കുമ്പള പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യം

Mail This Article
കുമ്പള ∙ പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി സംവാദം. മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തുന്ന പഠനത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര ബിരുദ വിദ്യാർഥികളുമായി കുമ്പള പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും നടത്തിയ സംവാദത്തിലാണു വികസന പ്രശ്നങ്ങൾ ചർച്ചയായത്. കുമ്പള ടൗണിലെ ആധുനിക ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, ശുചിമുറി എന്നിവയുടെ നിർമാണം എങ്ങുമെത്തിയില്ല. ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചാൽ പഞ്ചായത്തിനു വരുമാന മാർഗമാകുമെന്ന് അഭിപ്രായം ഉയർന്നു.
കുമ്പളയിൽ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് പണിയണം. നിലവിലുള്ള മത്സ്യ വിൽപന ഏറെയും റോഡിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണുള്ളത്. അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം, ആരിക്കാടി കോട്ട, കുമ്പള - മൊഗ്രാൽ പുഴയോരം, മൊഗ്രാൽ കടലോരം, കിദൂർ പക്ഷിസങ്കേതം തുടങ്ങിയ പ്രദേശങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനായാൽ അതു പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വഴിയൊരുക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആരിക്കാടി - കുമ്പള - മൊഗ്രാൽ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം പതിവാണ്. ജനങ്ങളുടെ സുരക്ഷയ്ക്കു ശാസ്ത്രീയമായ രീതിയിലുള്ള കടൽ ഭിത്തികൾ നിർമിക്കണമെന്നാണ് ആവശ്യം.
കുമ്പള സിഎച്ച്സിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. കായിക മേഖലയ്ക്കായി കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിലെ സ്കൂൾ മൈതമാനം മിനി സ്റ്റേഡിയമാക്കി ഉയർത്തണം. മാലിന്യ സംസ്ക്കരണത്തിനായി പ്ലാന്റ് സ്ഥാപിക്കണം. ഇശൽ ഗ്രാമത്തിൽ പഠനകേന്ദ്രം സ്ഥാപിക്കാനും റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കാനും നടപടി വേണം. ശുദ്ധജല ക്ഷാമ പരിഹാരത്തിനായി കുടിവെള്ള പദ്ധതികൾ വേണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രേമലത, എം.പ്രേമാവതി, കൊഗു, രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളായ അപർണ അശോക്, വി.എ.സുഹൈൽ, പി.വൈശാഖ്, കെ.വൈഷ്ണവി, എം.എ.ശ്രീജി, അക്ഷയ് എസ്.കുമാർ, വിഷ്ണു കെ.ഷാജി, ആർ.അദ്വൈത് കൃഷ്ണ എന്നിവരും പങ്കെടുത്തു. ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ടവർക്കു കൈമാറുമെന്നു അധികൃതർ അറിയിച്ചു.