ADVERTISEMENT

കടലിലേക്കു നൗകകളിൽ മത്സ്യബന്ധനത്തിനായി പോയ നാവികർ. ശാന്തമായ കടൽ.എങ്ങും നിശബ്ദം. പെട്ടെന്നാണ് നൗകകൾ വായുവിലേക്കുയർന്നത്. ഏതോ ജീവി കടലിൽ നിന്നും ആക്രമിക്കുകയാണ്. അനേകം കൈകളും നീണ്ട കൊമ്പുകളുമുള്ള ഭീമാകാരനായ ജീവി. ഡിന്നർ പ്ലേറ്റുകളുടെ വലിപ്പമുള്ള അവയുടെ വലിയ കണ്ണുകൾ മീൻപിടുത്തക്കാരെ രൂക്ഷമായി നോക്കി. കലിയടങ്ങാത്ത ജീവി നൗകകൾ തകർത്തുകളയുകയും തന്റെ നീളമുള്ള കൈകളാൽ നാവികരെ ചുരുട്ടിയെടുത്ത് ഭക്ഷിക്കുകയും ചെയ്തു.

സ്കാൻഡിനേവിയയിലെ നാടോടിക്കഥകളിൽ ഇത്തരം സംഭവങ്ങൾ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. കടലിനെ പശ്ചാത്തലമാക്കിയുള്ള നടുക്കുന്ന കഥകളിലെ ഈ വില്ലൻ ജീവിയെ അവർ വിളിച്ചിരുന്നത് ക്രേക്കൻ എന്നാണ്. നാവികരുടെയും മത്സ്യത്തൊഴിലാളികളുടെയും  പേടിസ്വപ്നം. ഡെൻമാർക്ക്,ഗ്രീൻലൻഡ്, സ്കാൻഡിനേവിയ തുടങ്ങിയ പ്രദേശങ്ങൾക്കു ചുറ്റും ഈ ഭീകരജീവി അധിവസിച്ചെന്ന് അവർ ഉറച്ചു വിശ്വസിച്ചു. പിൽക്കാലത്ത് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡെൻമാർക്കിൽ ഒരു വിചിത്രജീവിയുടെ ശവശരീരം തീരത്തടിഞ്ഞു. ക്രേക്കനുമായി സാമ്യമുള്ള ജീവി. ഇതോടെ ക്രേക്കൻ കഥ സത്യമാണെന്ന വിശ്വാസം കാട്ടുതീ പോലെയാണ് പടർന്നത്. എന്നാൽ, സമുദ്രത്തിലെ അപൂർവജീവിയായിരുന്ന രാക്ഷസക്കണവയായിരുന്നു ഡെൻമാർക്കിൽ തീരത്തടിഞ്ഞത്.

ഹോട്ടലുകളിൽ നിന്നു കണവ (കൂന്തൽ) വിഭവങ്ങൾ കഴിച്ചിട്ടുണ്ടോ. നമ്മൾ കഴിക്കുന്ന കണവയുടെ വലുപ്പം കൂടിയ ബന്ധുവാണ് രാക്ഷസക്കണവ. ജയന്റ് സ്ക്വിഡ് എന്നാണ് ഇംഗ്ലിഷിൽ ഇവന്റെ പേര്. നീരാളികളും സാധാ കണവകളുമൊക്കെ ഉൾപ്പെടുന്ന സെഫലോപോ‍ഡ് എന്ന ജന്തുകുടുംബത്തിലാണു രാക്ഷസക്കണവകളുടെയും സ്ഥാനം. ലോകമെമ്പാടും അനേകം നോവലുകളിലൂടെയും സിനിമകളിലൂടെയും ഭീകരജീവിയെന്നു കുപ്രസിദ്ധി നേടിയെന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത.

1870ൽ പുറത്തിറങ്ങിയ, ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കായ ‘ട്വെന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ യിൽ രാക്ഷസക്കണവയെക്കുറിച്ച് പറയുന്നുണ്ട്. ഇതിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയുടെ അന്തർവാഹിനി നോട്ടിലസിനെ ഒരു രാക്ഷസക്കണവ ആക്രമിക്കുന്നത് പ്രശസ്തമായ രംഗങ്ങളിലൊന്നാണ്. ടൺകണക്കിനു ഭാരമുള്ള കപ്പലുകളെ തകർത്തു തരിപ്പണമാക്കുന്ന, അതിലെ നാവികരെ തന്റെ നീണ്ട കൈകളാൽ പിടിച്ചു തിന്നുന്ന ഭീകരജീവിയായി പൊടിപ്പും തൊങ്ങലും ചേർത്താണു നോവൽ രചയിതാവായ ഷൂൾസ് വേൺ രാക്ഷസക്കണവയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ ജീവിയുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഏറി.

