യുകെ മലയാളികളുടെ കൈത്താങ്ങ്; തൊടുപുഴ സ്വദേശിനിക്ക് ചികിത്സാസഹായം കൈമാറി 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ്'

Mail This Article
ലിവർപൂൾ/തൊടുപുഴ• തൊടുപുഴ സ്വദേശിനി കമല ശ്രീധരന്റെ ചികിത്സയ്ക്കു വേണ്ടി 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ' ഈസ്റ്റർ ചാരിറ്റിയിലൂടെ 1895 പൗണ്ട് (192079 ഇന്ത്യൻ രൂപ) രൂപ സഹായമായി കൈമാറി. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അഭ്യർഥന പ്രകാരം കമലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരാൾ 40,000 രൂപ നേരിട്ടും നൽകിയിരുന്നു. ഇതും കൂടി ചേർത്ത് ആകെ 2,37,079 രൂപയാണ് കമലയ്ക്കു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് പ്രൊഫ. ടി.ജെ. ജോസഫ് ആണു ഇടുക്കി ചാരിറ്റിക്ക് വേണ്ടി തൊടുപുഴയിൽ കമല ശ്രീധരന്റെ വീട്ടിൽ എത്തി തുക കൈമാറിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സിജിൽ ജോ, കമലയുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
കമലയുടെ ചികിത്സയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ബുദ്ധിമുട്ട് യുകെയിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്. തുടർന്നു യുകെ മലയാളികൾ കമലയ്ക്കു തുണയാകുകയായിരുന്നു. യുകെയിൽ താമസിക്കുന്ന ഒരുപറ്റം ഇടുക്കി സ്വദേശികൾ രൂപം നൽകിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയിലൂടെ ഇതുവരെ 1,16,00,000 രൂപ അർഹതപ്പെട്ടവർക്ക് സഹായമായി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
2004 ൽ സുനാമി ദുരന്തത്തിൽപ്പെട്ടവരെ സഹായിച്ചു കൊണ്ടാണ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്. അന്ന് മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണു തുക കൈമാറിയത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ' യുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ചാരിറ്റി ഗ്രൂപ്പിന്റെ രക്ഷാധികാരി തമ്പി ജോസും സൗജന്യമായി നിയമ സഹായം നൽകുന്നത് അഡ്വ. ഡൊമിനിക് കാർത്തികപിള്ളിൽ ആന്റണിയുമാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:-
• സാബു ഫിലിപ്പ്: +447708181997
• ടോം ജോസ് തടിയംപാട്: +447859060320
• സജി തോമസ്: +447803276626