ADVERTISEMENT

ഏക മകളെ കാണാൻ കോഴിക്കോട്ട് കോളജിലെ ഹോസ്റ്റലിൽ എത്തിയതായിരുന്നു ആ അച്ഛൻ.  എത്ര വിളിച്ചിട്ടും അയാൾക്കു മുഖം കൊടുക്കാൻ മകൾ തയാറായില്ല. മകളായിരുന്നു അയാൾക്ക് എല്ലാം. അവൾക്കു വേണ്ടെങ്കിൽ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന് അയാൾക്കു തോന്നി.  മടങ്ങുംവഴി തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. മരണം റയിൽപ്പാളത്തിൽ വച്ചാവട്ടെ! 

 

രാത്രി എട്ടര. സ്റ്റേഷനിൽ ആളൊഴിയുന്നതേയുള്ളൂ. എന്തു ചെയ്യും? സ്റ്റേഷനോരത്തെ തട്ടുകടയിൽ അവസാനത്തെ അത്താഴത്തിനു മുന്നിൽ ഇരിക്കുമ്പോൾ കഴിക്കുന്നത് ബലിച്ചോറാണ് എന്ന് അയാൾക്കു തോന്നി. തെല്ലും രുചിയില്ല. എത്ര വാരി വാരിക്കഴിച്ചിട്ടും വിശപ്പു തീരുന്നുമില്ല!

lohi-3

 

ഇനി ഒരു സിനിമ കൂടി. അതു കഴിഞ്ഞാൽ ജീവിതത്തിനും തിരശ്ശീല. ഏതോ തീയറ്റർ. ഏതോ സിനിമ!  ആസ്വദിക്കാൻ വരുന്നവനാണ് ഇതൊക്കെ പ്രധാനം. ക്ലൈമാക്സിലേക്ക് കഥ നീട്ടാൻ സമയം കളയണം, അയാൾക്ക് അത്രമാത്രം!

 

ടിക്കറ്റ് കൗണ്ടറിനുമുന്നിലെ ക്യൂവിൽ അവസാനത്തെ കാത്തുനിൽപ്.  ഏതോ വാതിലിലൂടെ കയറി. ഇരുട്ടിൽ എവിടെയോ ഇരുന്നു. അലസമായൊരു നിസ്സംഗതയോടെ നോക്കിയിരിക്കെ സ്ക്രീനിൽ സിനിമയുടെ പേരു തെളിഞ്ഞു — കാരുണ്യം. 

 

മെല്ലെ മെല്ലെ അച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളുടെ കഥ അയാളുടെ ഹൃദയത്തിൽ തൊടാൻ തുടങ്ങി. ഒടുവിൽ തീയറ്ററിൽനിന്നിറങ്ങുമ്പോൾ  മനസ്സിൽ പുതിയൊരു ആഗ്രഹം കയറിക്കൂടി — മരിക്കുംമുമ്പ് ഒരാളെക്കൂടി കാണണം.  സിനിമയൊരുക്കിയ ആ ആളുടെ പേര് അയാൾ എപ്പോഴൊക്കെയോ കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര തീവ്രമായി അടുപ്പം തോന്നുന്നത് ഇന്ന് ആദ്യമാണ്.

 

ഒരേയൊരു സംശയം തീർക്കാനുണ്ട്. എന്നിട്ടാവാം ആത്മഹത്യ.  സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ കിടന്നുറങ്ങി. പുലർച്ചെ വന്ന ട്രെയിൻ അയാളെ വിളിച്ചുണർത്തി.

ആരോടൊക്കെയോ ചോദിച്ചു, ഏതൊക്കെയോ ബസിൽ കയറി. എല്ലാവർക്കും ആ പേരുകാരനെ അറിയാം. അങ്ങനെ അകലൂരിൽ ബസിറങ്ങി. നാട്ടുകാർ അയാളെ അമരാവതിയിലെത്തിച്ചു. 

 

അമരാവതിയിലേക്ക് ആർക്കും എപ്പോഴും സ്വാഗതം!

