പൊലീസ് സ്റ്റേഷൻ തന്ന 'മെൽകൗ'; ലാലേട്ടൻ വീണ്ടും പറഞ്ഞ 'സ്‌മാർട്ട് ബോയ്സ്'; ഷാഫി പറഞ്ഞ തമാശക്കഥ

Mail This Article
സംവിധായകൻ ഷാഫിയുടെ തൊമ്മനും മക്കളും എന്ന സിനിമ പോലെ കൊണ്ടാടപ്പെട്ടതാണ് അതിന്റെ പോസ്‌റ്ററും. ‘തെമ്മനും മക്കളും’ എന്നെഴുതി വച്ച് , ‘ത’യ്‌ക്കും ‘മ്മ’യ്‌ക്കും ഇടയിൽ ഒരു കുനിപ്പ് ചേർത്ത് ‘തൊമ്മനും’ എന്നാക്കിയ രീതിയിലായിരുന്നു അത്. അക്ഷരാഭ്യാസമില്ലാത്ത നായകൻമാരുടെ വിവരക്കേട് ആയിരുന്നല്ലോ ആ സിനിമയിലെ മുഖ്യ കോമഡി. ആ സിനിമയുടെ പോസ്റ്ററിൽ സിനിമയുടെ കൃത്യമായ സ്വാഭാവം കൂടി ഉൾച്ചേർക്കാനായിരുന്നു പോസ്റ്ററിലെ ആ അക്ഷരത്തെറ്റും തിരുത്തും.
അത്തരത്തിൽ പോസ്റ്റർ ഡിസൈൻ ചെയ്തതിനു പിന്നിൽ ഒരു കഥയുണ്ടെന്ന് മുൻപ് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ഷാഫി വെളിപ്പെടുത്തിയിരുന്നു. സംവിധായകനാകുന്നതിനു മുൻപ് സഹസംവിധായകനായി ഷാഫി സിനിമയിൽ നിറഞ്ഞ കാലത്തു നിന്നായിരുന്നു ഈ കോമഡി ഷാഫിയുടെ ഉള്ളിൽ കയറിപ്പറ്റിയത്. അക്കഥ ഇങ്ങനെ: ഒരു പ്രശസ്‌ത സംവിധായകന്റെ സിനിമയിൽ പൊലീസ് സ്‌റ്റേഷൻ ചിത്രീകരിക്കുന്ന രംഗം. എല്ലാം ശരിയായി ഷോട്ടെടുക്കാറായി ക്യാമറാമാൻ ക്യാമറയിലൂടെ നോക്കിയപ്പോൾ പൊലീസ് സ്റ്റേഷൻ എന്നെഴുതേണ്ട ബോർഡിൽ അക്ഷരത്തെറ്റ്. തെറ്റായി Polce Station എന്നാണ് എഴുതിയിരുന്നത്. അതു തിരുത്തിയെങ്കിലും ആർട്ട് ഡയറക്ടറെ കളിയാക്കാൻ എല്ലാവരും കൂടി ഒരു തമാശക്കഥ ഇറക്കി. ആർട്ട് ഡയറക്‌ടർ അതിൽ ‘എല്ലി’നും ‘സി’യ്‌ക്കും ഇടയിൽ കുനിപ്പിട്ട് ഐ ചേർത്തു പ്രശ്‌നം പരിഹരിച്ചു എന്നായിരുന്നു ആ കഥ. ഈ സംഭവമാണ് തൊമ്മനും മക്കളും പോസ്റ്ററിൽ ചേർത്തത്.
ഇതേ കഥയുടെ മറ്റൊരു പതിപ്പ് കല്ല്യാണരാമനിലും കാണാം. 'വെൽകം' എന്ന വാക്കിനെ 'മെൽകൗ' ആക്കിയ ബ്രില്യൻസ്! അതുവരെ 'വെൽകം' എന്നു കൃത്യമായി വായിച്ചുകൊണ്ടിരുന്ന മലയാളികൾ ആ സിനിമയ്ക്കു ശേഷം 'മെൽകൗ' എന്നായി വായന. അത്രയും ഹിറ്റായിരുന്നു ആ പ്രയോഗം.
തൊമ്മനും മക്കളിലെ ലാലിന്റെ കഥാപാത്രം നായിക സിന്ധു മേനോനോട് ‘സ്‌മാർട് ബോയ്സ് ’എന്ന് പറഞ്ഞ് അഭിനന്ദിക്കുന്ന രംഗമുണ്ട്. ആ സിനിമയ്ക്കു ശേഷം സ്‌ത്രീകളെ അഭിനന്ദിക്കുന്ന കാര്യം വരുമ്പോൾ എല്ലാവരും മനഃപൂർവം തമാശയാക്കാൻ 'സ്‌മാർട്ട് ബോയ്‌സ്' എന്ന് പറയുന്നത് സാധാരണമായി. നിത്യജീവിതത്തിൽ മാത്രമല്ല സിനിമയിൽ വരെ ആ ഡയലോഗ് ആവർത്തിച്ചിട്ടുണ്ടെന്ന് ഷാഫി ഓർക്കുന്നു. 'സ്മാർട് ബോയ്സ് എന്ന് പറഞ്ഞ് പ്രശംസിക്കുന്ന ഈ ഡയലോഗ് ലാലേട്ടൻ തന്നെ മറ്റൊരു സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സോൾട്ട് ആൻഡ് പെപ്പർ സിനിമയിൽ വീണ്ടും ലാലേട്ടൻ ഈ ഡയലോഗ് ഉപയോഗിച്ചപ്പോൾ ഏറെ സന്തോഷം തോന്നി,' ഷാഫിയുടെ വാക്കുകൾ.