പനിക്കു കുത്തിവയ്പെടുത്ത എട്ടു വയസ്സുകാരൻ ചികിത്സ ഫലിക്കാതെ മരിച്ചു
Mail This Article
കോയമ്പത്തൂർ ∙ പനിബാധിതനായ കുട്ടി കുത്തിവയ്പ് എടുത്ത ശേഷം ചികിത്സ ഫലിക്കാതെ മരിച്ചു. പാലക്കാട് കുനിശ്ശേരി കോഴിയോട് വീട്ടിൽ രമേഷിന്റെ മകൻ തൻവിൻ (8) ആണു മരിച്ചത്. കോയമ്പത്തൂരിൽ പനിക്കു ചികിത്സ നൽകിയ ക്ലിനിക്കിന്റെ പിഴവാണു മരണത്തിനു കാരണമെന്നാണു കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ 5നു പനി ബാധിച്ച തൻവിനെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ കാണിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം നഴ്സ് കുത്തിവയ്പു നൽകി. പിറ്റേന്നു വേദന വർധിക്കുകയും കുത്തിവച്ച സ്ഥലത്തു വീക്കമുണ്ടാവുകയും ചെയ്തതോടെ 7നു വീണ്ടും ക്ലിനിക്കിലെത്തി.
ഡോക്ടർ സ്ഥലത്ത് ഇല്ലായിരുന്നു. മരുന്നു പുരട്ടാനാണു നഴ്സ് നിർദേശിച്ചത്. മണിക്കൂറുകൾക്കകം കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്നു വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നുള്ള നിർദേശപ്രകാരം ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു.
കോയമ്പത്തൂരിൽ സ്വർണപ്പണിക്കാരനായ രമേഷ് കുടുംബത്തോടൊപ്പം ഗാന്ധി പാർക്ക് ശുക്രവാർ പേട്ടയിലാണു വർഷങ്ങളായി താമസിക്കുന്നത്. പരാതി നൽകിയതിനെ തുടർന്ന് ആർഎസ് പുരം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൃതദേഹം തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. നെഹ്റു വിദ്യാലയ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണു തൻവിൻ. അമ്മ: പ്രസീദ. സഹോദരൻ: തന്മയ് രമേഷ്.