മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാല്‍, ആ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്: സിദ്ദീഖ്
Mail This Article
ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാലെന്ന് നടൻ സിദ്ദീഖ്. സിനിമയിൽ എതിരെയാണ് നില്‍ക്കുന്നതെങ്കിലും റിയല്‍ ലൈഫില്‍ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ‘നേര്’ സിനിമ വലിയ വിജയമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘ഖൽബ്’ എന്ന സിനിമയുെട ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
‘‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോംബോ. അതിനു മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോംബിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കില്‍ പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. അത് സിനിമയിൽ മാത്രമേ ഉളളൂ. ജീവിതത്തിൽ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരിത്തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്.
പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണ് ഞാൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് സിനിമയിലെ ഫോട്ടോ അല്ല. സെറ്റിൽ ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു നിന്നപ്പോള്‍ അറിയാതെ എടുത്ത ഒരു കാന്‍ഡിഡ് ചിത്രമാണ്. ഇന്ന് ലാല്‍ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാന്‍ അത് അങ്ങനെ കൊടുത്തത്. അതിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഒരുപാട് സന്തോഷം”–സിദ്ദീഖ് പറയുന്നു.
ജീത്തു ജോസഫ്–മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച സിനിമയാണ് നേര്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. പ്രിയാമണി, അനശ്വര രാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയിലെ സിദ്ദീഖിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.