അന്ന് സുകുമാരനൊപ്പം, ഇന്ന് 31 വർഷങ്ങൾക്കുശേഷം മകനൊപ്പം; ഇത് കോട്ടയം രമേശ്
Mail This Article
അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരേട്ടനെ അവതരിപ്പിച്ചിരിക്കുന്നത് കോട്ടയം രമേശ് എന്ന നടനാണ്. ഇത് ആദ്യമായാണ് അദ്ദേഹം പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നതും. എന്നാൽ മറ്റു പല താരങ്ങൾക്കും ലഭിക്കാത്തൊരു ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ സുകുമാരനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് കോട്ടയം രമേശ്.
1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിലാണ് ചെറിയ വേഷത്തിൽ രമേശ് എത്തിയത്. പിന്നീട് 31 വർഷങ്ങൾക്കു ശേഷം സുകുമാരന്റെ മകനൊപ്പം മുഴുനീള വേഷം.
അഫ്സൽ കരുനാഗപ്പള്ളി എന്ന പ്രേക്ഷകനാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്. അഫ്സലിന്റെ കുറിപ്പ് വായിക്കാം:
അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ പങ്കുവച്ചു. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേശേട്ടന്.
ഒരു പാട്ട് രംഗത്തിൽ സെക്കൻഡുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.
സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട്. അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ, 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേശേട്ടാ.