'ഇത് നിങ്ങൾക്കു വേണ്ടി'; 'പണി പാളി' ബീറ്റില്ലാതെ പാടി നീരജ് മാധവ്

Mail This Article
തരംഗമായ ‘പണിപാളി’ പാട്ട് ബീറ്റില്ലാതെ പാടി നീരജ് മാധവ്. ആരാധകരുടെ അഭ്യർഥനപ്രകാരമാണ് താരത്തിന്റെ ഈ പ്രകടനം. പണിപാളി എന്നെഴുതിയ കറുത്ത പുള്ളോവർ ധരിച്ചാണ് നീരജിന്റെ പാട്ട്. ലോക്ഡൗൺ കാരണം പുള്ളോവർ കയ്യിൽ കിട്ടാൻ വൈകിയെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്.
പാട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നീരജ് ബീറ്റില്ലാതെ പാടിയത്. പാട്ട് ഏറ്റെടുത്ത് വിജയിപ്പിച്ച എല്ലാവരോടുമുള്ള സ്നേഹാദരമാണ് ഈ വിഡിയോ എന്ന് നീരജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാട്ടിന്റെ ബീറ്റില്ലാത്ത പതിപ്പും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേർ നീരജിനെ പ്രശംസിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തി.
നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’ പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. പാട്ടിന്റെ ഡാൻസ് ചലഞ്ച് വിഡിയോകളും വൈറലായിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പാട്ടിനു ചുവടുവച്ച് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. അജു വർഗീസ്, സാനിയ ഇയ്യപ്പൻ, ദീപ്തി സതി തുടങ്ങിയ താരങ്ങളും ചലഞ്ച് ഏറ്റെടുത്തവരിൽ ഉൾപ്പെടുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു.
English Summary: Neeraj Madhav's 'pani paali' song without beat