രാജാവിന്റെ ഭാവവും യോദ്ധാവിന്റെ സ്വഭാവവും: ഇതു താൻ ടാ രാജപാളയം
Mail This Article
പുരാതന കാലം മുതൽക്കേ മനുഷ്യന്റെ ഏറ്റവും അരുമയായ ഒരു സഹജീവിയാണ് ശ്വാനന്മാർ. മനുഷ്യരോട് ഏറ്റവും കൂടുതൽ സ്നേഹവും വിധേയത്വവും നന്ദിയും പുലർത്തുന്ന മറ്റൊരു മൃഗം ഇന്ന് ലോകത്ത് വേറെ ഒന്നും തന്നെയല്ല. ഭാരതത്തിൽ പൗരാണിക കാലഘട്ടം മുതൽക്കേ നായ്ക്കൾക്ക് മറ്റു മൃഗങ്ങളേക്കാൾ സ്ഥാനമുണ്ട്. ആരാധന സമ്പ്രദായങ്ങളിൽ പോലും ശ്വാനവർഗ്ഗത്തിന് വലിയ സ്ഥാനം കൽപിച്ചിരുന്നു. കാലഭൈരവ പ്രതിഷ്ഠകളിൽ അത്തരം നായ്ക്കളെ നമുക്ക് കാണാൻ സാധിക്കും.
വേട്ടയ്ക്കായും മനുഷ്യനു സുരക്ഷയൊരുക്കാനും ഉപയോഗിച്ചിരുന്ന നായ്ക്കളെ വേട്ടനായ്ക്കൾ അല്ലെങ്കിൽ വേട്ടപ്പട്ടിയെന്നാണ് വിളിച്ചിരുന്നത്. പ്രാദേശികമായി ഒട്ടേറെ ഇനങ്ങൾ അറിയപ്പെടുന്നുണ്ടെങ്കിലും ബ്രീഡ് പദവി ലഭിച്ചിട്ടുള്ളത് വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമാണ്. അതിലൊരിനമാണ് തമിഴ്നാട്ടിൽനിന്നുള്ള രാജപാളയം. ഭാരതത്തിലെ വേട്ടനായ്ക്കളുടെ (Hound Dogs) രാജാവെന്ന് രാജപാളയം നായ്ക്കളെ വിളിക്കുകയും ചെയ്യാം.
തമിഴ്നാട്ടിലെ വിരുതനഗർ പണ്ടേ കൃഷികൾക്ക് പ്രശസ്തമായിരുന്നു. വിശാലമായ കൃഷിസ്ഥലങ്ങൾ പാളയം എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. നാട്ടുരാജാക്കന്മാർ തങ്ങളുടെ ഭരണസിരാകേന്ദ്രങ്ങൾ അവിടെ സ്ഥാപിച്ചതുകൊണ്ട് ഒട്ടേറെ കൊട്ടാരങ്ങൾ രൂപീകരിക്കപ്പെട്ടു. അങ്ങനെയാണ് ആ സ്ഥലത്തിന് രാജപാളയം എന്ന പേരു വന്നത്.
രാജപാളയത്തിലെ നായ്ക്കർ വിഭാഗത്തിൽപ്പെട്ട ജനത അഭിമാനത്തോട് കൂടി തങ്ങളുടെ പ്രൗഢിക്കും സ്വരക്ഷയ്ക്കും വേണ്ടി പരിപാലിച്ചിരുന്ന നായ്ക്കളാണ് പിന്നീട് രാജപാളയം നായ്ക്കൾ എന്ന് അറിയപ്പെട്ടത്. ചോക്കി എന്ന പേരുള്ള (വെളുത്ത ശരീരം, പിങ്ക് നിറത്തിലുള്ള മൂക്ക്) ഇവയുടെ പൂർവികർ പിൽക്കാലത്ത് പോളീഗർ യുദ്ധത്തിലും, മറ്റു ചരിത്ര പ്രസിദ്ധമായ ഒരുപാട് സേനാവിഭാഗത്തിലും ഭാഗമായി.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാട്ടുരാജാക്കന്മാരോടുള്ള അങ്കത്തിൽ അവരുടെ സേനാവിഭാഗത്തിലുള്ള ഈ നായ്ക്കളോട് ഏറ്റുമുട്ടി പല്ലിന്റെ നഖത്തിന്റെയും മൂർച്ച അറിഞ്ഞു. തനിക്ക് സ്വന്തമായി ഒരു നായപട്ടാളം ഉണ്ടാക്കണമെന്ന് തീരുമാനമെടുക്കാൻ പ്രേരിതനായി. പിൽക്കാലത്ത് ബ്രിട്ടീഷുകാരായിട്ടുള്ള യുദ്ധത്തിൽ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിനെ ആക്രമിച്ച് രക്തസാക്ഷികളായി രാജപാളയം നായ്ക്കൾ.
