ബൈപാസിൽ മേൽപാലം പണി പുരോഗമിക്കുന്നു

Mail This Article
കയ്പമംഗലം ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മൂന്നുപീടിക ബൈപാസിലെ മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. വഴിയമ്പലം, പെരിഞ്ഞനം, കൊറ്റംകുളം എന്നിവിടങ്ങളിലാണ് നിർമാണം ആരംഭിച്ചിട്ടുള്ളത്. കോൺക്രീറ്റ് തൂണുകൾ ഉയർന്നുകഴിഞ്ഞു. ബീമുകളുടെ പണികളും യന്ത്ര സഹായത്തോടെയാണ് നടക്കുന്നത്. കനത്ത മഴയെ തുടർന്ന് പണിയുടെ വേഗം കുറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ മാറിയതോടെ നിർമാണ പ്രവർത്തനങ്ങൾ രാവും പകലുമായാണ് നടക്കുന്നത്. ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനിയുടെ നേതൃത്വത്തിൽ പാലത്തിനായുള്ള റെഡിമെയ്ഡ് കോൺക്രീറ്റ് ബീമുകൾ ഉൾപ്പെടെയുള്ളവ നിർമിച്ച് സംഭരിച്ചിട്ടുണ്ട്. മൂന്നുപീടിക ബീച്ച് റോഡിലെ അടിപ്പാതയ്ക്കായുള്ള പൈലിങ് ആരംഭിച്ചിട്ടില്ല. മഴ കുറഞ്ഞ സ്ഥിതിക്ക് വേഗത്തിൽ തന്നെ പണികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ബൈപാസിൽ കാനയും സർവീസ് റോഡും ഇനിയും പൂർത്തിയാവേണ്ടതുണ്ട്. ബൈപാസിലെ ഉൾറോഡുകൾ പലതും അടഞ്ഞതിനാൽ താൽക്കാലികമായി യാത്രാക്ലേശവും നാട്ടുകാർക്കുണ്ട്. ഇരുവശത്തേയും സർവീസ് റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാർക്ക് യാത്രാ തടസ്സം പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്.