ADVERTISEMENT

പെരിന്തൽമണ്ണ∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങിനു മുന്നോടിയായി മംഗളധ്വനി മുഴക്കാൻ കേരളീയ വാദ്യോപകരണമായ ചെണ്ടയുമായി കൊളത്തൂരിൽനിന്ന് വാദ്യകലാകാരൻ കലാനിലയം കൃഷ്‌ണകുമാറും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 50 വാദ്യ–സംഗീതോപകരണങ്ങൾക്കൊപ്പമാണ് ചെണ്ടയുടെ നാദവും വേറിട്ടു മുഴങ്ങിയത്. 

കേരളത്തിൽനിന്ന് ചെണ്ട മാത്രമാണ് ചടങ്ങിന്റെ ഭാഗമായി ഉൾപ്പെടുത്തിയത്. ചെണ്ട 18 വാദ്യങ്ങൾക്കു തുല്യമാണെന്നും എല്ലാ താളവും ചെണ്ടയ്ക്കു താഴെ എന്നും വിശ്വസിക്കുന്ന മലയാളിയുടെ മനസ്സുപോലെയായി ആ തിരഞ്ഞെടുപ്പ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ പരമ്പരാഗത വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളാരതി ക്ഷേത്രത്തിൽ ഒരുക്കിയത്. 

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ചെണ്ടവാദ്യവുമായി പങ്കെടുക്കാനായത് ഒരു കലാകാരനെന്ന നിലയിൽ മഹാഭാഗ്യമായി കരുതുന്നുവെന്ന് കൊളത്തൂർ മന്ദാരത്തിൽ പിഷാരത്ത് (കൃഷ്‌ണഭവനിൽ) കലാനിലയം കൃഷ്‌ണകുമാർ (39) പറഞ്ഞു. 20 വർഷത്തോളമായി കൃഷ്‌ണകുമാറിന് ചെണ്ടയിൽനിന്ന് വേറിട്ടൊരു ജീവിതമില്ല. കഥകളി–ചെണ്ടയിലാണ് വൈദഗ്ധ്യം. തിരുവനന്തപുരം മാർഗി കഥകളി സ്‌കൂളിലെ ചെണ്ട അധ്യാപകനാണ്. കൊളത്തൂർ വാദ്യസംഘത്തിന്റെ നേതൃത്വത്തിലും ചെണ്ട പരിശീലിപ്പിക്കുന്നുണ്ട്.

കേന്ദ്ര സംഗീത നാടക അക്കാദമി വഴിയാണ് പരിപാടിക്ക് വിമാന ടിക്കറ്റുൾപ്പെടെ ക്ഷണം ലഭിച്ചത്.  18ന് ലക്‌നൗവിലെത്തി. തുടർന്ന് 3 ദിവസം റിഹേഴ്സൽ നടന്നു. 21ന് രാവിലെ ക്ഷേത്രത്തിൽ വച്ചു തന്നെ റിഹേഴ്‌സൽ നടത്തി. മഹാഗണപതീം എന്ന കൃതിയിലാണ് നാഗസ്വരത്തോടൊപ്പം ചെണ്ട വായിച്ചത്. ഇന്ന് ലക്‌നൗവിൽനിന്ന് നാട്ടിലേക്കു മടങ്ങും. രജനിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കൾ: സാരംഗ് കൃഷ്‌ണ, സംവേദ കൃഷ്‌ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com