നാടുകാണി ചുരം: തമിഴ്നാടിന്റെ ഭാഗം ഗതാഗത യോഗ്യമാക്കി

Mail This Article
എടക്കര ∙നാടുകാണി ചുരം പാതയിലെ കുഴികൾ നികത്തി തമിഴ്നാടിന്റെ ഭാഗം യാത്രായോഗ്യമാക്കി, ഇനി കേരളത്തിന്റെ ഭാഗമാണ് നന്നാക്കാനുള്ളത്. സംസ്ഥാന അതിർത്തി മുതൽ നാടുകാണി വരെ 6 കിലോമീറ്റർ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് ഹൈവേ ഡിപ്പാർട്മെന്റ് തകർന്ന ഭാഗങ്ങളിൽ പൂട്ടുകട്ട പതിച്ചും റീ ടാറിങ് നടത്തിയും നന്നാക്കി. ഇനിയിപ്പോൾ കേരളത്തിന്റെ ഭാഗത്ത് ജാറത്തിനു സമീപമാണ് യാത്ര ദുഷ്കരമായുള്ളത്. 2019ലെ ഉരുൾപൊട്ടലിൽ തകർന്ന സ്ഥലമാണിത്.
200 മീറ്ററോളം താൽക്കാലികമായി ബലപ്പെടുത്തിയാണ് ഗതാഗതം നടത്തുന്നത്. ഇടിഞ്ഞുതാഴ്ന്നതിനോടു ചേർന്നുള്ള സ്ഥലത്തും വലിയ കുഴികളുണ്ട്. ഈ കുഴികളിൽ വാഹനങ്ങളുടെ അടിഭാഗം തട്ടി കേടു സംഭവിക്കുന്നത് പതിവായി. ബലപ്പെടുത്തിയ ഭാഗം താഴുന്നതും ആശങ്കയ്ക്കിടയാക്കുന്നു.
ഇവിടെ റോഡ് ശാസ്ത്രീയമായി പുനർനിർമിക്കുന്നതിന് ഡൽഹി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തി 2 വർഷം മുൻപ് സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. നാടുകാണി – പരപ്പനങ്ങാടി പാത രണ്ടാംഘട്ട നിർമാണത്തിൽ ഇത് ഉൾപ്പെടുത്തിയെങ്കിലും അടുത്തൊന്നും നടക്കില്ലെന്നാണ് അറിയുന്നത്.