‘വിവാഹം കൊണ്ടല്ല, പരസ്പര ബഹുമാനവും പ്രണയവും കൊണ്ടേ സ്ത്രീക്കും പുരുഷനും ഒത്തുപോകാൻ സാധിക്കു’
കൈരളി ബുക്സ്, കണ്ണൂർ
വില: 300
Mail This Article
‘‘സാർത്ര്, നിങ്ങൾ വഞ്ചിച്ചുകളഞ്ഞത് എന്നിലെ സ്ത്രീയെ മാത്രമല്ലായിരുന്നു. എന്നിലെ പ്രതിഭയെ, എഴുത്തുകാരിയെ. പരിരംഭണം ചെയ്യുമ്പോൾ തളരുകയും സ്നേഹിക്കുമ്പോൾ ആർദ്രമാകുകയും ചെയ്തിരുന്നവളെ. കാപട്യമില്ലാതെ സ്നേഹിക്കുകയും സുതാര്യമായി പെരുമാറുകയും ചെയ്ത പെണ്ണൊരുവളെ. സാർത്ര്, നിങ്ങൾ കൊന്നുകളഞ്ഞത് എന്റെ ഉള്ളിലെ ബാലികയെയും കൗമാരക്കാരിയെയും ആയിരുന്നു. നിങ്ങൾ അടിമയാക്കി വച്ചിരുന്നത് എന്റെ യൗവനമായിരുന്നു.നിങ്ങൾ ചവിട്ടിതേച്ചത് നിരാലംബമായിക്കൊണ്ടിരുന്ന എന്നിലെ വാർധക്യത്തെയായിരുന്നു. പക്ഷേ, എനിക്കു ജയിച്ചേ തീരൂ. ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ ആഹ്ലാദിക്കുകയും ആഘോഷമാക്കുകയും ചെയ്ത ശരീരത്തിനു മേൽ ഞാനല്ലാതെ മറ്റൊരു അവകാശി ഉണ്ടായിക്കൂടാ. ആറടി മണ്ണിനു കീഴിൽ നിങ്ങൾക്കു താഴെയോ മുകളിലോ എവിടെയാണ് എന്റെ സ്ഥാനമെന്ന് കാലം നിശ്ചയിക്കട്ടെ.’’.
വിവാഹിതരാകാതെ ഒരു സ്ത്രീക്കും പുരുഷനും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സിമോൺ ദ് ബുവെയുടെയും ജീൻ പോൾ സാർത്രെയുടെയും ജീവിതമുഹൂർത്തങ്ങൾ ചേർത്തിണക്കി നിഷ അനിൽ കുമാർ എഴുതിയ ‘അവധൂതരുടെ അടയാളങ്ങൾ’ എന്ന നോവൽ ആഖ്യാനത്തിന്റെ പുതുമകൊണ്ടാണ് വായനക്കാർ തേടിയെത്തുന്നത്. സിമോണിന്റെ memories of dutiful daughter എന്ന സിമോണിന്റെ കൃതി വായിച്ചതോടെയാണ് നോവലിസ്റ്റ് അവരുടെ വ്യക്തിജീവിതം നോവലായി ആവിഷ്ക്കരിക്കാൻ തീരുമാനിച്ചത്. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച രണ്ടു പ്രതിഭകളെ അടയാളപ്പെടുത്തുകയെന്നതൊരു വെല്ലുവിളി തന്നെയാണ്. തത്വശാസ്ത്രവും രാഷ്ട്രീയവുമെല്ലാം ഒത്തുചേരുന്നിടത്തേക്ക് പ്രണയത്തെയും മറ്റൊറു ഭാവതലത്തിലൂടെ കൊണ്ടുവരികയാണ് നോവലിസ്റ്റ് ചെയ്യുന്നത്.
