ADVERTISEMENT

ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉദ്വേഗഭരിതമായ ഒരുപാടു സംഭവങ്ങൾക്ക് സാക്ഷിയാണ് കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ആയ ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോ. എന്നാൽ, മലയാള സിനിമാചരിത്രത്തിന്റെ ഒരു സ്മാരകമായി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഉദയ സ്റ്റുഡിയോ ഇപ്പോള്‍ കാടുപിടിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശം മാത്രമാണ്. ഒരുപാടു സിനിമകള്‍ക്ക് ആക്ഷനും കട്ടും പറഞ്ഞ സ്റ്റുഡിയോ ഫ്ലോറുകളെല്ലാം പൊളിച്ചു നീക്കപ്പെട്ടു. അന്നത്തെ സൂപ്പര്‍താരങ്ങളുടെ പേരിലറിയപ്പെട്ടിരുന്ന കോട്ടേജുകളെല്ലാം ഇന്നു ഓര്‍മകള്‍ മാത്രമാണ്. ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്ന ഉദയ സ്റ്റുഡിയോയെക്കുറിച്ചുള്ള ഓര്‍മകളും കഥകളും പങ്കുവയ്ക്കുകയാണ് സംവിധായകനും ഉദയ സ്റ്റുഡിയോയുടെ ഉടമയായിരുന്ന ബോബന്‍ കുഞ്ചാക്കോയുടെ സുഹൃത്തുമായിരുന്ന ആലപ്പി അഷറഫ്. 

 

പെരുമയുടെ ഉദയ

 

ഒരുപാടു ചരിത്രമുണ്ട് ഉദയ സ്റ്റുഡിയോെയക്കുറിച്ച് പറയാന്‍. അതിഭയങ്കരമായ ഒരു പ്രതാപ കാലഘട്ടമുണ്ടായിരുന്നു  ഉദയ സ്റ്റുഡിയോക്ക്. ബോബച്ചന്റെ പിതാവ് കുഞ്ചാക്കോയുടെ സമയത്തായിരുന്നു അത്. ഒരു രാജകുമാരനെപ്പോലെയാണ് ബോബച്ചനെ കുഞ്ചാക്കോ വളര്‍ത്തിയത്. എനിക്കിപ്പോഴും ഓര്‍മയുണ്ട്... ബോബച്ചനെ കുഞ്ചാക്കോ ഒരു വെള്ളക്കുതിരയുടെ പുറത്തിരുത്തി കൊണ്ടു നടന്നിരുന്നത്. ആലപ്പുഴ ടൗണിലൂടെ ബോബച്ചന്‍ വെള്ളക്കുതിരയുടെ മുകളിലിരുന്നു പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ആദ്യമായി ആലപ്പുഴയില്‍ കൊണ്ടു വന്നത് ബോബച്ചനു വേണ്ടിയായിരുന്നു. അന്ന് കേരളത്തില്‍ ഏജന്‍സിയില്ല. മദ്രാസില്‍ നിന്ന് ലോറിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. ഊട്ടിയില്‍ വിട്ടാണ് ബോബച്ചനെ കുഞ്ചാക്കോ പഠിപ്പിച്ചത്. 

 

സാമ്പത്തിക പ്രതിസന്ധിയുടെ കാലം

 

കുഞ്ചാക്കോ മരിച്ചതിനുശേഷം ഉദയ നിര്‍മിച്ച പടങ്ങളൊന്നും കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ല. മദ്രാസിലും മറ്റു പലയിടങ്ങളിലും ഭൂസ്വത്ത് ഉണ്ടായിരുന്നതെല്ലാം വില്‍ക്കാന്‍ തുടങ്ങി. എല്ലാം വിറ്റു തീര്‍ന്ന് അവസാനം സ്റ്റുഡിയോയും വീടും മാത്രമായി. ബോബച്ചന്‍ കണ്ടമാനം ചെലവാക്കുന്ന വ്യക്തിയായിരുന്നു. ആ ആഢംബരജീവിതം അദ്ദേഹം മരിക്കുന്നതു വരെ തുടര്‍ന്നിരുന്നു. വരുമാനം ഇല്ലാതായപ്പോഴാണ് സ്റ്റുഡിയോ വില്‍ക്കാന്‍ തീരുമാനിച്ചത്. 

