‘സിനിമയിൽ സത്യത്തിൽ എന്താണു പണി’: ഇട്ടിമാണി ചെയ്യാൻ, കാത്തിരുന്നത് 25 വർഷം
Mail This Article
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ സംവിധായകർ ജിബിയും ജോജുവും സംസാരിക്കുന്നു; സംവിധായകരാവാൻ വേണ്ടിവന്ന കാത്തിരിപ്പിന്റെ കഥ
തനിക്കു പണിയൊന്നുമായില്ലേടോ? 25 വർഷത്തിനുശേഷം ജിബിയും ജോജുവും നാട്ടുകാരോടു പറഞ്ഞു, ‘ആയി ചേട്ടാ. മോഹൻലാലിന്റെ ഇട്ടിമാണി നമ്മടെ റിലീസാ’. സിനിമ ചെയ്യാൻ 25 വർഷം കാത്തിരുന്ന രണ്ടു സുഹൃത്തുക്കളാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിൽ ഇത്രയുംകാലം സിനിമയ്ക്കുവേണ്ടി കാത്തിരുന്ന ആരുമുണ്ടാകില്ല.
മാനത്തെ കൊട്ടാരം എന്ന സിനിമയിലാണു ജിബിയും ജോജുവും കണ്ടുമുട്ടുന്നത്. രണ്ടു തൃശൂരുകാർ കണ്ടുമുട്ടിയപ്പോൾ സുഹൃത്തുക്കളായി. അന്ന് ഇരുവരും ചോദിച്ചുതുടങ്ങിയതാണ് നമുക്കും എന്തെങ്കിലും ചെയ്യണ്ടേ എന്ന്. അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പലർക്കുമൊപ്പം ജോലിചെയ്തു. ഇടയ്ക്ക് ഒരുമിച്ചും ജോലിചെയ്യുന്നുണ്ടായിരുന്നു. പക്ഷേ സിനിമമാത്രം സംഭവിച്ചില്ല. പലപ്പോഴും ചില കഥകൾ എഴുതിത്തുടങ്ങിയതാണ്. പക്ഷേ എവിടെയുമെത്തിയില്ല. തിരക്കഥ എഴുതിക്കൊടുക്കാൻ ആളില്ലാത്തതായിരുന്നു പ്രധാനപ്രശ്നം. ഇതിനിടയിൽ ചില ചെറിയ സിനിമകൾ ചെയ്യാൻ അവസരംകിട്ടി. പക്ഷേ ചെയ്യുമ്പോൾ നാലാളറിയുന്ന സിനിമ മതിയെന്ന് ഇരുവരും തീരുമാനിച്ചു. ആ കാത്തിരിപ്പാണ് 25 വർഷം നീണ്ടത്. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തുടങ്ങിയ മികച്ച സിനിമകളുടെയെല്ലാം സഹസംവിധായകരായിരുന്നു ഇവർ.
സത്യത്തിൽ എന്തായിരുന്നു നിങ്ങളുടെ പ്രശ്നം?
ഞങ്ങളുടെ സമയമായില്ലെന്നു കരുതിയാൽമതി. നാട്ടിൽ പലരും ചോദിച്ചുതുടങ്ങി ‘സിനിമയിൽ സത്യത്തിൽ എന്താണു പണി’യെന്ന്. എന്നു സിനിമചെയ്യുമെന്നു ചോദിച്ചവർ പിന്നീട് എന്നെങ്കിലും സിനിമചെയ്യുമോ എന്നു ചോദിക്കാൻതുടങ്ങി. പക്ഷേ ആരെന്തു ചോദിച്ചാലും നല്ല സിനിമ കിട്ടുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു.
എങ്ങനെയാണ് ഇട്ടിമാണിയിൽ എത്തിയത് ?
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമചെയ്യുന്ന സമയത്തു മോഹൻലാലുമായി നല്ല അടുപ്പത്തിലായി. ഒരുദിവസം ഒരു കഥ പറയാനുണ്ടെന്നു ലാൽ സാറിനോടു പറഞ്ഞു. ലാൽ സാർ കാരവനിലേക്കു വിളിച്ചു കഥ കേട്ടു. ഒന്നും പറഞ്ഞില്ല. ആന്റണി പെരുമ്പാവൂരിനോടും കഥപറഞ്ഞു. അദ്ദേഹവും മിണ്ടിയില്ല. 2017 ജനുവരി 2ന് ആന്റണിച്ചേട്ടൻ വിളിച്ചു ലാൽസാറിന്റെ വീട്ടിലേക്കുവരാൻ പറഞ്ഞു. അന്നു ഞങ്ങൾ വിശദമായ കഥ പറഞ്ഞു. ലാൽസാറിനു വേണ്ടി എഴുതിയ കഥാപാത്രമായിരുന്നില്ല ഇത്. അതുകൊണ്ടുതന്നെ മാറ്റങ്ങൾ വേണമായിരുന്നു. കഥ കേട്ടശേഷം ലാൽസാറും ആന്റണിയും പറഞ്ഞത്, കഥ ഇഷ്ടമായെന്നും കുറെ സിനിമകൾ ചെയ്യാൻ ബാക്കിയുള്ളതിനാൽ എപ്പോൾ നടക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ല എന്നുമാണ്. പോരുമ്പോൾ ലാൽസാർ പറഞ്ഞു, ‘നിങ്ങൾ ഇതു വേറെ ആർക്കെങ്കിലുംവേണ്ടി ചെയ്യാൻ പറ്റിയാൽ മടിക്കരുത്. അവർക്കുവേണ്ടി ചെയ്യുക.’ ഞങ്ങൾക്കു മടുപ്പു തോന്നിയില്ല. 23 വർഷം കാത്തിരുന്ന ഞങ്ങൾക്ക് ഇതു പുത്തരിയായിരുന്നില്ല.
