ADVERTISEMENT

രാത്രിയാത്രകളെക്കുറിച്ചുള്ള ആശങ്ക പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇതിനിടെ  ബെംഗളൂരു-മൈസൂരു  എക്‌സ്‌പ്രസ് ഹൈവേയിൽ കള്ളന്മാരും കൊള്ളക്കാരും വിഹരിക്കുന്നതായും ഇതു വഴി രാത്രിയിൽ കേരളത്തിലേക്ക് വരുന്നത് അപകടകരമാണെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന് നടുവിൽ  മരപ്പലകളിൽ  ആണികൾ തറച്ച ചിത്രങ്ങൾക്കൊപ്പമാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. സത്യമറിയാം

അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റിന്റെ സത്യമറിയാൻ നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. 

ബെംഗളൂരു ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരു കാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം, ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ്‌ ഹൈവെയിൽ കാറുകളിലും മറ്റും റോന്ത്‌ ചുറ്റുന്നുണ്ട്. എവിടെയെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തു കണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും, സാഹചര്യം മനസ്സിലാക്കി, കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു. കഴുത്തിനു കത്തിവെച്ചു, എടിഎം കാർഡ് വാങ്ങി ഗൂഗിൾപേ ചെയ്യിക്കുന്നു. നമ്മൾ എത്ര നിലവിളിച്ചാലും ആരും കേൾക്കാനില്ല. ഒരൊറ്റ വണ്ടിക്കാർ നിർത്തുകയുമില്ല. ശ്രീരംഗപട്ടണം മുതൽ കെങ്കേരി വരെ ഒരു കടയോ ഒരു ബിൽഡിങ്ങോ കാണുകയില്ല. എന്തെങ്കിലും സംഭവിച്ചു പൊലീസിൽ പരാതി കൊടുക്കാൻ പോയാൽ,  പൊലീസിന്റെ ഭാഗത്തു നിന്നും നമുക്ക് കിട്ടുന്ന മറുപടി, നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു കേസു നൽകിയാൽ ഇനി നിങ്ങൾ കേസിന്റെ ഭാഗമായി അവിടെ വന്നു കൊണ്ടേയിരിക്കണം എന്നാണ്. കള്ളന്മാർക്ക് മുഴുവൻ സപ്പോർട്ടും നൽകുന്നത് ഹൈവേ പൊലീസാണ് എന്നതിൽ സംശയമില്ല. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. അതോടൊപ്പം പരിചയക്കാരിലേക്ക് വിവരം കൈമാറുകയും ചെയ്യുക.  – ഇങ്ങനെയാണ് പോസ്റ്റുകളിൽ പ്രചരിക്കുന്നത്. 

പോസ്റ്റിനൊപ്പം പ്രചരിച്ച ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നൈജീരിയൻ ലാംഗ്വേജ് ഇന്‍റർനെറ്റ് ഫോറം വെബ്സൈറ്റിൽ സമാന ചിത്രം കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച റിപ്പോർട്ടിൽ ദക്ഷിണാഫ്രിക്കയിലെ സൗത്ത് പ്രിട്ടോറിയയിലെ സൗത്പാൻ റോഡിൽ ആണികൾ വഴിയിൽ സ്ഥാപിച്ച് കൊള്ളക്കാർ കൊള്ള നടത്തുന്നതുമായി ബന്ധപ്പെട്ട് കേസുകൾ റജിസ്റ്റർ ചെയ്തത് സംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിച്ചു. പ്രചരിക്കുന്ന ചിത്രമാണ് റിപ്പോർട്ടിനൊപ്പമുള്ളത്.

വിവരങ്ങളുടെ വാസ്തവമറിയാൻ ഞങ്ങളുടെ പ്രാദേശിക റിപ്പോർട്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം കൊള്ളസംഘങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളൊന്നും ബെംഗളൂരു - മൈസൂർ എക്‌സ്‌പ്രസ് ഹൈവേയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കി. ഹൈവേ തുറന്ന സമയത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും പോസ്റ്റിൽ പറയുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. ചിത്രത്തിലുള്ള റോഡിന് എക്സ്പ്രസ് ഹൈവേയുമായി സാദ‍ൃശ്യമില്ലെന്നും സൂചന ലഭിച്ചു. 

ബെംഗളൂരു-മൈസൂർ ഹൈവേ ആക്സസ് നിയന്ത്രിത ദേശീയ പാതയാണെന്നും എക്‌സ്പ്രസ് വേയല്ലെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി എക്‌സ്‌പ്രസ്‌വേകളുമായി ബന്ധപ്പെട്ടിരിക്കുന്ന 120 കിലോമീറ്റർ പരിധിക്ക് വിപരീതമായി ഈ റോഡിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി സജ്ജീകരിച്ചിരിക്കുന്നു."ഹൈവേ രൂപകൽപ്പന ചെയ്തിരിക്കുന്നത് മണിക്കൂറിൽ 120 കി.മീ അല്ല, 100 കി.മീ. എന്ന പരമാവധി വേഗപരിധിയ്ക്കാണ്. ഇൻഫ്രാസ്ട്രക്ചർ എക്സ്പ്രസ് വേയുടേതിന് സമാനമാകുമെങ്കിലും, എൻഫോഴ്സ്മെന്റ് ഏജൻസികൾ ആക്സസ് നിയന്ത്രിത ഹൈവേയ്ക്ക് അനുയോജ്യമായ വേഗപരിധി നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നു എന്നാണ് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.

credit: https://ramanagarapolice.karnataka.gov.in/
credit: https://ramanagarapolice.karnataka.gov.in/

കൂടുതൽ തിരച്ചിലിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്നും യാത്രക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിച്ചു കൊണ്ട്, ബെംഗളൂരു-മൈസൂരു ഹൈവേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ  സന്ദേശങ്ങളെ സംബന്ധിച്ച രാമനഗര പൊലീസിന്റെ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.  

വസ്തുത

ബെംഗളൂരു-മൈസൂരു  എക്‌സ്‌പ്രസ് ഹൈവേയിലെ രാത്രി യാത്ര സംബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റ് വസ്തുതാവിരുദ്ധമാണ്.

English Summary: Overnight travel on Bengaluru-Mysore Highway - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com