ആമിർ ഖാൻ വിഷാദത്തിൽ, മദ്യപാനിയായെന്ന് വിമർശകർ; വിഡിയോ വൈറൽ

Mail This Article
ബോളിവുഡിലെ മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിർ ഖാന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു പാർട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കാലിടറിപ്പോകുന്ന ആമിറിനെ വിഡിയോയിൽ കാണാം. താരം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്നാണ് വിമർശകരുടെ പ്രതികരണം. ഹാളിൽനിന്നു പുറത്തുവരാൻ ശ്രമിക്കുന്ന ആമിർ ഖാൻ വീഴാൻ പോകുമ്പോൾ വാതിലിൽ പിടിച്ചു നിൽക്കുന്നതാണ് വിഡിയോയിൽ കാണാനാകുക.
വിഡിയോയിലെ താരത്തിന്റെ ലുക്കും ട്രോളിനിടയാക്കുന്നുണ്ട്. തുടർ പരാജയങ്ങളും ജവാൻ, ഗദ്ദർ 2 പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും നടൻ മദ്യത്തിനടിമയായെന്നുമൊക്കെയാണ് വിമർശനങ്ങൾ ഉയരുന്നത്.
ബോളിവുഡിൽ പാർട്ടി ആഘോഷങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കുന്ന താരമാണ് ആമിർ. അതുകൊണ്ട് തന്നെ താരത്തിന്റെ ഇങ്ങനെയൊരു വിഡിയോ വൈറലാകുന്നതും ഇതാദ്യമാണ്. നടനെ പിന്തുണച്ചും നിരവധിപ്പേർ എത്തി. ആമിർ ഖാനെ വെറുതെ വിടണമെന്നും ഒരാൾക്ക് മദ്യപിക്കാനും ഒഴിവുസമയം ആസ്വദിക്കുവാനുമുള്ള അവകാശവുമുണ്ടെന്നാണ് ആരാധകർ പറയുന്നത്.
കരീന കപൂറിനൊപ്പം അഭിനയിച്ച ലാൽ സിങ് ഛദ്ദയാണ് ആമിർ അവസാനം ചെയ്ത സിനിമ. 1994-ൽ പുറത്തിറങ്ങിയ, ടോം ഹാങ്ക്സിന്റെ ഏറെ പ്രശംസ നേടിയ ചിത്രമായ ഫോറസ്റ്റ് ഗമ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. നിർഭാഗ്യവശാൽ സിനിമ പ്രേക്ഷകരെയും നിരൂപകരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. കാജോൾ, വിശാൽ ജേത്വ എന്നിവർ അഭിനയിച്ച സലാം വെങ്കിയിൽ അദ്ദേഹം ഒരു അതിഥി വേഷം ചെയ്തിരുന്നു.
രണ്ട് വർഷത്തേക്ക് അഭിനയത്തിൽനിന്ന് ഇടവേള എടുക്കുന്നുവെന്ന് ഈ വർഷമാണ് ആമിർ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർ പറഞ്ഞു.
നിർമാണ രംഗത്ത് ആമിർ ഖാൻ സജീവമാണ്. സണ്ണി ഡിയോളിനെ നായകനാക്കി രാജ്കുമാർ സന്തോഷി ഒരുക്കുന്ന പുതിയ ചിത്രം നിർമിക്കുന്നത് ആമിറാണ്.