പാതാള പുന്താരകൻ, പാഞ്ചിയ ഭുജിയോ... കാരക്കുന്നത്തു നിന്ന് അപൂർവ മത്സ്യങ്ങൾ

Mail This Article
ബാലുശ്ശേരി(കോഴിക്കോട്) ∙ പുന്നശ്ശേരി കാരക്കുന്നത്ത് അപൂർവമായ പാതാള മത്സ്യ‘ചാകര’. ഒന്നിനെ തേടി എത്തിയ കുഫോസ് ഉദ്യോഗസ്ഥർക്കാണ് പാഞ്ചിയോ ഭുജിയ എന്ന അത്യപൂർവമായ പത്തോളം മത്സ്യങ്ങൾ കൂടി ലഭിച്ചത്. പുന്നശ്ശേരി കാരക്കുന്നത്ത് കുളങ്ങരക്കണ്ടി വരേണ്യം വീട്ടിൽ എൻ.ദിലീപ് കുമാറിന്റെ മക്കളുടെ കരുതലാണ് കുഫോസ് ഗവേഷകർക്ക് അനുഗ്രഹമായത്. പൈപ്പിൽ നിന്ന് വെള്ളം എടുക്കുമ്പോൾ കഴിഞ്ഞ ജൂൺ 5ന് ആയിരുന്നു ദിലീപ് കുമാറിന്റെ മൂത്ത മകൾ ആദിത്യയ്ക്ക് പാതാള മീനിനെ ലഭിച്ചത്. ബക്കറ്റിലേക്കു ചാടിയ കൗതുക മീനിനെ ആദിത്യയും അനിയത്തി ആവണിയും ചേർന്ന് കുപ്പിയിലാക്കി സൂക്ഷിച്ചു.
കേരളത്തിൽ കണ്ടെത്തിയതായി അറിയിച്ച് കഴിഞ്ഞ ആഴ്ച ഹോളിവുഡ് നടൻ ലിയനാഡോ ഡി കാപ്രിയോ ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ച പാതാള പൂന്താരകന്റെ ചിത്രവും വാർത്തയും പത്രത്തിൽ കണ്ടപ്പോൾ ആവണിയാണ് വിവരം കുഫോസിനെ അറിയിക്കാൻ ചേച്ചിയോടു പറഞ്ഞത്. പാതാള പൂന്താരകനെ ലഭിച്ച ആൾ അതിനെ ഗവേഷകർക്ക് കൈമാറിയതിനെ ടൈറ്റാനിക് നായകൻ ഡികാപ്രിയോ അഭിനന്ദിച്ചിരുന്നു. നടൻ പങ്കുവച്ച മീനിന്റെ വർഗത്തിൽ പെട്ടതിനെയാണു കാരക്കുന്നത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസം ഇതിനെ കുഫോസ് അധികൃതർ പഠനത്തിനായി കൊച്ചിയിലേക്കു കൊണ്ടുപോയി.

പാതാള പൂന്താരകന് കാഴ്ച ഇല്ലെങ്കിൽ പാഞ്ചിയോ ഭുജിയയ്ക്ക് കണ്ണുകൾ ഉണ്ട്. വലുപ്പം ഏകദേശം തുല്യമാണ്. ലഭിച്ച ജീവിയുടെ ബാക്കി ‘ഭീകരർ’ കൂടി വെള്ളം നശിപ്പിക്കുമോ എന്നു ഭയന്ന് വീട്ടുകാർ കിണർ വറ്റിക്കുകയും ചെയ്തു. എന്നാൽ പാതാള മത്സ്യങ്ങളെ കിണറ്റിൽ കണ്ടെത്തിയാൽ ആശങ്ക വേണ്ടെന്നും ഏറ്റവും ശുദ്ധമായ ജലത്തിൽ മാത്രമേ ഇവയെ കണ്ടെത്താനാകൂ എന്നും ഗവേഷകർ പറഞ്ഞു. 2018ലെ പ്രളയത്തിനു ശേഷമാണ് പാതാള മത്സ്യങ്ങളെ കിണറുകളിലും മറ്റും കണ്ടെത്താൻ തുടങ്ങിയത്.
കിണർ വറ്റിച്ചപ്പോഴും കുപ്പിയിലാക്കി വച്ച ജീവിയെ കുട്ടികൾ ഉപേക്ഷിക്കാതെ സൂക്ഷിച്ചു വച്ചിരുന്നതാണ് ഗവേഷകർക്ക് തുണയായത്. 11 ഇനം പാതാള മത്സ്യങ്ങളെയാണ് ഇതുവരെ കേരളത്തിൽ കണ്ടെത്തിയത്. കണ്ടെത്തിയവയുടെ എണ്ണം വളരെ കുറവുമാണ്. ഭൂമിക്കടിയിലെ ഉറവുചാലുകളിലൂടെയാണ് ഇവയുടെ സഞ്ചാരം. അങ്ങനെയാണ് കിണറുകളിൽ ഇവയെ കണ്ടെത്താനാകുന്നത്. കേരളത്തിൽ പാതാള മീനുകളെ കുറിച്ചുള്ള കാര്യമായ പഠനങ്ങൾ തുടങ്ങിയിട്ട് 10 വർഷം ആകുന്നേയുള്ളൂ. പ്രജനന കാലത്തെ കുറിച്ച് അടക്കമുള്ള ഗൗരവമായ പഠനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
കാരക്കുന്നത്തുനിന്ന് പത്തോളം പാതാള മത്സ്യങ്ങളെ ലഭിച്ചത് ഗവേഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. മറ്റു പാതാള ഇനങ്ങളെ വെള്ളത്തിനടിയിൽ മാത്രം കാണുമ്പോൾ പാഞ്ചിയോ ഭുജിയ ഇനത്തെ ജലോപരിതലത്തിലും അപൂർവമായി കാണാറുണ്ട്. വെള്ളത്തിലെ സൂക്ഷ്മ പ്ലവകങ്ങളാണ് ഇവയുടെ ഭക്ഷണം. കുഫോസ് ഉദ്യോഗസ്ഥർ കാരക്കുന്നത്ത് നടത്തിയ പരിശോധനയിലാണ് ദിലീപ് കുമാറിന്റെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്ന് പത്തോളം പാതാള മീനുകളെ കൂടി ലഭിച്ചത്.പാഞ്ചിയോ ഭുജിയ ഇനത്തെ 2019ൽ ആണ് ആദ്യമായി ചേരിഞ്ചാലിൽ കണ്ടെത്തിയത്. പിന്നീട് കോട്ടക്കലിലും തൃശൂരിലും ഇവയെ കണ്ടെത്തി. കേരളത്തിൽ ഇവയെ കണ്ടെത്തുന്ന നാലാമത്തെ സ്ഥലമാണ് കാരക്കുന്നത്ത്.