ADVERTISEMENT

ബെംഗളൂരു∙ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തെ ബന്ധിപ്പിച്ചുള്ള പുതിയ റോഡിന്റെ നിർമാണം അവസാനഘട്ടത്തിൽ. വസന്ത്നഗർ മില്ലേഴ്സ് റോഡുമായി ബന്ധിപ്പിച്ചാണു പുതിയ റോഡ്. നിലവിലെ റോഡ് റെയിൽവേ സ്റ്റേഷൻ ടെർമിനലിലേക്കു മാത്രമായി മാറ്റുന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒരു പരിധി വരെ കുറയ്ക്കാനാകും.

ശിവാജിനഗർ ഭാഗത്തേക്കുള്ള ബിഎംടിസി ബസുകൾ ഉൾപ്പെടെ പുതിയ റോഡിലൂടെയാണു കടന്നുപോകുക. യാത്രക്കാർക്കായി ബസ് ഷെൽറ്റർ ഉൾപ്പെടെയുള്ളവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷന്റെ വീതികുറഞ്ഞ പ്രവേശനകവാടം ഉൾപ്പെടെ ഉടൻ പൊളിച്ചുമാറ്റും. ഇതോടെ പഴയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇതിനു മുന്നോടിയായി 2 മാസത്തിനുള്ളിൽ പുതിയ റോഡ് തുറന്നുകൊടുക്കാനാണു ലക്ഷ്യമിടുന്നത്. 

480 കോടിരൂപ ചെലവിൽ നവീകരണം; അടിമുടി മാറും
നഗരത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റ് 480 കോടിരൂപ ചെലവഴിച്ചാണു നവീകരിക്കുന്നത്. മെട്രോ, സബേർബൻ പാതകൾ കൂടി വരുന്നതോടെ പ്രതിദിനം 2–3 ലക്ഷം പേർ കന്റോൺമെന്റ് സ്റ്റേഷനെ ആശ്രയിക്കും. മലയാളികൾ ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്രവേശനകവാടത്തിൽ പാർക്കിങ് സൗകര്യം ഉൾപ്പെടെ പരിമിതമായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. 

യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള ഓട്ടോ, വെബ്ടാക്സികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ തിരക്കേറിയ റോഡിൽ തന്നെ നിർത്തുന്നതാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ‍1000 കാറുകൾക്കും 3000 ബൈക്കുകൾക്കും നിർത്തിയിടാൻ കഴിയുന്ന പാർക്കിങ് കേന്ദ്രമാണ് നിർമിക്കുന്നത്. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനും സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com