ഖത്തറിൽ പൊലീസ് ക്ലിയറൻസ് ഈസിയായി
Mail This Article
ദോഹ∙ ഖത്തറിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ ഉന്നത പഠനത്തിനോ പോകാൻ, നഷ്ടമായ പാസ്‌പോർട്ടിന് പകരം പുതിയത് എടുക്കാൻ, വിവാഹം-തൊഴിൽ-വാണിജ്യ സംബന്ധമായ ആവശ്യങ്ങൾക്ക്, ഇമിഗ്രേഷൻ, വീസ ആവശ്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) അഥവാ ഗുഡ് കോൺടക്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതാണ് പിസിസി. 6 മാസമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 2 തരത്തിലുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് വേണ്ടത്.ഖത്തർ പൊലീസിന്റേതും രണ്ടാമത്തേത് ഇന്ത്യയിൽ നിന്നുള്ളതും. പിസിസി എടുക്കുന്നതിനുള്ള രേഖകൾ, ഫീസ്, നടപടിക്രമങ്ങൾ എന്നിവ അറിയാം.
1. ഇന്ത്യയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നേടാൻ
ആവശ്യമായ രേഖകൾ
∙കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ https://portal5.passportindia.gov.in/Online/index.html എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് പിസിസിക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത ശേഷമുള്ള അപേക്ഷയുടെ പ്രിന്റ്.
∙വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ എടുത്ത 2x2 ഇഞ്ച് വലുപ്പത്തിലുള്ള 2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പുകൾ.
∙പിസിസി അറ്റസ്റ്റേഷനായി പൂരിപ്പിച്ച കോൺസുലർ സർവീസ് അപേക്ഷ (ഓൺലൈനിൽ പൂരിപ്പിച്ചത്), പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പ്.
സമർപ്പിക്കേണ്ടത്
∙ഇന്ത്യൻ എംബസിയിലാണ് പിസിസി അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇന്ത്യൻ കൾചറൽ സെന്ററിലും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിലും നിലവിൽ പിസിസി അപേക്ഷകൾ സ്വീകരിക്കില്ല.
∙അപേക്ഷ സമർപ്പിച്ച ശേഷം പാസ്‌പോർട്ടിലെ മേൽവിലാസത്തിന്റെ പരിധിയിൽ വരുന്ന (സ്വദേശത്തെ) പൊലീസ് സ്റ്റേഷനിൽ നിന്ന് അപേക്ഷകനെകുറിച്ചുള്ള വെരിഫിഫിക്കേഷൻ റിപ്പോർട്ട് ദോഹയിൽ കിട്ടുന്നതനുസരിച്ച് പിസിസി ലഭിക്കും. സാധാരണ രണ്ടാഴ്ചക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
2. ഖത്തർ പൊലീസിൽ നിന്നുള്ള പിസിസിക്ക്
∙ഇന്ത്യൻ അധികൃതരിൽ നിന്നുള്ള പിസിസി ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യക്കാർക്ക് ഖത്തറിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
∙ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പിലൂടെ വേണം പിസിസിക്ക് അപേക്ഷ നൽകാൻ.
∙ആപ്പിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാസ്‌പോർട്ട്, ഖത്തർ ഐഡി, ഫോട്ടോ, പിസിസിയുടെ ആവശ്യകത സംബന്ധിച്ചുള്ള സ്‌പോൺസറുടെ കത്ത്, ഇന്ത്യൻ അധികൃതരിൽ നിന്നുള്ള പിസിസി തുടങ്ങിയ രേഖകൾ നൽകണം.
∙10 റിയാൽ ആണ് പിസിസിക്കുള്ള സർവീസ് നിരക്ക്. 20 റിയാൽ അധികം നൽകിയാൽ ഖത്തർ പോസ്റ്റ് മുഖേന 2-3 പ്രവർത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് അപേക്ഷകന്റെ മേൽവിലാസത്തിലെത്തും. സമീപത്തെ സർക്കാർ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും സ്വീകരിക്കാം.
∙മെട്രാഷ് 2 വിൽ സാങ്കേതിക സഹായത്തിനായി 2342000 എന്ന നമ്പറിൽ ബന്ധപ്പെടാം.