ഷഫീഖ് അനുജൻ ഷമീർ, തുടക്കം സൈക്കിൾ മോഷണം, ഒരുമിച്ച് ജുവനൈൽ ഹോമിലും; പ്രതികൾ വെള്ളനാട് എത്തിയത് ഇങ്ങനെ..
Mail This Article
പോത്തൻകോട് ∙ കണിയാപുരത്തുള്ള മുസല്യാരുടെ സൈക്കിൾ ‘കടത്തി’യാണ് അണ്ടൂർക്കോണം പാച്ചിറ ചായ്പ്പുറത്തുവീട് ഷഫീഖ് മൻസിലിൽ ആർ. ഷഫീഖിന്റെയും അനുജൻ ഷമീറിന്റെയും മോഷണങ്ങൾക്കു തുടക്കം. ഷഫീഖിന്റെ 15 -ാം വയസ്സിലായിരുന്നു സംഭവം. ഇരുവരും അവിടെ പഠിക്കാനെത്തിയതായിരുന്നു. അർധരാത്രിയിൽ ഇരുവരും ചേർന്ന് സൈക്കിളുമായി കടന്നു. മംഗലപുരം സ്റ്റേഷനു സമീപം വച്ച് ഇവരെ പിടികൂടി. സൈക്കിൾ തിരിച്ചു കിട്ടിയതിനാലും കുട്ടികളായതിനാലും മുസല്യാർ പരാതി നൽകിയില്ല. പിന്നീടങ്ങോട്ട് ഷഫീഖ് 15, ഷമീർ 12 മോഷണകേസുകളിൽ വീതം പ്രതികളായി .
പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലാക്കി. 2015ൽ ജുവനൈൽ ഹോമിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനും കേസുണ്ട്. 8 വർഷത്തിനു ശേഷം വാറന്റ് നോട്ടീസുമായെത്തുമ്പോൾ പൊലീസിനെ നാടൻപടക്കവും മഴുവുമെറിഞ്ഞ് ആക്രമിച്ച ശേഷം ഷഫീഖ് ഒളിവിലായിരുന്നു. ബൈക്ക്, ആട്, സ്വർണമാല എന്നിവയെല്ലാം മോഷ്ടിക്കാൻ ഇരുവരും തുടങ്ങി. വീടുകളിലും കടകളിലുമൊക്കെ കയറി മോഷ്ടിച്ചു. 2020ൽ കോട്ടയം കറുകച്ചാലിൽ മോഷണത്തിനു കേസുണ്ട്.
പാമ്പാടി , കൊല്ലം കുണ്ടറ തുടങ്ങി തെക്കൻ ജില്ലകളിലെല്ലാം വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. തിരുവനന്തപുരത്ത് നെടുമങ്ങാട് വട്ടപ്പാറ, കിളിമാനൂർ, പള്ളിക്കൽ, തുമ്പ, ആറ്റിങ്ങൽ, മംഗലപുരം, കഴക്കൂട്ടം സ്റ്റേഷനുകളിലെല്ലാം കേസുകളുണ്ട്. ഇതിനിടയ്ക്കാണു കഞ്ചാവ് കച്ചവടത്തിലേക്കും പിന്നീട് സിന്തറ്റിക് ലഹരി കച്ചവടത്തിലേക്കും തിരിയുന്നത്. ഗുണ്ടാ സംഘങ്ങളുമായും ബന്ധം ഉറപ്പിച്ചതോടെയാണ് തട്ടിക്കൊണ്ടു പോകൽ സംഭവം .
പ്രതികൾ വെള്ളനാട് എത്തിയത് ഇങ്ങനെ
പോത്തൻകോട് ∙ തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ അന്വേഷിച്ചെത്തിയ പൊലീസുകാരെ നാടൻബോംബും മഴുവും എറിഞ്ഞ് ആക്രമിച്ച ശേഷവും ഷഫീഖും കൂട്ടുപ്രതികളും പരിസരത്തു തന്നെയുണ്ടായിരുന്നു. ഇവരെ തിരക്കി രാത്രി രണ്ടാമതും പൊലീസ് എത്തുമ്പോഴും പ്രതികൾ വീണ്ടും നാടൻ ബോംബും മഴുവും എറിഞ്ഞു. പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പിടിയിലാകുമെന്നു കണ്ടതോടെ രാത്രി തന്നെ ചിറയിൻകീഴിൽ നിന്നും മറ്റൊരാളുടെ സഹായത്തോടെ എടുത്ത വാടക കാറിൽ ഇവർ നെടുമങ്ങാട് എത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസും ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു. എന്നാൽ നെടുമങ്ങാട് വച്ച് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ആക്കി. ഇതോടെ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിലായി. തമിഴ് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ഇവർ. ഇതിനിടയിലാണ് വെള്ളനാട് നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തുന്നത്.