വയസ് 77; വിശ്വനാഥന് നായര്‍ക്ക് പറയാനുണ്ട്, സൈക്കിള്‍ യാത്രികനെന്ന നിലയില്‍ 62 കൊല്ലത്തെ അനുഭവ സമ്പത്ത്
Mail This Article
കൊയിലാണ്ടി∙ കൊല്ലക്കാരുടെ ശിങ്കേട്ടന്‍ എന്ന വിശ്വനാഥന്‍ നായര്‍ക്ക് ഏഴുപത്തിയേഴ് വയസ് കഴിഞ്ഞു, ഇക്കാലത്തിനിടെ സൈക്കിളില്‍ വിശ്വനാഥന്‍ താണ്ടിയത്ര ദൂരമൊന്നും ഇവിടെയൊരു ബൈക്കുകാരനും താണ്ടിയിട്ടുണ്ടാവില്ല. സൈക്കിള്‍ യാത്രികനെന്ന നിലയില്‍ അറുപത്തിരണ്ട് കൊല്ലത്തെ അനുഭവ സമ്പത്തുണ്ട് വിശ്വനാഥന്‍ നായര്‍ക്ക് പറയാന്‍.
പതിനഞ്ചാം വയസില്‍ ഒപ്പം കൂട്ടിയതാണ് സൈക്കിളിനെ. മോട്ടോര്‍ബൈക്കും കാറുമെല്ലാം തരംഗമായെങ്കിലും അറുപത്തിരണ്ട് വര്‍ഷമായിട്ടും വിശ്വനാഥന്‍ ആ കൂട്ട് ഉപേക്ഷിച്ചിട്ടില്ല.സൈക്കിളിനെ കൂട്ടുപിടിച്ചുള്ള ഈ യാത്രയെക്കുറിച്ച് പറയുമ്പോള്‍ വിശ്വനാഥന് നൂറുനാവാണ്. ''യാത്രയ്ക്ക് കാര്യമായി സൈക്കിള്‍ മാത്രം ഉളള കാലത്ത് അവിടെയും ഇവിടെയും നിര്‍ത്തിയിട്ട സൈക്കിളില്‍ അനുവാദം ചോദിച്ച് ഓടിച്ചാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. സൈക്കിള്‍ സ്വന്തമായി വാങ്ങിക്കാനുള്ള വരുമാനമൊന്നും അന്നുണ്ടായിരുന്നില്ല. വാടകയ്ക്ക് സൈക്കിളെടുത്താണ് യാത്ര ചെയ്യാറുള്ളത്. അന്ന് ഒരു ദിവസം 35 കിലോമീറ്റര്‍ നാല് മണിക്കൂറുകൊണ്ട് ചവിട്ടും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. ഏഴ് മണിയോടെയാണ് തിരിച്ചെത്തുന്നത്. ലോറിയില്‍ കപ്പ ഇറക്കിയിടത്തുനിന്നെല്ലാം പൈസ കലക്ട് ചെയ്യലാണ് പണി. മുചുകുന്ന്, പുറക്കാട് ഭാഗങ്ങളിലെല്ലാം പൈസ വാങ്ങിയിരുന്നത് ഞാനാണ്. അതിനായി പോകുന്നതാകട്ടെ സൈക്കിളിലും'' വിശ്വനാഥന്‍ പറഞ്ഞു.
കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ആദ്യത്തെ സൈക്കിള്‍ സ്വന്തമാക്കുന്നത്. ഹീറോയുടെ സൈക്കിള്‍. വല്ലാത്തൊരു സന്തോഷനിമിഷമായിരുന്നു അന്ന്. ഇക്കാലത്തിനിടെ നാലാമത്തെ സൈക്കിളാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന ഹെര്‍ക്കുലിസിന്റേത്. അത് സമ്മാനിച്ചതാകട്ടെ 'കൊല്ലം ലെെവെന്ന പ്രവാസി വാട്സ്ആപ്പ് കൂട്ടായ്മ'. ശിങ്കന് സൈക്കിളിനോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ സൈക്കിള്‍യാത്രയെയും കുറിച്ച് അറിഞ്ഞ് മൂന്നുകൊല്ലം മുമ്പ് അദ്ദേഹത്തെ കൊല്ലത്തുവെച്ച് അനുമോദിക്കുകയും സൈക്കിള്‍ സമ്മാനിക്കുകയുമായിരുന്നു.
കോഴിക്കോട് വരെ ശിങ്കന്‍ സൈക്കിളില്‍ തന്നെയാണ് പോകാറുള്ളത്. കൊയിലാണ്ടിയിലെ തിരക്കൊന്നും തന്റെ സൈക്കിള്‍ യാത്രയ്ക്ക് ബുദ്ധിമുട്ടല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓടിച്ചു ശീലിച്ചാല്‍ മറ്റേതൊരു വാഹനംപോലെയും സൈക്കിളും കൈകാര്യം ചെയ്യാം. സൈക്കിളിലെ യാത്രയെ ഒരു വ്യായാമമെന്ന രീതിയിലാണ് കാണുന്നത്. ഇന്നും എല്ലാദിവസവും രാവിലെ കൊല്ലംപിഷാരികാവ് ക്ഷേത്രത്തിലേക്ക് സൈക്കിളും ചവിട്ടി പോകും. പിഷാരികാവ് ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗമാണ് വിശ്വനാഥന്‍. ഈച്ചരാട്ടില്‍ തറവാട്ടിലെ കാരണവരായാണ് അദ്ദേഹം ട്രസ്റ്റിബോര്‍ഡിലെത്തിയത്. ദിവസവും ഒരുമണിക്കൂറോളം പിഷാരികാവ് ക്ഷേത്ര പരിസരത്ത് സൈക്കിളില്‍ ചുറ്റിക്കറങ്ങിയേ മടങ്ങാറുള്ളൂ.