 

കഥ കേൾക്കാനും സങ്കടം പങ്കിടാനും ആശ്വസിപ്പിക്കാനും ഗൃഹനാഥൻ അവിടെയുണ്ടായിരുന്നു. പഴയ നാലുകെട്ടിന്റെ ഇളംതിണ്ണയുടെ തണുപ്പിൽ വന്ന വരവിൽ അയാൾ തളർന്നിരുന്നു. ആദ്യം ഒരു മൊന്ത വെള്ളം. പിന്നെ ഒരു സിഗററ്റ്.

 

പട്ടിണിക്കാരന്റെ ആർത്തിയോടെ രണ്ടും തീർത്ത് 50 വയസ്സുകാരനായ ആ ബിസിനസുകാരൻ പറയാൻ തുടങ്ങി: ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്ന വഴിയാണ്. എനിക്കു പറയാനുള്ളതൊന്നു കേൾക്കണം. എന്നിട്ട് എന്റെ സംശയത്തിന് സാർ ഉത്തരം തരണം.കേൾക്കാനിരിക്കുന്ന താടിക്കാരന്റെ ചുണ്ടിൽ എരിയുന്ന സിഗറ്റുകളുടെ എണ്ണം കൂടിക്കൂടി വന്നു.

 

മാംസവ്യാപാരത്തിലെ ഇടനിലയാണ് വന്നയാളുടെ ബിസിനസ്. താമസം കർണാടകത്തിലെ ഏതോ കുഗ്രാമത്തിൽ. നാട്ടിൽ പറയാൻ കൊള്ളാത്ത ജോലിയായതിനാൽ അന്യനാട്ടിൽ കുടിയേറിയതാണ്. തിളങ്ങുന്ന ഉടുപ്പിൽ സെന്റുംപൂശി നാട്ടിൽ വരുന്നതിനാൽ ഉള്ളിലെ ദുർഗന്ധം നാട്ടുകാർക്കറിയില്ല, ഇതുവരെ! പട്ടിണിയും അവഗണനയും നേരിടുന്ന പെൺകുട്ടികളാണ് അയാളുടെ ബിസിനസ് വസ്തുക്കൾ.

 

മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, രണ്ടാനമ്മയുടെ സംരക്ഷണയിൽ കഴിയുന്നവർ, തെളിവെള്ളമെന്നു തെറ്റിദ്ധരിച്ച് ചെളിക്കുഴിയിൽ ഉടൽ നനച്ചവർ.. ഇങ്ങനെയുള്ളവരെ കണ്ടെത്താനും കൊണ്ടുപോകാനും മിടുമിടുക്കനായിരുന്നു അയാൾ. നല്ല എക്സ്പീരിയൻസ്ഡ്!

 

ഒന്നോ രണ്ടോ തവണ കണ്ടു സംസാരിച്ചാൽ പെൺകുട്ടിക്കു തോന്നിപ്പോകും — തന്നെ രക്ഷിക്കാൻ ദൈവം പറഞ്ഞുവിട്ടതാണ് ഈ ചേട്ടനെ. ഇരകൾ സന്തോഷത്തോടെ റാഞ്ചാൻ നിന്നുകൊടുക്കും.

 

ഒളിച്ചോടിയ വിവരം വീട്ടുകാരെ അറിയിക്കാൻ മേശവിരിക്കു കീഴിൽ ഒളിപ്പിച്ചുവയ്ക്കേണ്ട കത്തിന്റെ ഫോർമാറ്റ് പോലും അയാളുടെ നാവിൻതുമ്പിലുണ്ട്. കേട്ടെഴുതി വച്ചിട്ട് ചാടിപ്പോന്നാൽ മതി !

