ഇടവഴിയിൽ നിന്ന് ബൈപാസിലേക്ക്; ശ്രദ്ധയില്ലായ്മ വരുത്തിവച്ച അപകടം – വിഡിയോ
Mail This Article
രാമൻചിറ–പെരുന്തുരിത്തി–പട്ടിത്താനം ബൈപാസ് കഴിഞ്ഞ ദിവസമാണ് തുറന്നത്. ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ എന്നീ ടൗണുകൾ ഒഴിവാക്കി എംസി റോഡിലൂടെയുള്ള യാത്ര സുഖമമാക്കുന്ന ഈ പാത ആളുകൾക്ക് ഏറെ സൗകര്യപ്രദമാണ്. പുതിയ പാതയുടെ വാർത്തകളുടെ കൂടെ വൈറലാകുകയാണ് കഴിഞ്ഞ ദിവസം അവിടെ നടന്ന അപകടവും.
ബൈപാസ് മുറിച്ചു കടക്കാൻ ശ്രമിച്ച കാറിൽ ഒരു മിനി ലോറി വന്നിടിക്കുന്ന അപകടത്തിന്റെ വിഡിയോയാണ് അത്. കാർ, മിനി ലോറി വരുന്നതിന് മുമ്പ് ബൈപ്പാസ് മുറിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു, ആർക്കും പരുക്കുകളില്ല.
ബൈപ്പാസിൽ ഹമ്പുകൾ ഇല്ലാത്തതു മൂലം വാഹനങ്ങൾ അമിതവേഗത്തിലാണ് വരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. മതിയായ സൈൻ ബോർഡുകളും പാതയിലില്ലാത്തത് അപകടങ്ങൾ വർധിപ്പിക്കും.
പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ പ്രധാന റോഡുകൾ മുറിച്ചു കടക്കും മുമ്പ് വാഹനം നിർത്തി ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.
∙ പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.
English Summary: Car Accident In Ettumanoor Bypass