പ്രേക്ഷകശ്രദ്ധ നേടി അന്യം ഹ്രസ്വചിത്രം

Mail This Article
തേർഡ് ഐ മൂവീസിന്റെ ബാനറിൽ ആനുകാലിക പ്രാധാന്യമുള്ള ഒരനുഭവം, കഥാരൂപത്തിൽ കാണികളുടെ മുമ്പിലെത്തുകയാണ് “അന്യം” എന്ന സിനിമയിലൂടെ. ശശിലേഖ ജ്യോതിക് ആണ് ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശശിലേഖയുടെ ആദ്യ സംരംഭമാണ് ഈ സിനിമ.
ഡാലസ്സിൽ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ നഴ്സിങ് അദ്ധ്യാപികയായ ശശിലേഖ ജ്യോതിക് രണ്ടു നവാഗത വനിതകളെയും ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചയപെടുത്തുന്നു. പ്രശസ്ത ഗ്രാഫിക് ഡിസൈനർ ജ്യോതിക് തങ്കപ്പൻ ആണ് ഈ ചിത്രത്തിന്റെ നിർമാണവും, ചായാഗ്രഹണവും, ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത്.
അരുൺദാസ് കളത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. “മെല്ലെ മിഴികൾ “ എന്ന ഗാനം ഇതിനോടകം ഓൺലൈൻ സംഗീത പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. പ്രഭുശങ്കർ, സംഹിത കുമാർ എന്നിവര്‍ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡാലസ്സിൽ നിന്നുള്ള ഇന്ദു മനയിൽ, സ്മിത ജോൺ എന്നിവരാണ് നായിക പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മനോജ് പിള്ള, അരുൺ ദാസ് കളത്തിൽ , ആഞ്ചല മോൻസി, വിഷ്ണു ശിവ , ലക്ഷ്മികൈമൾ ശ്വേതാ ജ്യോതിക് എന്നിവരുംഅഭിനയിക്കുന്നു. ഇവർക്കൊപ്പം ഐസക് ഏബ്രഹാം, യൂജിൻ ജോർജ് , ദിൽജോ ഫ്രാൻസിസ് , നവാസ് ഇസ്മായിൽ ( ഏറ്റുമാനൂർ), മോൻസി തോമസ് ,സനിൽ ഭാസ്കരൻ,മീനാക്ഷി ജ്യോതിക്, എയ്‌മി കളത്തിൽ എന്നിവർ ഈ ചെറു ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നു.
ഡാലസ്സിലും പരിസരപ്രദേശങ്ങളിലും, കേരളത്തിലുമടക്കം ഒൻപതു ലൊക്കേഷനുകളിലായി ഏകദേശം മൂന്നു മാസങ്ങളിലായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
ഈ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം ഡാലസ്സിലെ ആൻജെലികാ ഫിലിം സെന്ററിലെ വെള്ളിത്തിരയിൽ -നിറഞ്ഞ സദസ്സിൽ നടന്നു. ഡാലസ്സിലെ അറിയപ്പെടുന്ന ചിത്രകാരനും അഭിനേതാവുമായ ഹരിദാസ് തങ്കപ്പൻ ഈ ചിത്രത്തിന്റെ യൂ ട്യൂബ് വേർഷൻ സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത ക്ഷണിക്കപ്പെട്ടസദസ്സ് നിറകണ്ണുകളോടും ഹർഷാരവങ്ങളോടും കൂടിയാണ് ഈ ചെറു ചിത്രത്തെ വരവേറ്റത്.