 

സിനിമാക്കാര്‍ തന്നെ കുറേപ്പേര്‍ ഇതു വാങ്ങാന്‍ വന്നിരുന്നു. ജൂബിലി ജോയ് ഉള്‍പ്പടെയുള്ളവര്‍ വന്നു കണ്ടെങ്കിലും എല്ലാവരും പിന്‍വാങ്ങി. അങ്ങനെ ഇരിക്കുമ്പോള്‍ ബോബച്ചനോട് സുഹൃത്തായ ഞാൻ ഒരു നിർദ്ദേശം വെച്ചു. 'നമ്മൾ ഉദയ വില്ക്കുന്നില്ല ... പകരം സ്റ്റുഡിയോ ആധുനിവൽകരിക്കുക... ഡിജിറ്റൽ സംവിധാങ്ങൾ... മോഡേൺ ഡബ്ബിങ് തിയറ്റർ.. ഫ്ലോറുകൾപുതുക്കി അത്യവിശ്യ സെറ്റുകൾ ഒരുക്കുക.. താമസ സൗകര്യങ്ങൾ... അങ്ങനെ അടിമുടി മാറ്റി പരിഷ്ക്കരിക്കുക'. ബോബച്ചന് സന്തോഷവും സമ്മതവും. ഇൻവസ്റ്ററെ ഞാൻ കണ്ടു പിടിക്കണം. 51/49 പ്രിപ്പോഷൻ നിലനിർത്തണം. ഞാൻ ശ്രമം ആരംഭിച്ചു. പലരെയും സമീപിച്ചു. 

 

ജ്യോത്സ്യൻ മുടക്കിയ കച്ചവടം

udhaya-banner

 

ഒടുവിൽ ദുബായിൽ രാജകുടുബത്തിലെ ആൾക്കാരുമായ് ചേർന്ന് വമ്പൻ ബിസിനസ്സുകൾ നടത്തുന്ന എന്റെയൊരു സ്നേഹിതന്റെയടുക്കൽ ഈ പ്രോജക്റ്റ് ഞാൻ അവതരിപ്പിച്ചു. അയാൾക്ക് ഇതിനോട് വളരെ താല്പര്യമായി. ബോബച്ചനുമായി ആലപ്പുഴയിൽ  കൂടിക്കാഴ്ചയ്ക്ക് ഏർപ്പാടുണ്ടാക്കി. അവർ തമ്മിൽ കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോൾ ദുബായ്ക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. അയാൾ എന്തു ബിസിനസ് തുടങ്ങുന്നതിന് മുൻപ് അയാളുടെ ഒരു ജോത്സ്യനോട് അനുവാദം വാങ്ങും. 'അതിനെന്താ അങ്ങനായിക്കോട്ടെ' എന്നായി ഞങ്ങൾ.  

 

രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു ജോത്സ്യനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് സ്ഥലം കാണണമെന്ന്. അതിനുള്ള ഏർപ്പാട്  ചെയ്യണം. അദ്ദേഹം ബംഗ്ലൂരിൽനിന്നുമാണ് വരിക. ഞാൻ കൊച്ചി എയർപോർട്ടിൽ ചെന്നു അദ്ദേഹത്തെ സ്വീകരിച്ചു. ഒരു 80 വയസ് തോന്നിക്കുന്ന ആൾ. അദ്ദേഹത്തെ ഞാൻ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടു വന്നു പ്രിൻസ് ഹോട്ടലിൽ താമസമൊരുക്കി. അടുത്ത ദിവസം രാവിലെ 8 മണിക്ക് സ്ഥലം സന്ദർശനം.

 

അടുത്ത ദിവസം, ഞാനദ്ദേഹത്തെയും കൂട്ടി ഉദയായിലെത്തി. അവിടെ ഗേറ്റിനടുത്തുള്ള ഓഫീസിന് മുന്നിൽ ബോബച്ചനും ഭാര്യയും ഞങ്ങളെയും കാത്തു നിൽപ്പുണ്ടായിരുന്നു. സ്റ്റുഡിയോയുടെ കോമ്പൗണ്ടിലുള്ള ഒരു തിയറ്ററിന് മുൻപിൽ ഇറങ്ങിയ അദ്ദേഹം ഒരുമുഴം നീളമുള്ള ഒരു വടിയും പിടിച്ച് വളരെ വേഗത്തിൽ നടന്നു തുടങ്ങി. പല വശങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്നു. ഒടുവിൽ ഒരു ഇരുപത് മിനിട്ടുകൾക്ക് ശേഷം അയാൾ കിതച്ച് കൊണ്ട് എന്റെയടുക്കൽ വന്നു പറഞ്ഞു. " ഇതു വാങ്ങുന്നവൻ ആറുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല", ഒരു നിമിഷം ഞാൻ പകച്ചുപോയി. നിരാശകൊണ്ട് വാടിക്കരിഞ്ഞ എന്റെ മുഖത്തു നോക്കി അയാൾ  പറഞ്ഞു .. "അഷ്റഫിന് വിഷമമായോ..? മറ്റൊന്നുമല്ല, ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനിവിടെ കേൾക്കുന്നു."