 The Giant Squid: Dragon of the Deep
Giant squid lurking in the depths of a deep, dark ocean. Image Credit: Paul Fleet/shutterstock

ഡാൻ ബ്രൗൺ, ആർതർ സി ക്ലാർക്ക് തുടങ്ങിയ വിഖ്യാത എഴുത്തുകാരും രാക്ഷസക്കണവകളെ തങ്ങളുടെ കൃതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996ൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രം വലിയ രാക്ഷസക്കണവ ഒരു നഗരത്തിനെ ആക്രമിക്കുന്നതിന്റെ കഥയാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാൻസ് ചെസ്റ്റ് എന്ന സിനിമയിലും രാക്ഷസക്കണവയുടെ അവലംബമുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വലുപ്പവും ഭാരവും ഏറിയ ജീവികളാണ് രാക്ഷസക്കണവകൾ. ഇതിൽ ഇന്നു കിട്ടിയിട്ടുള്ളവയിൽ ഏറ്റവും വലുപ്പമുള്ളതിന് അറുപതടി നീളവും ആയിരം കിലോ ഭാരവുമുണ്ടായിരുന്നു. 

സമുദ്രാന്തർഭാഗത്തു ജീവിക്കുന്നതിനാൽ ഇവയെപ്പറ്റിയുള്ള പഠനങ്ങൾ ഇന്നും ശൈശവദശയിലാണ്. അപൂർവമായി തീരത്തടിയുന്ന ഇവയുടെ ശവശരീരങ്ങളിൽ നിന്നാണു കൂടുതലും ശാസ്ത്രജ്ഞർ പഠനം നടത്തുന്നത്. എന്നാൽ 2004ൽ ജപ്പാനിലെ ചില ശാസ്ത്രജ്ഞർ രാക്ഷസക്കണവകളെ കണ്ടെത്തുകയും ഇവയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു.ലോകത്തിലേക്ക് ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയാണ് ഇവയെന്നു കരുതപ്പെടുന്നു. ഏകദേശം 25 സെന്റിമീറ്ററോളം വ്യാസമുണ്ട് ഇവയുടെ കണ്ണുകൾക്ക്. ആഴക്കടലിൽ തങ്ങളുടെ പ്രധാന വേട്ടക്കാരനായ സ്പേം തിമിംഗലങ്ങളുടെ വരവ് അറിയാനും അവയിൽ നിന്നു രക്ഷ നേടാനും ഈ വലിയ കണ്ണുകള്‍ ഇവയെ സഹായിക്കും.

എട്ടു കൈകളും അവ കൂടാതെ നീണ്ട കൈകൾ പോലെയുള്ള രണ്ടു ഘടനകളും (ടെന്റക്കിൾസ്) ഇവയ്ക്കുണ്ട്.33 അടിയോളം നീളമുള്ള  ടെന്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എടുക്കുന്നത്. മീനുകൾ, കൊഞ്ചുകൾ, കടൽജീവികൾ എന്നിവയെ ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും തങ്ങളുടെ ഇരയാക്കാറുണ്ട്. എന്നാൽ മനുഷ്യരെ ഇവ ഭക്ഷണമാക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ല. മാന്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് എടുത്ത് ഇവ പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ചാണ് ഇവ മുന്നോട്ടു പോകുന്നത്.

ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും രാക്ഷസക്കണവകളുണ്ട്. എന്നാൽ തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കു ചുറ്റുമാണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു.‌ അഞ്ചു വർഷത്തോളമാണ് ഇവയുടെ ജീവിത കാലാവധി. ഒറ്റ പ്രജനനത്തി‍ൽ ലക്ഷക്കണക്കിന് മുട്ടകൾ ഇവ പുറത്തുവിടുമെന്നു പറയുന്നു. എന്നാൽ ഇവയിൽ സിംഹഭാഗവും മറ്റു കടൽജീവികൾക്ക് ഭക്ഷണമാകും. ശേഷിക്കുന്നവ വിരിഞ്ഞ് പുതിയ രാക്ഷസൻമാർ പുറത്ത് വരും.

English Summary: The Giant Squid: Dragon of the Deep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com