 

കർണാടകയിലെ കുഗ്രാമത്തിലെ ഒറ്റമുറി വീട്ടിലേക്കാണ് അയാൾ ചാട്ടക്കാരിയെ കൊണ്ടുപോകുക.  ചെല്ലുമ്പോൾ തീയിൽനിന്ന് തണലിലെത്തിയതുപോലെ തോന്നും.. അവിടെ അയാളുടെ ഭാര്യയുണ്ട്.  സേഫായ ചുമരുകളുള്ള, സന്തോഷം തോന്നിക്കുന്ന നിറങ്ങളുള്ള ആ വീട്ടിൽ നല്ല ഭക്ഷണം കഴിച്ച് സ്നേഹത്തിന്റെ മൂന്നോ നാലോ ദിനങ്ങൾ.

ഭാര്യയും ഭർത്താവും ഉറങ്ങുന്ന അതേ മുറിയിലാണ് പുതിയ പെൺകുട്ടിയെയും ഉറങ്ങാൻ കിടത്തുക.  നിഷ്കളങ്കമായ സ്വഭാവികത തോന്നിക്കുന്ന ഒരു സൂത്രപ്പണിയാണത്. 

ദമ്പതികളുടെ കട്ടിലിനു താഴെ കിടക്കുന്ന ഒരു ടീനേജ് പെൺകുട്ടി ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് കട്ടിലിൽ കിടക്കുന്ന കുറുക്കൻ അറിയാഞ്ഞിട്ടല്ല. അയാൾ രണ്ടാംദിവസം രാത്രി ഭാര്യയോടു ശബ്ദം താഴ്ത്തി ചോദിക്കും: പെണ്ണ് ഉറങ്ങിയോടീ.

 

പിന്നെ എപ്പഴേ ഉറങ്ങിക്കാണും —  ഉറക്കെ രഹസ്യം പറയുന്ന മട്ടിൽ ഭാര്യയുടെ മറുപടി. 

ഇതുകേട്ടാൽ ഏതെങ്കിലും പെൺകുട്ടി ഉറങ്ങുമോ? അവൾ ശ്വാസമടക്കിപ്പിടിച്ചു കിടക്കും.

ശരീരംകൊണ്ട് തെറ്റു ചെയ്യാനുള്ള മനസ്സിന്റെ പരിശീലനക്ലാസ് അവിടെ തുടങ്ങുകയാണ്. ദാമ്പത്യത്തിന്റെ ഇഷ്ടപ്രകടനങ്ങൾക്ക് രണ്ടു മൂന്നു രാത്രികളിൽ നിശ്ശബ്ദസാക്ഷിയാകുന്നതോടെ ഇരയാവാൻ അവൾ ഒരുങ്ങിക്കഴിഞ്ഞു.

 

നാലാം ദിവസമാകുമ്പോൾ നാട്ടിൽ ഏതോ ബന്ധുവിന് അസുഖം വരുന്ന കാര്യം കുറുക്കനും ഭാര്യയും തമ്മിൽ സംസാരിക്കുന്നു. താൻ കാണാൻ പോകാമെന്ന് കുറുക്കൻ, വേണ്ട താൻ പോകാമെന്ന് കുറുക്കച്ചി! നിർബന്ധത്തിന് അയാൾ വഴങ്ങുന്നു. പെൺകുട്ടിയെ കുറുക്കനെ കാവലേൽപ്പിച്ച് ഭാര്യ നാട്ടിലേക്കു പോകുന്നു.

 

മുൻതീരുമാനംപോലെ മൂന്നു ദിവസത്തിനുശേഷം ഭാര്യ തിരിച്ചുവരുമ്പോഴേക്കും അയാൾ ആ പെൺകുട്ടിയെ ഭാര്യയുടെ റോളിലേക്കു മാറ്റിക്കഴിഞ്ഞിരിക്കും.  തെറ്റു കയ്യോടെ കണ്ടുപിടിക്കുന്ന ഭാര്യയും തെറ്റുകാരനായ ഭർത്താവുമായി ഭീകരവഴക്ക്. സ്ഥിരം നാടകം, പതിവു ഡയലോഗുകൾ.. ക്ലൈമാക്സിലെത്തിക്കാൻ എന്തെളുപ്പം!

