അമ്മ: ലോക നന്മയ്ക്കായുള്ള പ്രാർഥന
Mail This Article
ഹരിപ്പാട് ∙ ഭക്തർക്കു ലോകമാതാവാണ് മണ്ണാറശാല അമ്മ. നാളെ, കുംഭമാസത്തിലെ മൂലം നാളിൽ മണ്ണാറശാല അമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തർജനത്തിനു 90 വയസ്സു തികയും. എങ്കിലും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് അമ്മ മണ്ണാറശാലയിലുണ്ട്. നവതിയുടെ നിറവിൽ ഉമാദേവി അന്തർജനം മലയാള മനോരമയ്ക്കു നൽകിയ അഭിമുഖം:
ഭക്തരോട് എന്താണു പറയാനുള്ളത്?
ഭക്തർക്കല്ലാതെ ആർക്കാണ് നന്മയുണ്ടാകുക? അമ്മ അവരെയല്ലാതെ ആരെയാണ് അനുഗ്രഹിക്കുക. എന്നും എല്ലാവർക്കും അനുഗ്രഹമുണ്ടാകും. ലോകത്തെ സമസ്ത ജീവജാലങ്ങൾക്കും സമാധാനമാണ് വേണ്ടത്.
തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനത്തിനൊപ്പമുള്ള ഓർമകൾ?
അമ്മ പറഞ്ഞതെല്ലാം ചെയ്യുകയായിരുന്നു എന്റെ ചുമതല. അതു കൃത്യമായി നിറവേറ്റി. പൂജകളിൽ സഹായിച്ചിരുന്നു. അമ്മ മരിച്ചു കഴിഞ്ഞ് പാദതീർഥം ശിരസ്സിലേറ്റാണ് ഞാൻ സ്ഥാനാരോഹണം നടത്തിയത്.
മണ്ണാറശാല അമ്മയായി സ്ഥാനം ലഭിച്ചപ്പോഴുണ്ടായിരുന്ന അനുഭവം?
വലിയൊരു ദൈവികാനുഗ്രഹമായാണു തോന്നിയത്. ലോകത്ത് സകല ജീവജാലങ്ങൾക്കുമായി നാഗദൈവങ്ങളെ ആരാധിക്കാനും പൂജ ചെയ്യാനും കഴിഞ്ഞതിന്റെ നിർവൃതിയുണ്ട്. ആ ചൈതന്യത്തിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ.
ഇപ്പോൾ നിത്യപൂജ നടത്താറുണ്ടോ?
ദേഹാസ്വാസ്ഥ്യം കാരണം നിത്യപൂജ ചെയ്യാറില്ല. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ക്ഷേത്രത്തിൽ നിവേദിച്ച പാലുംപഴവും തീർഥവും സേവിക്കും.അങ്ങനെയാണ് ദിവസം തുടങ്ങുന്നത്.
അമ്മയായി സ്ഥാനാരോഹണം ചെയ്ത ശേഷം പുറത്തേക്കുള്ള യാത്രകൾ?
ചികിത്സയ്ക്കായി ഏതാനും നാൾ ആശുപത്രിയിൽ കിടന്നു. കുടുംബത്തിന്റെ മൂലസ്ഥാനമായ എരിങ്ങാറപ്പള്ളിയിലേക്കും ചെറുതനയിലെ കരിമ്പന്നൂർ ഇല്ലത്തേക്കും ഇടയ്ക്കു പോകാറുണ്ട്.അത്യാവശ്യ സന്ദർഭങ്ങളിൽ സ്വന്തം കുടുംബമായ കോട്ടയം മാങ്ങാനത്തെ ചെമ്പകനല്ലൂരിലേക്കും പോകാറുണ്ട്. കഴിയുന്നതും പോകുന്ന ദിവസം തന്നെ തിരികെ ഇല്ലത്തു മടങ്ങിയെത്തും.
നവതി ആഘോഷം
നവതി ആഘോഷത്തിന്റെ ഭാഗമായി 18 നു ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി പൂജ നടത്തും. ഇല്ലത്തു വൈദിക ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പിറന്നാൾ സദ്യയുമുണ്ടാകും.
മണ്ണാറശാല അമ്മ
തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.