ADVERTISEMENT

യുവനടി ലക്ഷ്മിക സജീവന്റെ മരണ വാർത്ത സിനിമാലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ‘കാക്ക’ എന്ന സിനിമയിലൂെടയാണ് ലക്ഷ്മിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോട് ഏറെ അഭിനിവേശം ഉണ്ടായിരുന്ന ലക്ഷ്മിക സിനിമയും വിദേശത്തെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. 27 വയസ്സുകാരിയായ ലക്ഷ്മിക ഹൃദയാഘാതം മൂലമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

സിനിമയെക്കുറിച്ച് ലക്ഷ്മിക ധാരാളം സംസാരിച്ചു. ഒടിടി റിലീസായാണ് ‘കാക്ക’ എത്തിയതെങ്കിലും സിനിമകണ്ട് ലക്ഷ്മികയെ അഭിനന്ദിക്കാൻ വിളിക്കുന്നവർ ഏറെയായിരുന്നു അന്ന്. ഉന്തിയ പല്ലും കറുത്ത നിറവുമൊക്കെയായി ജീവിക്കുന്ന പഞ്ചമിയാണ് കാക്കയിലെ മുഖ്യ കഥാപാത്രം.

ഇതുവരെ മലയാളിക്ക് പരിചയമില്ലാത്ത നായികാ സങ്കൽപം. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥയാണ് കാക്ക എന്ന ചിത്രം പങ്കുവയ്ക്കുന്നത്. കാക്ക സിനിമ ഇറങ്ങിയ സമയത്ത് ലക്ഷ്മിക മനോരമ ഓൺലൈന് നൽകിയ അഭിമുഖമാണ് താഴെ. 

സിനിമയെക്കുറിച്ച് ലക്ഷ്മിക പറഞ്ഞത് ഇങ്ങനെ.

ശരിക്കും എല്ലാവരും കരുതിയത് പഞ്ചമി യഥാർഥത്തിൽ അങ്ങനെയൊരു കുട്ടിയാണെന്നായിരുന്നു. ആദ്യ ദിവസങ്ങളിലൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. രാവിലെ മേക്കപ്പിട്ടാൽ രാത്രിയേ ഉൗരാൻ കഴിയൂ. അപ്പോൾ എല്ലാവരേയും ബോധിപ്പിക്കാനായി ഞാൻ എന്റെ യഥാർഥ ചിത്രം എല്ലാവരേയും കാണിക്കുമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ കഥാപാത്രത്തോട് ചേർന്നു.

വേറൊരു കുട്ടി ചെയ്യാനിരുന്ന കഥാപാത്രമാണ്. അവർക്കെന്തോ ബുദ്ധിമുട്ട് വന്നതുകൊണ്ടാണ് പഞ്ചമി എന്നിലേക്കെത്തുന്നത്. കഥാപാത്രത്തിന്റെ ലുക്ക് ആദ്യം കണ്ടപ്പോൾ ചെറിയ ആശങ്ക തോന്നി. ഇങ്ങനെയൊരു കഥാപാത്രം ഞാൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്നായിരുന്നു സംശയം. കഥ കേട്ടപ്പോൾ ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥയായി. ഇത്തരത്തിൽ വേർതിരിവ് അനുഭവിക്കുന്ന ധാരാളം പേർ ചുറ്റുമുണ്ട്. അവർക്കെല്ലാം ചെറിയരീതിയിലെങ്കിലും ഒരു ഉണർവാകട്ടെ എന്നു കരുതിയാണ് സിനിമ ചെയ്തത്. ഇപ്പോൾ എന്റെ മികച്ച വേഷമായി പ‍‌ഞ്ചമി മാറി.

‘കാക്ക’ ഹ്രസ്വചിത്രത്തിൽ നിന്ന്, ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)
‘കാക്ക’ ഹ്രസ്വചിത്രത്തിൽ നിന്ന്, ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)

സിനിമ കണ്ടിട്ട് എല്ലാരും വിളിച്ചു. ചെറിയ സിനിമയാക്കിയതിലാണ് എല്ലാർക്കും പരിഭവം. കുറച്ചുകൂടി സമയം വേണ്ടിയിരുന്നുവെന്നാണ് കണ്ടവരെല്ലാം പറഞ്ഞത്. എങ്ങനെയാണ് ഇങ്ങനെയൊരു കുട്ടിയെ കൃത്യമായി കിട്ടിയതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യഥാർഥത്തിൽ ഞാൻ അങ്ങനെയാണെന്നാണ് സിനിമകണ്ടവരുടെ വിശ്വാസം. മേക്കപ്പ് ചെയ്ത ജോഷി ജോസ്‌, വിജേഷ്‌ കൃഷ്ണൻ ടീമിനാണ് ഫുൾ ക്രെഡിറ്റ്. അഭിനയിക്കുമ്പോൾ തന്നെ ക്രൂവിലെ പലരും സീൻ കണ്ട് കരയുന്നത് കണ്ടിട്ടുണ്ട്. അതെല്ലാം എനിക്ക് ലഭിച്ച അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്. 

ലക്ഷ്മിക സജീവന്‍ (Photo: Facebook, @reshma.sajeevan.56)
ലക്ഷ്മിക സജീവന്‍ (Photo: Facebook, @reshma.sajeevan.56)

എന്തിന് വീട്ടുകാരും സുഹൃത്തുക്കളും പോലും അത് ഞാനാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാവരും പഞ്ചമിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഉയരെ, നിത്യഹരിത നായകൻ തുടങ്ങി എട്ടോളം സിനിമകളിൽ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘പുഴയമ്മ’ എന്ന സിനിമയ്ക്ക് ഏഷ്യാ ബുക് ഓഫ് റെക്കോർ‍‍ഡ്സ് കിട്ടിയിരുന്നു. ഒരു ഫങ്ഷനിൽ വച്ചാണ് ഞാൻ ‘കാക്ക’യുടെ ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടി. യെ പരിചയപ്പെട്ടത്. പിന്നീട് അൽത്താഫ്‌ എന്നെ ‘വെള്ളിത്തിര’ വാട്സാപ്പ്‌ കൂട്ടായ്മയില്‍ ഉൾപ്പെടുത്തി. അതിനിടെ ഞാൻ ജോലി കിട്ടി ബഹ്റൈനിലേക്ക് പോയി. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങിയ കാലത്ത് ഞാൻ ലീവിന് വന്നപ്പോഴാണ് അൽത്താഫ്‌ എന്നെ വിളിച്ച് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. നേരത്തേ ചെയ്യാമെന്നേറ്റ കുട്ടി പിൻമാറിയപ്പോൾ എന്നെ സമീപിക്കുകയായിരുന്നു’’.– ലക്ഷ്മിക പറഞ്ഞു നിർത്തി.

English Summary:

Lakshmika Sajeevan Special Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com