ജീവിത പുസ്തകം തുറക്കുന്നു
കാമില അലക്സാട്രോവ്നയ്ക്കു മുന്നിൽ ബുവെ ജീവിതം പറയുന്നിടത്താണ് നോവലിന്റെ തുടക്കം. തന്റെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടെത്തിയ കാമിലയോട് ബുവെ പറയുന്നത് ഇങ്ങനെയാണ്–‘‘ 46 വയസ്സിൽ ജീവചരിത്രം എഴുതിവയ്ക്കാൻ ഞാനിപ്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നില്ല’’. എന്നാൽ മൂന്നുദിവസത്തെ സൗഹൃദം കൊണ്ട് ബുവെ അവളോട് തന്റ ജീവിതം എഴുതാമെന്നു സമ്മതിക്കുന്നു.
‘‘ഒരുമിച്ചുണ്ടായിരുന്ന സമയങ്ങളിലൊക്കെ പല വിഷയങ്ങളിലും ഞാനും സാർത്രേയും വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഏതൊരു പ്രണയബന്ധത്തിന്റെയും തുടക്കത്തിൽ എന്നതുപോലെ മധുരമായ വാക്കുകളിൽ മാന്ത്രികമായി എന്നെ വശംവദയാക്കിയിരുന്ന ആളിൽ നിന്നും ചെറിയ വിഷയങ്ങളിൽ പോലും സൂക്ഷ്മമായി നിരീക്ഷിച്ചു കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന സാധാരണ പുരുഷനിലേക്ക് സാർത്രേയിലെ കൂട്ടുകാരൻ മാറിയപ്പോൾ പ്രണയിനി എന്നർഥത്തിൽ മാത്രമല്ല, എഴുത്തുകാരി എന്ന നിലയിലും അപമാനിക്കപ്പെട്ടവളായി മാറിയ എത്രയോ സന്ദർഭങ്ങൾ കൂടിയുള്ളതാണ് എന്റെ ഓർമകൾ. ആ സ്മരണകൾ തുറന്നെഴുതുമ്പോൾ ഞങ്ങൾ പടുത്തുയർത്തിയബന്ധത്തിന്റെ ആശയം കൂടി അപഹസിക്കപ്പെടും. വിവാഹം കൊണ്ടല്ല, പരസ്പര ബഹുമാനം കൊണ്ടും പ്രണയം കൊണ്ടും കൂടി മാത്രമേ സ്ത്രീക്കും പുരുഷനും ജീവിതകാലം മുഴുവനും ഒത്തുപോകാൻ സാധിക്കുകയുള്ളു എന്നും. അതിനു നിയമത്തിന്റെയോ കുടുംബത്തിന്റെയോ പിന്തുണ ആവശ്യമില്ലെന്നും പ്രഖ്യാപിച്ചു തിരഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നങ്ങൾ എവിടെ വച്ചാണു കലാപമായി മാറിയതെന്ന് വീണ്ടും വീണ്ടും ഞാനോർത്തെടുക്കാൻ ശ്രമിക്കുകയാണ്. പ്രിയപ്പെട്ട കാമില, പൊരുതി നേടിയ വിജയങ്ങളൊക്കെ പരാജയങ്ങളാണെന്ന് ഒരാൾ സ്വയം തിരിച്ചറിയുന്നതും വെളിപ്പെടുത്തുന്നതുമാണോ ഓർമ്മക്കുറിപ്പുകൾ?
ആശങ്കയുടെ ദിനങ്ങൾ
‘‘ എനിക്കു നിങ്ങളോട് ചിലതു സംസാരിക്കാനുണ്ട്..’’
സാർത്രെയുടെ മുന്നിൽ പരാജയപ്പെട്ടവളുടെ മുഖവുമായി ഞാൻ പറഞ്ഞു.
‘‘എന്താണു നിനക്കു പറയാനുള്ളത്? അതോ അറിയാനുള്ളതോ?’’
