ADVERTISEMENT

കൊല്ലം ∙ സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഗ്രന്ഥശാലാ സംഘം നേതാവുമായ ഡോ. പി.കെ ഗോപൻ (56) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. മുന്നണി ധാരണ പ്രകാരം സിപിഐയിലെ സാം കെ.ഡാനിയൽ രാജിവച്ച ഒഴിവിൽ 10 നാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കുന്നത്തൂരിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണു ഗോപൻ.

പാർട്ടിയുടെ ഉയർന്ന ഘടകത്തിലുള്ളവരെ പരിഗണിക്കുന്ന പതിവു വിട്ടാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു പി.കെ.ഗോപനെ പാർട്ടി പരിഗണിച്ചത്. 3 തവണ സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറിയായിരുന്ന ഈ എംഎ, പിഎച്ച്ഡി ബിരുദധാരി അതിനു മുൻപ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, ചലച്ചിത്ര വികസന കോർപറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ഗോപൻ 22 –ാമത്തെ വയസ്സിൽ മൈനാഗപ്പള്ളി സർവീസിൽ സഹകരണ ബാങ്ക് പ്രസിഡന്റായി. 

പിന്നീട് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു മുന്നോടിയായി ചേർന്ന ജില്ലയിൽ നിന്നുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലാണു ഗോപന്റെ പേരു നിർദേശിക്കപ്പെട്ടത്. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരവും ഇതിനുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ നിർദേശം അവതരിപ്പിച്ചപ്പോൾ കാര്യമായ എതിർപ്പില്ലാതെ അംഗീകരിക്കപ്പെട്ടു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കർഷക സംഘം ജില്ലാ സെക്രട്ടറി സി. ബോൾഡ്‌വിൻ, ജില്ലാ കമ്മിറ്റിയംഗം എൻഎസ് പ്രസന്നകുമാർ എന്നിവരെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു നേരത്തേ പരിഗണിച്ചിരുന്നത്. എന്നാൽ പാർട്ടിയിലും പൊതു രംഗത്തുമുള്ള ദീർഘകാല പ്രവർത്തന പരിചയം ഗോപനു തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സാമുദായിക പരിഗണനകളും നേതൃത്വം പരിഗണിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ എൻ.എസ് പ്രസന്നകുമാറിനെ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കു ഉയർത്തിക്കാട്ടിയിരുന്നെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോൽവിയുടെ പേരിൽ പ്രസന്നകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. അടുത്തിടെയാണു വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.നിലവിലെ വൈസ് പ്രസിഡന്റ് സിപിഎമ്മിലെ സുമ ലാലും വൈകാതെ രാജിവയ്ക്കും. അടുത്ത ഊഴം സിപിഐയ്ക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com