3 അല്ല സർ, ‘ആടുജീവിത’ത്തിനായി 16 വർഷം, അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വിരാജ്; വിഡിയോ
Mail This Article
‘ആടുജീവിതം’ എന്ന സിനിമയ്ക്കായി പൃഥ്വി രാജ് പതിനാറ് വർഷം പ്രയത്നിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. തന്നെക്കാൾ മികച്ച നടൻ എന്ന ആമുഖത്തോടെയാണ് പൃഥ്വിരാജിനെ അക്ഷയ് കുമാർ പരിചയപ്പെടുത്തിയത്. തന്റെ മകൻ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിലാണ് അക്ഷയ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പൃഥ്വിരാജിൽ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടുജീവിതത്തിന്റെ ട്രെയിലർ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തു വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് താൻ പറഞ്ഞിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും മൂന്നു വര്‍ഷം പൃഥ്വി ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിനായി താന്‍ 16 വര്‍ഷമെടുത്തു എന്ന് പൃഥ്വിരാജ് തിരുത്തുന്നുമുണ്ട്. 16 വർഷമായി ഈ സിനിമയുടെ പുറകേ ആയിരുന്നു എന്ന പൃഥ്വിയുടെ വാക്കുകൾ ഞെട്ടലോടെയാണ് താരം കേട്ടത്.
‘‘ഇത് തീർത്തും അവിശ്വസനീയമാണ് എനിക്ക് മാത്രമല്ല, അദ്ദേഹം 16 വര്‍ഷമായി ആ സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്നത് അവിശ്വസനീയമാണ്. എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല ഒരു പക്ഷേ നിങ്ങൾക്കും. ഇന്ത്യയിൽ തന്നെ ഈ ഒരു നടൻ അല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതം. നമ്മുക്ക് എല്ലാവർക്കും പ്രചോദനമാണ് പൃഥ്വി.’’–അക്ഷയ് പറഞ്ഞു.
‘ആടുജീവിതം’ ട്രെയിലർ പ്രേക്ഷകരെ കാണിക്കണമെന്ന് അക്ഷയ് നിർബന്ധിച്ചുവെങ്കിലും പൃഥ്വിരാജ് സ്നേഹത്തോടെ അത് നിരസിച്ചു. ബഡേ മിയാൻ ചോട്ടേ മിയാനിൽ തന്നേക്കാൾ ഡയലോഗ് ഉള്ളത് പൃഥ്വിരാജിനാണെന്നും അക്ഷയ് കുമാർ പറയുകയുണ്ടായി.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം എപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ടൈഗർ ഷ്രോഫ്, മാനുഷി ചില്ലാർ, അലയ, സോനാക്ഷി സിൻഹ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.