 

alappuzha-udhaya-studio

പെട്ടെന്ന് എന്റെ മനസ്സിൽ ആത്മഹത്യ ചെയ്ത നടി വിജയശ്രീയുടെ മുഖം തെളിഞ്ഞു വന്നു.  'വേറെയും ഒരു പാട് സ്ത്രീ ശാപമുണ്ട് ഇവിടെ. അദ്ദേഹം തുടർന്നു. എന്തെങ്കിലും പരിഹാരമുണ്ടോന്നു നോക്കി അറിയിക്കാം'. പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല. അദ്ദേഹത്തെ തിരിച്ചു എയർപോർട്ടിൽ  കൊണ്ടാക്കി. രണ്ടു ദിവസം കഴിഞ്ഞു, ദുബായിൽ നിന്നും മറ്റെയാൾ വിളിച്ച് അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു. ഈ വിവരങ്ങൾ ബോബച്ചനോട് പറയാനുള്ള മാനസിക ബുദ്ധിമുട്ടു കാരണം  ഞാൻ അത് അദ്ദേഹത്തിൽ നിന്നും മറച്ചുവെച്ചു.

 

ബോബച്ചൻ വെളിപ്പെടുത്തിയ സത്യം

 

പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം ബോബച്ചൻ ഉദയാ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ബിസിനസ്സുകാരന് വില്പന നടത്തി. 52 വയസോളം വരുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരാളായിരുന്നു അത് വാങ്ങിയത് 6 മാസം കഴിഞ്ഞയുടൻ ഉദയ സ്റ്റുഡിയോ വാങ്ങിയ വ്യക്തി അപ്രതീക്ഷിതമായി മരിച്ചു. അതറിഞ്ഞ ഞാൻ ഞെട്ടി. ആ ജോത്സ്യന്റെ പ്രവചനം എന്റെ മനസ്സിനെ വല്ലാതെ അലോരസപ്പെടുത്തി. കൊച്ചിയിലെ ആ മരണ വീട്ടിലേക്ക് അടിയന്തിരത്തിന് ബോബച്ചനോടൊപ്പം കൂട്ടു പോയത് ഞാനായിരുന്നു. തിരിച്ചു ആലപ്പുഴക്ക് വരുന്ന വഴി ചേർത്തല കാർത്ത്യാനി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. അവിടെ വെച്ച് , എനിക്ക് ഒരു രഹസ്യം പറയാനുണ്ടന്ന് ബോബച്ചനോട് ഞാൻ പറഞ്ഞു. അന്നു വന്ന ജോത്സ്യൻ പറഞ്ഞതു മുഴുവൻ അദ്ദേഹത്തോട് വിവരിച്ചു. 

 

എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ബോബച്ചൻ അല്പനേരം ഒന്നും മിണ്ടിയില്ല. ഒരു സിഗററ്റ് എടുത്ത് കത്തിച്ച് എന്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു ബോബച്ചൻ പറഞ്ഞു, "എന്നാൽ ഒരു കാര്യം ഞാൻ അങ്ങോട്ടു പറയട്ടെ?" കേൾക്കാൻ ഞാൻ കാതോർത്തു.

 

"ഞങ്ങടെ ജോത്സ്യൻ പറഞ്ഞത് എന്താണന്നറിയാമോ...? ഈ സ്ഥലം നിങ്ങളുടെ തലയിൽ നിന്നു പോയാലെ നിങ്ങൾ രക്ഷപ്പെടുകയുള്ളു എന്ന്!"

 

വിജയശ്രീയും ഉദയ സ്റ്റുഡിയോയും

 

പൊന്നാപുരം കോട്ട എന്ന സിനിമ റിലീസ് ചെയ്ത സമയം. അതില്‍ വലിയൊരു വെള്ളച്ചാട്ടത്തില്‍ വിജയശ്രീ കുളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ടേക്കിന്റെ സമയത്ത് ദേഹത്ത് വെള്ളം വന്നു വീണപ്പോള്‍ അവരുടെ വസ്ത്രം അഴിഞ്ഞുപോയി. ആ രംഗം സിനിമയില്‍ ഉപയോഗിച്ചു. ആ രംഗത്തിന്റെ പേരില്‍ വലിയ കലക്ഷന്‍ ആ സിനിമയ്ക്കു ലഭിച്ചു. വ്യക്തിപരമായി ഒരുപാടു പ്രശ്നങ്ങളിലായിരുന്നു ആ സമയത്ത് വിജയശ്രീ. ഈ രംഗം സിനിമയില്‍ ഉപയോഗിച്ചെന്നു അറിഞ്ഞപ്പോള്‍ അവര്‍ തകര്‍ന്നു പോയി. ഇതു ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുഞ്ചാക്കോ അതു സമ്മതിച്ചെങ്കിലും ഓരോ തിയറ്ററിലും പോയി ആ ഭാഗം മുറിച്ചു മാറ്റുന്നത് സമയമെടുക്കുന്ന ഒരു പരിപാടിയായിരുന്നു. കുറച്ചിടങ്ങളില്‍ നിന്നു ആ രംഗം മുറിച്ചു മാറ്റിയിരുന്നെങ്കിലും പൂര്‍ണമായും അത് ഒഴിവാക്കപ്പെട്ടില്ല. ഇതിന്റെ പേരില്‍ മാനസികമായി അവര്‍ ഒരുപാടു വിഷമിച്ചു. അതിന്റെ തുടര്‍ച്ചയായി പലതും അവരുടെ ജീവിതത്തില്‍ സംഭവിച്ചു. ഒടുവില്‍ അവര്‍ ആത്മഹത്യ ചെയ്തു. 