 

പെൺകുട്ടിയെ സേഫായ മറ്റൊരിടത്തേക്കു മാറ്റാൻ അയാൾ തീരുമാനിക്കുന്നു — കുടുംബത്തിൽ സമാധാനം ഉണ്ടാകുമല്ലോ! വഴങ്ങാതിരുന്നാൽ പോകാൻ അവൾക്കു വേറെ ഇടമില്ല.

 

lohithadas-2

അരുതായ്കകളുടെ സുഖവും സന്തോഷവും പരിശീലിപ്പിക്കപ്പെട്ട അവൾ അങ്ങനെ കച്ചവടത്തിന്റെ കിടപ്പാടങ്ങളിലേക്ക് തെന്നി വീഴും. അതിനകം അവളറിയാതെ അയാൾ അവളെ ആർക്കെങ്കിലും മോഹവിലയ്ക്ക് വിറ്റു കഴിഞ്ഞിരിക്കും. അപകടം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെട്ട ബുദ്ധിമതികൾ ഒന്നോ രണ്ടോ! ബാക്കി എല്ലാത്തവണയും കുറുക്കന്റെയും ഭാര്യയുടെയും ബിസിനസ് സക്സസ്. കിട്ടുന്ന പണത്തിൽ ഒരുഭാഗം ഒരുപാടു ദേവാലയങ്ങളിൽ നേർച്ചയ്ക്ക്, നാട്ടിൽ പലർക്കും സഹായത്തിന്. 

 

അവരുടെ ഏക മകൾ പഠിക്കുന്നുണ്ട്. അവൾ അങ്ങു ദൂരെ കോഴിക്കോട്ട് ഒരിടത്ത് ഹോസ്റ്റലിലാണ്. ഒട്ടും ചെളി പറ്റാത്ത വെണ്ണക്കൽ ഫ്ളോറുകളുള്ള, എല്ലാ മുറികളിലും ധാരാളം വെളിച്ചമുള്ള, സ്ട്രിക്റ്റായ വാർഡനും, കപ്പടാ മീശക്കാരൻ സെക്യൂരിറ്റിയുമുള്ള ഹോസ്റ്റൽ. അവിടെ അവളുടെ ജീവിതം സുരക്ഷിതമാണ്. അവൾ നന്നായി പഠിക്കും. പണത്തിനു വിഷമമേയില്ല.

 

അയാളും ഭാര്യയും അവളെ വീട്ടിലേക്കു കൊണ്ടുവരാറില്ല. ആവശ്യമെങ്കിൽ  ഹോസ്റ്റലിൽപോയി കാണും. ഹോസ്റ്റലിൽനിന്ന് അത്തവണ വിളി വന്നപ്പോഴും അയാൾ അങ്ങനെയേ കരുതിയുള്ളൂ. പക്ഷേ, വാതിൽക്കൽ എത്ര നേരം കാത്തുനിന്നിട്ടും മകൾ ഇറങ്ങിവന്നില്ല. അവൾക്ക് അച്ഛനെ കാണണ്ട! ഇന്നു മാത്രമല്ല, ഇനിയൊരിക്കലും..

 

മകളെ കാണാൻ തലേദിവസം നാലോ അഞ്ചോ പൊലീസുകാരെത്തിയിരുന്നു, ഹോസ്റ്റലിൽ — അച്ഛനെക്കുറിച്ച് ചോദ്യം ചെയ്യാനാണ്. അച്ഛൻ പെൺവാണിഭത്തിലെ ഇടനിലക്കാരനാണെന്ന് പൊലീസുകാരിൽനിന്ന് കേൾക്കേണ്ടി വന്നു ആ മകൾക്ക്. ആ അച്ഛനെ അവൾക്ക് ഇനി വേണ്ട!

