു വേണ്ടിയല്ല, ഭൂമിയെ ഫലപ്രദമാക്കാൻ വേണ്ടിയാണ്.
പരുമല തിരുമേനിയ്ക്ക് ബാല്യകാലം മുതൽ ലഭിച്ച അദ്ധ്യേയന ശിക്ഷണങ്ങൾ എല്ലാം തന്നെ ആത്മാർത്ഥതയോടെ സ്വായത്തമാക്കുവാനും പ്രാവീണ്യം നേടുവാനും സാധ്യമാക്കി. അദ്ദേഹത്തിന്റെ ഗുരുകുല ശിക്ഷണവും പിതൃസഹോദരനായ മൽപാനച്ചനേയും കോനാട്ട് മൽപാനച്ചനേയും പിന്നീട് സിറിയായിൽ നിന്നു വന്ന മാർ കൂറീലോസിന്റേയും മറ്റും പരിശീലനങ്ങളും ഉന്നത ശ്രേണിയിലേക്കു നയിച്ചു. എഡി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ ഭക്തി ജീവിതം നയിച്ച് 105–ാം വയസ്സിൽ നിത്യ വിശ്രാന്തി പ്രാപിച്ച വി. അന്തോണിയോസിന്റെ ജീവിത രേഖയാണ് പരുമല തിരുമേനിയ്ക്ക് ഏറെ ആകർഷകമായത്.
ആദ്ധ്യാത്മിക ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന തത്വം സ്വയം പരിമിതപ്പെടുത്തുക എന്നുള്ളതാണ്; ആദ്ധ്യാത്മിക സാക്ഷ്യം നാം ഇന്നു കാണുന്ന ലൗകീക ആർഭാടമോ സുഖലോലുപതയോ അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. വി. അന്തോണിയോസ് ധനികനായിരുന്നു. തനിക്കുള്ളത് സകലവും ദരിദ്രർക്കു നൽകി, ക്രൂശിന്റെ പാതയിലൂടെ സഞ്ചരിച്ച് ക്രിസ്തുവിന്റെ സാക്ഷ്യയായി. ക്രിസ്തു ശിഷ്യനായ വി. പൗലോസ് ലോകപരമായ എല്ലാ സൗഭാഗ്യാവസ്ഥയേയും ചച്ച് എന്ന് എണ്ണി, ക്രൂശിന്റെ പാതയിലൂടെ സഞ്ചരിച്ചു. ചുങ്കക്കാരനായ സഖായിയുടെ സാക്ഷ്യം അതുപോലെ വേദപുസ്കത്തിലും ചരിത്രത്തിലും അനേകരെ കാണാൻ സാധിക്കും. ഈ ഒരു സംവാദത്തിൽ ഒരു ബിഷപ് ഒരു കുട്ടിയോടു ചോദിക്കുന്നതു കേട്ടു. ഞാൻ എങ്ങനെയാണ് എളിമപ്പെടേണ്ടത് എന്ന്. സ്വയം ഒരു തീരുമാനമെടുക്കുകയും അതിനനുസരിച്ച് ജീവിതത്തെ മാറ്റുകയും ചെയ്യാതെ സാക്ഷ്യം എങ്ങനെ ഉളവാക്കാൻ സാധിക്കും. സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസൻ, മഹാത്മാഗാന്ധി, മദർ തെരേസാ…. എന്നീ പ്രതിഭകൾ സ്വയം ദാരിദ്ര്യം സ്വീകരിച്ച് മനുഷ്യ സമൂഹത്തിന്റെ ഉന്നതിയ്ക്കായി സാക്ഷികളായവരാണ്.
പരുമല തിരുമേനിയെ സംബന്ധിച്ച് അദ്ദേഹം മാതൃകാപരമായ ഒരു ആദ്ധ്യാത്മീയ ശ്രേഷ്ഠ പുരോഹിതൻ മാത്രമായിരുന്നില്ല, ഒരു സാമൂഹ്യ പരിഷ്കർത്താവുകൂടിയായിരുന്നു. ജാതിയുടെ പേരിൽ അവഗണിക്കപ്പെട്ടവർക്കു വേണ്ടി ദേവാലയങ്ങളും സ്കൂളുകളും മറ്റും സ്ഥാപിക്കുവാനും മുഖ്യധാരയിലേക്കു പ്രവേശിപ്പിക്കാനുള്ള അവകാശങ്ങളും ക്രമപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ മലയാള – സുറിയാനി ഭാഷാജ്ഞാനവും പ്രസിദ്ധിയാർജ്ജിച്ച ഊർശ്ലേം യാത്രാ വിവരണ ഗ്രന്ഥവും പ്രശംസനീയം തന്നെ. ആദ്ധ്യാത്മീയത വെറും കർമ്മങ്ങൾ മാത്രമല്ല; അതിന് അതീതമായ ശ്രേഷ്ഠ ഭാവങ്ങളും മാതൃകകളും ജനകീയ സംഭാവനകവും മറ്റും ഉളവാക്കുന്നതാകണം.