ബാക്കിനിന്ന വംശ ശുദ്ധിയുള്ള ഒട്ടേറെ രാജപാളയങ്ങളെ ബ്രിട്ടീഷുകാർ കൊന്നൊടുക്കി. വരുംകാലത്ത് ഒരിക്കൽ ഇതുപോലൊരു സേന ഉണ്ടാകാൻ പാടില്ല എന്നുള്ള മുൻകരുതൽ! അങ്ങനെയാണ് നല്ല വംശശുദ്ധിയുള്ള രാജപാളയങ്ങൾ പരിമിതമായത്. ശേഷിച്ച രാജപാളയങ്ങളെ പുറംലോകം കാണിക്കാതെയും, സ്വാതന്ത്ര്യത്തിനു ശേഷം സൈദാർപട്ടിൽ ഉണ്ടായിരുന്ന നേറ്റീവ് ബ്രീഡ്സ് റിവൈവൽ ഫൗണ്ടേഷൻ വഴി പ്രത്യുൽപാദനവും നടത്തി വികസിപ്പിച്ചെടുക്കാൻ സർക്കാർതലത്തിൽ ശ്രമങ്ങൾ ഉണ്ടായി. തമിഴ്നാട്ടിൽ ഇന്നു കാണപ്പെടുന്ന രാജപാളയം നായ്ക്കൾ അങ്ങനെയാണ് വംശനാശം സംഭവിക്കതെ പരിരക്ഷിക്കപ്പെട്ടത്.
പേരുപോലെ തന്നെ രാജാക്കന്മാർ
രാജപാളയം നായ്ക്കൾ അവരുടെ പേരു പോലെ തന്നെ രാജാക്കന്മാർ തന്നെയാണ്. മറ്റൊരു നായയോടോ ഏതെങ്കിലും മൃഗത്തിനോടോ കീഴടങ്ങി ജീവിക്കാൻ അവർ ഒരുക്കമല്ല. യജമാനനും യജമാനന്റെ സാധനങ്ങളും സ്വന്തമെന്നോണം കരുതി അവയെ പരിപാലിക്കാനും സംരക്ഷിക്കാനും രാജപാളയങ്ങൾ മുന്നിൽ തന്നെയാണ്. എത്ര വലിയ ശത്രു മുന്നിൽ വന്നാലും പിന്നോട്ടു പോകാൻ അവർ ഒരുക്കമല്ല. പുലിയോട് മൽപ്പിടുത്തം നടത്തി സ്വജീവൻ വെടിഞ്ഞും യജമാനനെ സംരക്ഷിച്ച കഥകൾ തമിഴ്നാട്ടിലെ നാട്ടിൻപുറങ്ങളിൽ കേൾക്കാം. അതൊന്നും ഒരു മിഥ്യയോ കെട്ടുകഥകളോ അല്ല, അവരുടെ അനുഭവ കഥകളാണ്.
ശാരീരിക ക്ഷമതയിൽ മുന്നിൽത്തന്നെയാണ് രാജപാളയം നായ്ക്കൾ. രണ്ടു മണിക്കൂർ നിർത്താതെ അതിവേഗത്തിൽ ഓടാൻ ഇക്കൂട്ടർക്കു കഴിയും. മാത്രമല്ല, മണിക്കൂറിൽ 40 കിലോമീറ്ററാണ് വേഗം. വലുപ്പവും നീളവും കൂടിയ കൈകാലുകൾ വായുവിനെ കീറിമുറിച്ച് പായാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ അവയുടെ ശരീര സൗന്ദര്യം വളരെ മികച്ചതാണ്. വേട്ടപ്പട്ടിയായതുകൊണ്ടുതന്നെ ഒതുങ്ങിയ ഉദരഭാഗമാണുള്ളത്.
ആൺപട്ടികൾ തമ്മിൽ ചേർന്നു പോകാൻ പ്രയാസമാണ്. അനുസരണ നന്നെ ചെറുപ്പത്തിൽ തന്നെ പരിശീലിപ്പിക്കണം. യജമാനൻ ഒഴികെ മറ്റാരുടെയും ആജ്ഞകൾക്ക് അവർ ചെവികൊടുക്കില്ല. തണുത്ത കാലാവസ്ഥയിൽ പ്രതിരോധം കുറവാണ്. അതേസമയം, എത്ര ചൂടേറിയ വേനൽക്കാലത്തും അവയ്ക്ക് യാതൊരു പ്രശ്നവുമില്ല. മറ്റ് നായ്ക്കളെ പോലെ എപ്പോഴും കുളിക്കണമെന്നുമില്ല.
എത്ര അഴുക്കിൽ കിടന്നുരുണ്ടാലും നിമിഷനേരംകൊണ്ട് സ്വയം വൃത്തിയാക്കി തൂവെള്ള നിറത്തിലേക്കെത്താൻ പ്രത്യേക കഴിവാണ് ഇവർക്ക്. മറ്റ് ഇന്ത്യൻ നായ്ക്കളേക്കാൾ വൃത്തിയിലും വെടുപ്പിലും ഇവർ മുന്നിൽ തന്നെയാണ്. ഭക്ഷണക്രമത്തിലും ഇവർക്ക് നിർബന്ധങ്ങളില്ല. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം വേണമെന്ന് മാത്രം.
നല്ല രീതിയിൽ നായയെ സോഷ്യലൈസ് ചെയ്ത് വളർത്താൻ ഉടമകൾ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നായയെ ഇണക്കിയെടുക്കാനും, പുറലോകം കാണിക്കാതെ വളർത്തിയാൽ അവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടും
രാജപാളയങ്ങൾ വേട്ടയിൽ രാജാക്കന്മാരാണ്, പേരിന് അർഥമെന്നോളം രാജാവിന്റെ ഭാവവും യോദ്ധാവിന്റെ സ്വഭാവവും.
English summary: Rajapalayam Dog Breed Characteristics