പിന്നെയോ?
ഒക്ടോബർ 8നു വീണ്ടും വിളിച്ചു. ഇതിനിടയിൽ തിരക്കഥ എഴുതാൻ ഞങ്ങൾ പലരെയും സമീപിച്ചു. ഇതു നടക്കുന്ന സിനിമയാണെന്ന് ഉറപ്പില്ലാത്തതിനാൽ അവരെല്ലാം കയ്യൊഴിഞ്ഞു. വർഷങ്ങളായി പരിചയമുള്ളവരും സുഹൃത്തുക്കളെന്നു കരുതിയവരും ഞങ്ങളെ ഗൗരവത്തോടെ കണ്ടില്ല. സിനിമയിൽ കഴിവു തെളിയിച്ചവരല്ലല്ലോ ഞങ്ങൾ. ജോലിചെയ്തു പരിചയമുണ്ടെന്നെല്ലാം പറയാമെന്നുമാത്രം. അതിലൊന്നും കാര്യത്തോട് അടുക്കുമ്പോൾ വലിയകാര്യമില്ലെന്നു ഞങ്ങൾക്കു ബോധ്യമായി. അതോടെ ഞങ്ങൾ ഇരുവരും ചേർന്ന് എഴുതാൻതുടങ്ങി. 25 വർഷമായി ചെയ്തിരുന്നതു സ്ക്രിപ്റ്റ് വായിച്ചു പറഞ്ഞുകൊടുക്കലും സീൻ തയാറാക്കലുമായിരുന്നല്ലോ.
അന്നു ഞങ്ങൾ എഴുതിയ തിരക്കഥ വായിച്ചുകൊടുത്തു. കുറെ മാറ്റങ്ങൾ ഇടയ്ക്കു പറഞ്ഞുവെങ്കിലും വായിച്ചുകേട്ട ശേഷം ലാൽസാർ ആന്റണിയോടു ചോദിച്ചു, ‘ആന്റണി, അപ്പോൾ നമ്മളിതു ചെയ്യുകയല്ലേ.’ ആന്റണി ചിരിക്കുക മാത്രം ചെയ്തു. കാപ്പികുടിച്ചു പുറത്തിറങ്ങി വണ്ടിയിൽ കയറുമ്പോൾ ആന്റണിച്ചേട്ടൻ അടുത്തുവന്നു കൈപിടിച്ചു കുലുക്കി പറഞ്ഞു: ‘നമ്മളിതു ചെയ്യുന്നു.’
വല്ലാത്തൊരു സമയമായിരുന്നു അത്. പുറത്തിറങ്ങിയ ഉടൻ പരസ്പരം പറഞ്ഞതു ലാൽസാർ അനൗൺസ് ചെയ്യുന്നതുവരെ ആരോടും പറയേണ്ട എന്നാണ്. കാരണം ഇതെങ്ങാനും നടക്കാതെ പോയാൽ കളിയാക്കലിന്റെ ശക്തി കൂടും. ഇപ്പോൾത്തന്നെ ‘ഒന്നുമായില്ലേ’ എന്നു ചോദിക്കുന്നതു കേട്ടു മടുത്തിരിക്കുന്നു.
ഇട്ടിമാണി സാധാരണ കഥയാണ്. നാട്ടിൽ ഏറെക്കാലമായി കണ്ട കഥാപാത്രങ്ങളിൽനിന്നു ഞങ്ങൾക്കുകിട്ടിയ സിനിമ. ചൈനയിൽ 4 ദിവസം ഷൂട്ടു ചെയ്തു. ഈ കഥയ്ക്കൊരു ചൈനാ കണക്‌ഷനുണ്ട്. ലാൽസാർ പടം അനൗൺസ് ചെയ്തതു 3 ആഴ്ച കഴിഞ്ഞാണ്. സത്യത്തിൽ ആ മൂന്നാഴ്ചയും ടെൻഷൻ കാരണം പലദിവസവും ഉറങ്ങാൻ കഴിഞ്ഞില്ല. അനൗൺസ് ചെയ്ത ദിവസമാണ് അടുത്ത സുഹൃത്തുക്കൾ പോലും അറിയുന്നത്.
25 വർഷം സെറ്റിൽനിന്നു സെറ്റിലേക്കുള്ള യാത്രയാണു ഞങ്ങളുടെ ജീവിതം. ഒരിക്കൽപ്പോലും മടുപ്പോ നിരാശയോ തോന്നിയില്ല, പിരിഞ്ഞുപോകാൻ തോന്നിയില്ല. ചെയ്യുന്നുവെങ്കിൽ ഒരുമിച്ചെന്ന വാക്കിൽ ഉറച്ചുനിന്നു. പരിചയസമ്പന്നരായ എത്രയോ പേർ കാത്തുനിൽക്കെ ലാൽ സാറിനെപ്പോലെ ഒരാൾ ഞങ്ങൾക്കൊരു അവസരം തന്നുവെന്നതു ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്. 25 വർഷത്തിനിടയിൽ പലർക്കുമൊപ്പം ജോലിചെയ്തു. പക്ഷേ മോഹൻലാലിനൊപ്പം ജോലിചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. അതാണ് ഇട്ടിമാണിയിലേക്കു വഴിതുറന്നത്.