 

ജ്യോത്സ്യന്‍ ഉദയ സ്റ്റുഡിയോയെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോള്‍ എന്റെ മനസില്‍ വന്നത് വിജയശ്രീയെക്കുറിച്ചുള്ള ഈ സംഭവമാണ്. അല്ലാതെ വിജയശ്രീയുടെ ആത്മാവ് അവിടെയുണ്ടെന്നൊന്നും ജ്യോത്സ്യന്‍ പറഞ്ഞിട്ടില്ല. ഒരുപാടു പെണ്ണുങ്ങളുടെ ശാപമുള്ള ഭൂമിയാണ് അതെന്നായിരുന്നു അയാള്‍ പറഞ്ഞത്. ബോബച്ചന്‍ ഇത് വിറ്റിട്ടും വലിയ മെച്ചമുണ്ടായില്ല. മൂന്നു പെങ്ങന്മാരുണ്ട് ബോബച്ചന്. കിട്ടിയ തുക നാലായി ഭാഗം വയ്‍ക്കേണ്ടി വന്നു. ഉദയ സ്റ്റുഡിയോ തലയില്‍ നിന്നു പോയതിനു ശേഷമാണ് ആ കുടുംബത്തിന് ഉയര്‍‍ച്ചയുണ്ടായത്. 

 

ഉദയയ്ക്ക് പിന്നീട് സംഭവിച്ചത്

 

സ്ഥലം വാങ്ങിയവര്‍ ഉദയയുടെ പേര് മാറ്റി, വിടിജെ ഫിലിം സിറ്റി എന്നാക്കി. അിടെ പല ഷൂട്ടിങ്ങുകളും നടക്കുന്നുണ്ടായിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ പല ഷൂട്ടിങ്ങുകളും അവിടെ നടന്നു. ഈ സ്റ്റുഡിയോ നില്‍ക്കുന്ന സ്ഥലം പാതിരാപ്പള്ളിയാണ്. അതു തോമസ് ഐസകിന്റെ മണ്ഡലമാണ്. ബോബച്ചന്റെ കയ്യിൽ നിന്നു അതു വാങ്ങിയവർ പിന്നീട് സ്റ്റുഡിയോ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിന് ഇതു വാങ്ങി ഒരു സ്മാരകമാക്കി സംരക്ഷിച്ചുകൂടാ എന്ന ആശയം ഞാനടക്കമുള്ള ചില സിനിമാസുഹൃത്തുക്കളുടെ ഇടയിലുണ്ടായി. ആകെ മൂന്നര ഏക്കര്‍ സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അത് ഏറ്റെടുത്ത് സ്മാരകമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് അതിനായി കുറെ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.  സ്ഥലം വാങ്ങി മുറിച്ചു വില്‍ക്കുന്ന ഒരു ഗ്രൂപ്പിന്റെ കയ്യിലാണ് ഇപ്പോള്‍ ആ ഭൂമി. 

 

വളരെ പ്രശസ്തമായ നസീര്‍ കോട്ടേജ്, രാഗിണി കോട്ടേജ് എല്ലാം പൊളിച്ചു നീക്കപ്പെട്ടു കഴിഞ്ഞു. ആ കോമ്പൗണ്ടില്‍ ഇപ്പോള്‍ ആകെയൊരു കെട്ടിടം മാത്രമേ പൊളിക്കാതെ ഉള്ളൂ. ബാക്കിയെല്ലാം പൊളിച്ചു നീക്കി. ആകെ കാടു പിടിച്ച് കിടക്കുകയാണ് ആ സ്ഥലം. അവിടെ പോയപ്പോള്‍ കണ്ടത് ഇതെല്ലാമാണ്. വല്ലാത്തൊരു ഭാര്‍ഗവിനിലയം പോലെയാണ് ഇപ്പോഴത്തെ അതിന്റെ കിടപ്പ്. ഇനി അവിടെ സംരക്ഷിക്കേണ്ടതായി ഒന്നുമില്ല. പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന ഉദയ സ്റ്റുഡിയോ ഇപ്പോള്‍ കാടു പിടിച്ചു കിടക്കുന്ന വെറും ഭൂമി മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com