3 കോടി രൂപ അനുവദിച്ചെങ്കിലും തർക്കം തുടരുന്നു; വെട്ടിപ്പൊളിച്ച റോഡും നന്നാക്കിയിട്ടില്ല, താൽക്കാലിക അറ്റകുറ്റപ്പണി പോലുമില്ല
Mail This Article
കല്ലാച്ചി∙ സംസ്ഥാനപാതയുടെ ഭാഗമായ കല്ലാച്ചി ടൗൺ വികസനം മഴയ്ക്കു മുൻപ് നടക്കില്ല. പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ വ്യാപാരികൾ സന്നദ്ധരായില്ല. റോഡിലെ താൽക്കാലിക അറ്റകുറ്റപ്പണി പോലും നടത്തേണ്ടെന്നാണ് തീരുമാനം. ശുദ്ധജല പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡും നന്നാക്കിയിട്ടില്ല. പൊടിശല്യം കാരണം ദുരിതത്തിലായ വ്യാപാരികൾ കഴിഞ്ഞ ദിവസം ടൗണിൽ സമരം നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ട് ഏറെയായെങ്കിലും പുതിയ റോഡ് അലൈൻമെന്റ് തയാറായിട്ടില്ല. കടകളുടെ ഇരു ഭാഗങ്ങളിൽ നിന്നും റോഡിനോട് ചേർക്കേണ്ട സ്ഥലത്തെച്ചൊല്ലിയാണ് തർക്കം. 3 മീറ്റർ വീതം ഇരു ഭാഗത്തു നിന്നും എടുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് വ്യാപാരികളുടെ എതിർപ്പ് കാരണം 2 മീറ്റർ വീതം റോഡിനോട് ചേർക്കാമെന്നായി തീരുമാനം. ഇതിനോടും വിയോജിക്കുകയാണ് വ്യാപാരികൾ.
മഴ തുടങ്ങാനിരിക്കെ, ഇനി ടെൻഡർ നടപടികൾ പൂർത്തിയാക്കാനോ പണി തുടങ്ങാനോ കഴിയില്ല. വരുന്ന മഴക്കാലത്തും റോഡ് പുഴയാകുന്ന സ്ഥിതിയാണ്. റോഡിൽ കുഴി വെട്ടിയതു കാരണം പാർശ്വങ്ങളിൽ വാഹനങ്ങൾ താഴ്ന്നു പോകാൻ സാധ്യതയുമേറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ പെയ്തപ്പോൾ പോലും റോഡിൽ വെള്ളക്കെട്ടായിരുന്നു.