ADVERTISEMENT

ചെട്ടികുളങ്ങര ∙ മക്കൾ സമർപ്പിച്ച തിരുമുൽക്കാഴ്ചകൾക്കു മുന്നിലെത്തി അനുഗ്രഹം ചൊരിയാൻ അമ്മ ജീവതയിൽ എഴുന്നള്ളി. വാദ്യമേളങ്ങളും ദേവീസ്തുതികളും വായ്ക്കുരവയും ആർപ്പുവിളികളും നിറഞ്ഞ ചടങ്ങു ദർശിക്കാൻ കാഴ്ചക്കണ്ടത്തിലും ക്ഷേത്രപരിസരത്തും കാത്തിരുന്ന ഭക്തർ കൈകൾ കൂപ്പി അനുഗ്രഹത്തിനായി പ്രാർഥിച്ചു. കാഴ്ചക്കണ്ടത്തിൽ അണിനിരന്ന 6, ക്ഷേത്രപരിസരത്തും സമീപത്തുമായി നിലയുറപ്പിച്ച 7 കെട്ടുകാഴ്ചകൾക്കും മുന്നിൽ ആചാരപ്രകാരം അമ്മ എഴുന്നള്ളി.

പകൽ വെളിച്ചം ആയെങ്കിലും തീവെട്ടിയും കുത്തുവിളക്കും പ്രഭ ചൊരിഞ്ഞപ്പോൾ മെഴുവട്ടക്കുടയുടെ അകമ്പടിയോടെ ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് കരകളുടെ കെട്ടുകാഴ്ചകൾക്കു മുന്നിലെത്തി താളം ചവിട്ടിയ ഭഗവതി അനുഗ്രഹം ചൊരി‍ഞ്ഞു മടങ്ങി.

എഴുന്നള്ളത്തിന്റെ സന്തോഷം; കെട്ടുകാഴ്ചയിൽ നിരാശ

ചെട്ടികുളങ്ങര ∙ ഒരു രാവു മുഴുവൻ കാത്തിരുന്നിട്ടും കാഴ്ചക്കണ്ടത്തിൽ 13 കരകളിലെയും കെട്ടുകാഴ്ചകൾ അണി നിരക്കുന്ന മനോഹര ദൃശ്യം കാണാനാകാത്ത നിരാശയിലും അമ്മയുടെ എഴുന്നള്ളത്ത് കണ്ടതിന്റെ സംതൃപ്തിയോടെ ഭക്തർ മടങ്ങുമ്പോൾ സമയം ഇന്നലെ രാവിലെ ഒൻപതര ആയിരുന്നു. 

കെട്ടുകാഴ്ച അണിനിരക്കുന്നതു കാണാൻ ഭരണി നാളിൽ സന്ധ്യയോടെ ആരംഭിച്ച കാത്തിരിപ്പ്. 6 കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിലും 5 എണ്ണം ക്ഷേത്ര പരിസരത്തും 2 എണ്ണം ക്ഷേത്രത്തിന്റെ വടക്കേനടയിലെ നിരത്തിലുമെത്തി കണ്ടാണു ഭക്തർ മടങ്ങിയത്. ആദ്യ കെട്ടുകാഴ്ചയായ ഈരേഴ തെക്കിന്റെ കുതിര ഭരണി നാളിൽ ക്ഷേത്രത്തിൽ എത്തിയപ്പോൾ സമയം രാത്രി 7.43. തിരുമുൽക്കാഴ്ച സമർപ്പിച്ച ശേഷം 7.58നു കുതിരയെ കാഴ്ചക്കണ്ടത്തിലേക്ക് ഇറക്കാൻ തുടങ്ങി. 

കാഴ്ചക്കണ്ടത്തിലെ യഥാസ്ഥാനത്തു കുതിരയെ എത്തിച്ചപ്പോൾ സമയം ഒൻപതായി. തുടർന്നു ഈരേഴ വടക്കിന്റെ ഇത്തവണ പൂർണമായും നവീകരിച്ച കെട്ടുകാഴ്ചയായ കുതിര എത്തുന്നതിനുള്ള കാത്തിരിപ്പ്. പുതിയ കെട്ടുരുപ്പടികൾ ആയതിനാൽ യാത്രാമധ്യേയുണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചു കെട്ടുകാഴ്ച കാഴ്ചക്കണ്ടത്തിൽ നിരന്നപ്പോൾ സമയം ഇന്നലെ പുലർച്ചെ രണ്ടായി. 

ആചാരപരമായ ചില ആശയക്കുഴപ്പം മൂലം ബാക്കി കെട്ടുകാഴ്ചകൾ ഇറക്കുന്നതു വൈകി. ആശയക്കുഴപ്പം പരിഹരിച്ചപ്പോഴേക്കും സമയം രാവിലെ 5.45. കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് കരകളുടെ കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു.

പേള കരയുടെ കെട്ടുകാഴ്ച ക്ഷേത്രത്തിന്റെ വടക്കുഭാഗത്തും മറ്റം വടക്ക്, മറ്റം തെക്ക് കരകളുടെ കെട്ടുകാഴ്ചയായ ഭീമസേനനും പാഞ്ചാലി സമേതനായ ഹനുമാനും വടക്കേനടയിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള നിരത്തിൽ നിലയുറപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ എത്തിയ കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി, നടയ്ക്കാവ് കരക്കാരുടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി അണി നിരത്തി.

സമയം രാവിലെ 7.05, ഭഗവതി ജീവതയിൽ പുറത്തെഴുന്നള്ളി. മക്കളുടെ തിരുമുൽകാഴ്ചകൾക്കു മുന്നിൽ താളം ചവിട്ടി ദർശനം പൂർത്തിയായപ്പോഴേക്കും സമയം ഒൻപതര ആയിരുന്നു. കുംഭഭരണി കെട്ടുകാഴ്ച കൃത്യമായി കാഴ്ചക്കണ്ടത്തിൽ അണിനിരക്കാൻ സമയബന്ധിതമായ ക്രമീകരണം ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ചാണു ഭൂരിപക്ഷം ആളുകളും മടങ്ങിയത്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com