അറിയുകയെന്നത് ഞാനെന്നെത്തന്നെ അപരിചിതയാണെന്ന് വിശേഷിപ്പിക്കുന്നതിനു തുല്യമാണെന്ന് ബോധ്യമുണ്ട്. എന്താണു ചോദിക്കേണ്ടത് എന്നതിനു വ്യക്തമായൊരു ധാരണ എനിക്കുണ്ടായിരുന്നില്ല. നിങ്ങളുടെ മനസ്സിൽ ഞാനില്ലേ എന്ന ചോദ്യം എത്രമാത്രം അർഥശൂന്യമായിരിക്കും. മനസ്സിന്റെ ഓരോ കോണും സംശയഗ്രസ്തമായിരിക്കുന്നു.
‘‘സിമോൺ, ഞാൻ നിന്നിൽ നിന്നു സാധാരണ ഒരു സ്ത്രീയെ അല്ല കാണുന്നത്. നീ അങ്ങനെ ആകരുത്. പണ്ട് നിന്റെ ചിന്തകൾ എത്ര വിശാലമായിരുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക അസാധ്യമെന്ന് മനസ്സിലാക്കിയവരാണു നമ്മളിരുവരും. എന്റെയോ നിന്റെയോ ചെറുപ്പത്തിൽ നമ്മളതേക്കുറിച്ച് ഗൗരവത്തോടെ സംസാരിക്കുകയും ലാഘവത്തോടെ വിട്ടുകളയുകയും ചെയ്തിരുന്നു’’.
അതുപറയുമ്പോൾ സാർത്ര് എന്റെ നേർക്ക് അഹനീയത നിറഞ്ഞ നോട്ടം നോക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സാർത്ര് തുടർച്ചയായി യാത്രകൾ ചെയ്തുകൊണ്ടിരുന്നു. എന്നാൽ കൃത്യമായി എനിക്കെഴുതിയിരുന്ന കത്തുകളിൽ മുടക്കം വന്നു.
‘‘ സിമോൺ, നീ എന്നെ ചോദ്യങ്ങൾക്കൊണ്ട് കെട്ടിയിടാൻ ശ്രമിക്കരുത്. ഞാനതിനു നിന്നു തരുമെന്നു കരുതണ്ട. നിന്റെ കാഴ്ചപ്പാടിന്റെ അളവുകോളിൽ നിന്നു തരാൻ ഞാൻ തയാറല്ല. നിനക്കതു ബുദ്ധിമുട്ടാണെങ്കിൽ പിരിഞ്ഞുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഞാൻ ഞെട്ടലോടെ മിഴിച്ചുനോക്കി. അപമാനത്താൽ ഉള്ളു പുകഞ്ഞുനീറുന്നു.
ആലിംഗനം ചെയ്യാനും ചുംബിക്കാനും രതി പങ്കുവയ്ക്കാനും മാത്രമായുള്ള ഒരു സ്ത്രീ ശരീരം മാത്രമാണോ സാർത്രേക്കു ഞാൻ...എന്റെ ഹൃദയം പങ്കുവയ്ക്കാൻ ചിന്തകളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ എന്റെതായ എല്ലാം പങ്കുവയ്ക്കാൻ പകരം മറ്റാരെയും ഞാൻ കണ്ടെത്തിയിരുന്നില്ല. അല്ലെങ്കിൽ കണ്ടെത്താൻ ശ്രമിച്ചപ്പോഴൊക്കെ ആരിലും തൃപ്തി ലഭിച്ചിരുന്നില്ല.
