അകിടുവീക്കം തടയാൻ മഞ്ഞൾ: പാലുൽപാദനത്തിൽ 10% വർധന, ദഹനക്ഷമത എന്നിങ്ങനെ നേട്ടങ്ങളേറെ
Mail This Article
കന്നുകാലികളിലെ അകിടുവീക്കം തടയാനും രോഗപ്രതിരോധശേഷി ഉറപ്പാക്കാനും മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ ചേർത്ത ഉൽപന്നം ഫലപ്രദമെന്ന് ഗവേഷണഫലം. കറവയുള്ളപ്പോഴും വറ്റിയ സമയത്തും അടുത്ത പ്രസവത്തിനു മുൻപും ഇവ ദിവസേന തീറ്റയിൽ ചേർത്ത് പശുക്കൾക്കു നൽകണം. ഒപ്പം ശാസ്ത്രീയ പരിചരണ രീതികളും അവലംബിക്കണം.
ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയാണ് വ്യവസായ ഇടപെടലിന്റെ ഭാഗമായി കേരളത്തിൽ ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഡോ. ടി.പി.സേതുമാധവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. പ്രതിദിന പാലുൽപാദനത്തിൽ 10% വർധന, ദഹനക്ഷമത, പാലിലെ കൊഴുപ്പിന്റെ അളവ്, കാത്സ്യം- ഫോസ്ഫറസ് അനുപാതം, ആൽബുമിൻ - ഗ്ലോബുലിൻ അനുപാതം എന്നിവയിൽ ഉയർച്ച, സാംക്രമിക രോഗങ്ങളുടെ പ്രതിരോധം എന്നിവയും ഇതിന്റെ ഗുണഫലങ്ങളാണ്. ഡോ.എം.ബാലകൃഷ്ണൻ നായർ, ഡോ. സി.എൻ.വിഷ്ണുപ്രസാദ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.
അകിടുവീക്കം കാരണം പാലുൽപാദനത്തിലുണ്ടാകുന്ന കുറവുമൂലം രാജ്യത്തെ പ്രതിവർഷ നഷ്ടം 13,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.