റോയൽ റോയപുരം; വയസ്സ് 166
Mail This Article
ചെന്നൈ ∙ ജൈത്രയാത്രയുടെ ട്രാക്കിൽ 166ാം വയസ്സിലും മുന്നോട്ട് കുതിച്ച് റോയപുരം റെയിൽവേ സ്റ്റേഷൻ. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രായംചെന്ന റെയിൽവേ സ്റ്റേഷനായ റോയപുരം സ്റ്റേഷന് 166 വയസ്സ് പൂർത്തിയായി. പ്രായം കൂടുംതോറും പഴമ കൊണ്ടും പ്രൗഢി കൊണ്ടും തലയുയർത്തി നിൽക്കുകയാണ് വടക്കൻ ചെന്നൈയിലെ സ്റ്റേഷൻ.
ദക്ഷിണേന്ത്യയിൽ പുതിയൊരു റെയിൽവേ ലൈൻ വേണമെന്ന ചിന്തയിൽ നിന്നാണ് റോയപുരത്ത് സ്റ്റേഷൻ എന്ന ആശയം ജനിക്കുന്നത്. ബ്രിട്ടിഷ് വ്യാപാരികളും സ്വദേശികളും വസിക്കുന്നതിനു സമീപപ്രദേശം എന്നതാണു റോയപുരത്തിനു നറുക്കു വീഴാൻ കാരണം. 1853ൽ പാത നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. 1856 ജൂൺ 28ന് അന്നത്തെ ഗവർണർ ലോഡ് ഹാരിസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
പുതുതായി സ്ഥാപിച്ച പാതയിലൂടെ ജൂലൈ 1ന് ദക്ഷിണേന്ത്യയിലെ ആദ്യ യാത്രാ സർവീസ് റോയപുരത്തു നിന്ന് ആർക്കോട്ടിലുള്ള വാലജാ റോഡിലേക്കു (97 കിലോ മീറ്റർ) നടത്തുകയും ചെയ്തു. 2005ൽ സ്റ്റേഷൻ പുനർനിർമിച്ച് ഒരു ഭാഗം ചരക്ക് വാഹനങ്ങൾക്കും മറുഭാഗം യാത്രാ ട്രെയിനുകൾക്കുമായി മാറ്റിവച്ചു. വർഷങ്ങൾ ഏറെ കടന്നെങ്കിലും പ്രാചീന നിർമാണ ശൈലിയിൽ സ്റ്റേഷൻ ഇന്നും വേറിട്ടു നിൽക്കുന്നു. നഗരത്തിലെ പൗരാണിക കെട്ടിടങ്ങളിൽ ഗ്രേഡ് 1 വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.