അവധൂതരുടെ അടയാളങ്ങൾ
മാസങ്ങൾക്കു ശേഷമാണ് സാർത്ര് യാത്ര കഴിഞ്ഞെത്തിയത്. സാർത്രേയെ കഠിനമായി പ്രണയിക്കുമ്പോഴും മാനസികമായും ശാരീരികമായും അയാൾ എനിക്കന്യനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. തീർച്ചയായും എന്നിൽ സാധാരണ സ്ത്രീയുണ്ട്. അവൾ ഒരു കാമുകനെ സ്വീകരിക്കുമ്പോൾ കാമുകനെ മാത്രമാണു ആഗ്രഹിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ ഒരുതരം സ്വാതന്ത്ര്യം കൂടിയുണ്ടായിരിക്കും. കാമുകനിൽ നിന്ന് ഉടമസ്ഥനിലേക്കെത്തുമ്പോൾ പുരുഷനിൽ പ്രകടമാകുന്ന യജമാനമനോഭാവവും ഏകാധിപതിയുടെ നിയമങ്ങളും എനിക്കംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. വിവാഹം ബാധ്യതയാണെന്നു കരുതിയാണ് ഞാനൊരു കൂട്ടുകാരനെ തിരഞ്ഞെടുത്തത്. ഉടമസ്ഥനല്ലാത്ത കാലത്തോളം അയാൾക്കെന്നിൽ അഭിനിവേശവും ആസക്തിയും ഉണ്ടാകുമെന്നു ധരിച്ചു. നിയമങ്ങൾ അനുസരിക്കേണ്ടതല്ലാത്ത ബന്ധത്തിൽ കിട്ടുന്ന സാഹസികമായ വശ്യതയാണ് ഞാനാഗ്രഹിച്ചത്. പക്ഷേ, എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ് മനുഷ്യഹൃദയം. എല്ലാ ബന്ധങ്ങളും സ്വപ്നസമാനമായ രീതിയിലൂടെയല്ല കടന്നുപോകുന്നത്. തികച്ചും സന്തോഷകരമായ രതിയോ വൈകാരിക ബന്ധമോ ഒരാൾക്കും ഒരുകാലത്തും ഏതെങ്കിലും വ്യക്തിയിൽ മാത്രമായി ചുരുക്കിക്കൊണ്ടു ജീവിക്കാൻ സാധ്യമാവുകയില്ല.
അടുത്ത ദിവസം ഞാനും സാർത്രേയും രണ്ടു ദിക്കിലേക്കു യാത്രപോകും. വീണ്ടും കണ്ടുമുട്ടും വരെ അനേകം രാജ്യങ്ങളിൽ ഇതുപോലെ അനേകം കാഴ്ചകൾക്കു സാക്ഷികളാകും. എല്ലാം കേട്ടിരുന്ന കാമില ചോദിച്ചു.
‘‘ബുവെ, ഞാനൊരു ചോദ്യം ചോദിക്കട്ടെ?
ചോദിക്കൂ
‘‘ജീവിതം പാഴായിപ്പോയെന്ന് എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?’’
ഓർക്കാപ്പുറത്തെ ഗഹനമായ ആ ചോദ്യം എന്നെ ഉലച്ചുകളഞ്ഞു. ഒരൊറ്റ വാക്കിൽ അതിനൊരുത്തരം എന്റെ പക്കൽ ഉണ്ടായിരുന്നില്ല.
‘‘ഈ ചോദ്യം ഒട്ടും ലളിതമല്ല കാമില. ജീവിതത്തെക്കുറിച്ചുള്ള വ്യാഖ്യാനം ഒട്ടും തന്നെ ലഘുവായതല്ലല്ലോ.
ജീവിതവും പ്രണയവും. അത് പോരായ്മകളുടെ രണ്ടുപുറമാണ്. ഒരു നാണയമെറിഞ്ഞിട്ട് ഏത് പുറം വേണമെന്ന് തിരഞ്ഞെടുക്കുമ്പോലെ ക്ലേശകരമായത്. രണ്ടിലും ആശയപരമായി ഒളിഞ്ഞുകിടക്കുന്ന അതൃപ്തിയുടെ നിഴലുണ്ട്. കുത്സിതമായ പ്രവർത്തനങ്ങളിലേർപ്പെടാതെ ജീവിതത്തിൽ നേടുന്ന കൊച്ചുകാര്യം മതി ഒരു യഥാർഥ മനുഷ്യനെ തൃപ്തനാക്കാൻ.
English Summary : Avadootharude Adayalangal book written by Nisha Anilkumar