 

അയാളുടെ പിടിയിൽ നിന്ന് ഒരിക്കൽ രക്ഷപ്പെട്ടോടിയ ഒരു പെൺകുട്ടിയുടെ വീട്ടുകാർ കൊടുത്ത പരാതിയിൽ സെക്സ്റാക്കറ്റിന്റെ മണം പിടിച്ച പൊലീസ് വേരുകൾ തപ്പി നാട്ടിലെത്തി. അവിടെ നിന്ന് പെൺകുട്ടിയുടെ പഠനസ്ഥലവും ഹോസ്റ്റലും കണ്ടെത്തിയതാണ്. വാർഡനെ ആദ്യം ചോദ്യം ചെയ്തു. അവളുടെ കൂട്ടുകാരികളെയൊക്കെ ഭീഷണിപ്പെടുത്തി. എല്ലാവരും അറിഞ്ഞു. അവളുടെ അച്ഛൻ ചീത്തയാണ്.

 

ആ മകൾക്ക് ഇനി അച്ഛൻ തരുന്ന വസ്ത്രങ്ങളും സ്നേഹവും വേണ്ട. കാണുക പോലും വേണ്ട. ഓരോ തവണ തെറ്റു ചെയ്യുമ്പോളും അയാളുടെ പ്രായശ്ചിത്തം രണ്ടു കണ്ണുകളിലെ ആഹ്ലാദമായിരുന്നു. അതു കെട്ടുപോയാൽ പിന്നെ അയാൾക്ക് ഒന്നും നേടാനില്ല. അങ്ങനെ മരിക്കാനായി തൃശൂർ റയിൽവേ സ്റ്റേഷനിൽ. പിന്നെ കയ്പ്പുള്ള ചോറ്, സെക്കൻഡ് ഷോ. 

 

പിറ്റേന്ന് രാവിലെ അയാൾ പാലക്കാട് ജില്ലയിലെ അകലൂരിൽ തിരക്കഥാകൃത്തായ ലോഹിതദാസിന്റെ വീട്ടുമുറ്റത്ത്, അമരാവതിയിൽ. സ്വന്തം ജീവിത കഥ പറഞ്ഞു തീരവേ കരഞ്ഞുകരഞ്ഞ് അയാളുടെ കണ്ണു ചുവന്നിരുന്നു. അയാൾ ലോഹിയോടു ചോദിച്ചു: കഥകൾ ഒരുപാട് അറിയാവുന്ന ആളല്ലേ, ഒരേയൊരു കാര്യത്തിനു മാത്രം മതി ഉത്തരം. എന്റെ മകൾ ഇനി എപ്പോഴെങ്കിലും എന്നെ സ്നേഹിക്കുമോ?

 

ലോഹി ഒന്നും പറഞ്ഞില്ല. അമരാവതിയുടെ മുറ്റത്തിനപ്പുറം കുളമുണ്ട്. ആകെ മുഷിഞ്ഞിട്ടുണ്ടല്ലോ. ആദ്യം ഒരു കുളി. പിന്നെ ഊണ്. എന്നിട്ടാവാം സംസാരം എന്നായിരുന്നു ഉത്തരം. ഊണു കഴിഞ്ഞ് ലോഹിതദാസ് അയാളെ അടുത്തു വിളിച്ചിരുത്തി കുറെ നേരം സംസാരിച്ചു. മഴയുടെ ഒടുവിലെ വെയിൽപോലെ അയാളുടെ മുഖത്ത് മെല്ലെ ഒരു ചിരി വന്നു.

കാപ്പി കുടിയും കഴിഞ്ഞ് പടിയിറങ്ങുമ്പോൾ അയാൾ പറഞ്ഞു — ഇനി ഞാൻ തെറ്റുകളിലേക്കില്ല. വേറെ എവിടെയെങ്കിലും അൽപം സ്ഥലം വാങ്ങി, പണിയെടുത്തു ജീവിക്കും. എന്നിട്ട് എന്റെ മകളെയും ഭാര്യയെയും കൂട്ടി സാറിനെ കാണാൻ വരും. സാറു നോക്കിക്കോ! 

 

അകലൂരിലെ തൊടിയിൽ മധുരം കായ്ക്കുന്ന മാവുകളുടെ അഹങ്കാരമാണ്. വെയിൽ ചാഞ്ഞ വേളയിൽ മാന്തണലിലൂടെ അയാൾ കൈവീശി നടന്നുപോയത് സ്വന്തം സങ്കടങ്ങളോടു വെല്ലുവിളിച്ചായിരുന്നു.

