ഇത് ട്രെയിലറല്ല, ഒരു മുതൽ മോഷ്ടിക്കപ്പെട്ട അവസ്ഥ: ഞെട്ടലിൽ ബ്ലെസി
Mail This Article
‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങൾ വേൾഡ് റിലീസിന് മുന്നോടിയായി വിദേശ ഏജൻസികൾക്ക് അയച്ചു നൽകിയിരുന്നു. അതിൽ നിന്നുമാണ് വിഡിയോ ചോർന്നത്. ഗ്രേഡിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതില്‍ അതിയായ വിഷമമുണ്ടെന്നും ബ്ലസ്സി വ്യക്തമാക്കുന്നു.
‘‘ആടുജീവിതത്തിന്റെ ഔദ്യോഗികമല്ലാത്ത ട്രെയിലർ ഇന്നലെ വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമേരിക്കയിലുള്ള ഡെഡ്‌ലൈൻ എന്ന വെബ്സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ്. ട്രെയിലർ എന്ന തരത്തിൽ അതിനെ വിവരിക്കാൻ കഴിയില്ല. കാരണം അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും വേൾഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങൾക്കുമായി ഏജന്റ്സിനയച്ച വിഡിയോ ക്ലിപ്പ് ആണിത്.
ട്രെയിലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇതിങ്ങനെ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ട്. ഇത് ഔദ്യോഗിക ട്രെയിലർ അല്ല. പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുകയാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമമുണ്ട്. അത് പ്രേക്ഷകരുടെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങൾക്കു മുന്നിലെത്തിയത്.’’–ബ്ലെസി പറഞ്ഞു.