ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ ആഡംബരത്തിൽ; പ്രേമലു സംവിധായകന്റെ പുത്തൻ വാഹനം
Mail This Article
ചെറുചിത്രങ്ങളിലൂടെയാണ് വരവെങ്കിലും മോളിവുഡിൽ പ്രേമലുവിലൂടെ കോടികളുടെ കിലുക്കം കേൾപ്പിച്ച സംവിധായകൻ ഗിരീഷ് എ ഡി യുടെ യാത്രകൾ ഇനി അൽപം ആഡംബരത്തിന്റെ ചേലോടെയാണ്. ബിഎംഡബ്‌ള്യു 2 സീരീസാണ് ഇനി ഈ സംവിധായകന്റെ യാത്രകൾ സൂപ്പറാക്കാൻ പോകുന്നത്. ബിഎംഡബ്‌ള്യുവിന്റെ ഔദ്യോഗിക ഡീലർഷിപ്പായ ഇ വി എം ഓട്ടോക്രാഫ്റ്റിലെത്തിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംവിധായകൻ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. 43.90 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ വിലയാരംഭിക്കുന്നത്. ഉയർന്ന മോഡലിലേക്ക് എത്തുമ്പോൾ 46.90 ലക്ഷം രൂപയിലെത്തും വില. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാകുന്ന വാഹനത്തിന്റെ ഏതു പതിപ്പാണ് ഗിരീഷ് എ ഡി സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാർ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാൻ കൂപ്പെ. എൻട്രി ലവൽ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ടു സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നാണു ബിഎംഡബ്ല്യു സ്വീകരിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാശൈലിയാണ് ടു സീരീസ് ഗ്രാൻ കൂപ്പെയ്ക്ക്. ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ രഹിതവുമായ വാതിലുകളുമൊക്കെയാണു കാറിനുള്ളത്.
വാഹനത്തിന്റെ പവർ ട്രെയിൻ ഓപ്ഷനിലേക്കു വരുമ്പോൾ 2.0 ലീറ്റർ ഡീസൽ എൻജിനു 188 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്‌സാണ്. 2.0 പെട്രോൾ എൻജിനാണെങ്കിൽ 177 ബി എച്ച് പി ആണ് പവർ 280 എൻ എം ടോർക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ആഡംബര വാഹനത്തിനു 7.1 സെക്കൻഡുകൾ മതിയാകും. ഡീസൽ വേരിയന്റിൽ 0.4 സെക്കൻഡുകൾ കൂടി അധികമെടുക്കും.