 

പിന്നീട് എപ്പോഴെങ്കിലും ആ അച്ഛൻ തിരിച്ചുവന്നുകാണുമോ? 

വരുമ്പോൾ ഒപ്പം ഭാര്യയും ഭംഗിയുള്ള ചുരിദാറിട്ട മകളും ഉണ്ടായിരുന്നിരിക്കില്ലേ?

ആ മകൾ അച്ഛന്റെ രക്ഷകനോട് എങ്ങനെ നന്ദി പറഞ്ഞുകാണും? 

അവർ മടങ്ങിപ്പോകുമ്പോൾ ലോഹിയുടെ മനസ്സിൽ ബാക്കി വന്നത് എന്തായിരിക്കും?

അവർ ഇപ്പോൾ എവിടെയുണ്ട്?

ലോഹിതദാസിനോടു ചോദിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനിയൊട്ട്  അവസരവുമില്ല.

 

ഇത്തരം ഒരായിരം സ്നേഹാർദ്ര സദസ്സുകളിലെ കരനാഥനായിരുന്നു ലോഹി. വിരുന്നു വരുന്ന എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം ഒരുപാടു മുറികളുള്ള അമരാവതി എന്ന വലിയ വീട് വാങ്ങിയതെന്നു തോന്നുമായിരുന്നു, അവിടെ ചെല്ലുമ്പോഴൊക്കെ. 

 

മുന്നോട്ട് നീട്ടിയ മനസ്സുപോലെയാണ് അമരാവതിയുടെ ഉമ്മറം. അവിടെ തലയൽപം ചെരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന ഗൃഹനാഥനെ കാണാൻ ഒരുപാടു സങ്കടങ്ങൾ വരുമായിരുന്നു. ചിലപ്പോഴൊക്കെ സന്തോഷങ്ങളും. എഴുതാനെടുത്തിനെക്കാൾ  എത്രയോ അധികം ഭംഗിയുള്ള വാക്കുകൾ ലോഹി ഉള്ളിൽനിന്നെടുത്തു, ആളുകളെ ആശ്വസിപ്പിക്കാൻ, സ്നേഹിക്കാൻ!

 

ഓരോ എഴുത്തിനും മുമ്പ് ലോഹിതദാസിന് കടുത്ത പനി വരുമായിരുന്നു.  പനിച്ചൂട് കൂടിക്കൂടി നെറ്റിയിൽ മുഴ പോലെ വന്നു പൊങ്ങും. അതൊരു സൂചനയാണ്. മനസ്സു എഴുത്തിനു പാകമായി എന്ന രചനാ സൂചന. പിന്നെ എഴുതിത്തുടങ്ങും. രാത്രികൾ പകലാക്കിയാണ് ലോഹിയുടെ എഴുത്ത്. പനി ചുട്ടുപൊള്ളിക്കുന്ന വിഭ്രാന്തികളുടെ കാലമാണ്. മനസ്സിനും ശരീരത്തിനും വല്ലാത്ത ദാഹം തോന്നും.

 

പനിക്കാലത്തും അല്ലാത്തപ്പോഴും ലോഹി ദാഹിച്ചിരുന്നു, സ്നേഹത്തിനുവേണ്ടി, പരിഗണനയ്ക്കു വേണ്ടി, നല്ല വാക്കിനു വേണ്ടി. കൈകളിൽ ഒന്നു മുറുക്കിപ്പിടിച്ചാൽ മെഴുകുപോലെ വഴങ്ങിത്തരുമായിരുന്നു ആ മനസ്സ്. 12 വർഷം മുമ്പ് ഇതേ ദിവസം ലോഹിക്കു വീണ്ടും പനി വന്നു. പിന്നാലെ വരേണ്ടത് ഉള്ളുലയ്ക്കുന്ന എഴുത്തായിരുന്നില്ലേ!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com