ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ പള്ളി വലിയ പെരുന്നാൾ ആഘോഷിച്ചു

Mail This Article
ഹൂസ്റ്റൺ∙ സെന്റ് ജയിംസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ ആഘോഷങ്ങൾ ജൂൺ 15നും 16നും കൊണ്ടാടി. ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരവും ദേവാലയ പ്രദക്ഷിണവും നടത്തി. സന്ധ്യാ നമസ്കാരത്തോടനുമ്പന്ധിച്ച് റവ. ഫാ. ബിജോ മാത്യു തിരുവചന പ്രഘോഷണം നടത്തി. ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കപ്പെട്ടു.

ക്നാനായ സമുദായ മുൻ വികാരി ജനറൽ വെരി. റവ. ഫാ. പ്രസാദ് കുരുവിള കോർ എപ്പിസ്കോപ്പ, റവ. ഫാ. ബിജോ മാത്യു, റവ.ഫാ. ജെക്കു സഖറിയ ചരിവുപറമ്പിൽ എന്നിവർ വി. കുർബാനയ്ക്കു കാർമികത്വം വഹിച്ചു.

തുടർന്നു ആഘോഷമായി പെരുന്നാൾ റാസയും വി.യാക്കോബ് ശ്ലീഹായുടെ തക്സ എഴുന്നെള്ളിപ്പും നടത്തപ്പെട്ടു. ഇടവകയിൽ ഈ വർഷം ഹൈസ്കൂൾ ഗ്രാജ്വേഷൻ കഴിഞ്ഞവരെ ആദരിച്ചു.' ഫാദേഴ്‌സ് ഡേ' യോടനുമ്പന്ധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ഇടവകയിലെ എല്ലാ പിതാക്കന്മാർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.

ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തിയ ഇടവക കമ്മിറ്റിയംഗങ്ങൾക്കും പള്ളി നിർമാണ കമ്മിറ്റിയംഗങ്ങൾക്കും വികാരി ഫാ. ജെക്കു സഖറിയ ചരിവുപറമ്പിൽ കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വർഷത്തെ പെരുന്നാൾ തെന്നശ്ശേരിൽ കുടുംബം ഏറ്റെടുത്തു നടത്തുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

ഞായറാഴ്ച ഉച്ചക്കു ശേഷം സ്നേഹവിരുന്നോടു കൂടി പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. ഇടവക പിആർഓ തോമസ്കുട്ടി വൈക്കത്തുശേരിൽ അറിയിച്ചതാണിത്.
