‘കാൽപ്പന്താണേ... കനവൊന്നാണേ’; കാൽപ്പന്തുകളിയുടെ ആവേശം നിറച്ച് പാട്ട്, വിഡിയോ

Mail This Article
ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ ലോകകപ്പ് ഗാനം പുറത്തിറക്കി മനോരമ മ്യൂസിക്. ‘കാൽപ്പന്താണേ... കനവൊന്നാണേ’ എന്നു തുടങ്ങുന്ന പാട്ടിന് ഡിജെ സാവിയോ ആണ് ഈണമൊരുക്കിയത്. എം.സി. കൂപ്പറും സാവിയോയും ചേര്‍ന്നു വരികൾ കുറിച്ചു. ആലാപനം: എം.സി. കൂപ്പർ, റോണി ഫിലിപ്.
ഷൈജു ദാമോദരന്‍റെ കമന്‍ററിയോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ കാലുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഫുട്ബോളാണ് വിഡിയോയിലെ നായകന്‍. മലയാളത്തിന്‍റെ ആവേശവുമായി അവസാനം ഖത്തറിലെ സ്റ്റേഡിയത്തില്‍ ആ കാല്‍പന്ത് എത്തുന്നതോടെ ഗാനം അവസാനിക്കുന്നു.
കോഴിക്കോട് കടപ്പുറത്തും മലപ്പുറത്തെ സെവന്‍സ് ഗ്രൗണ്ടുകളിലും ആലപ്പുഴയിലെ കെട്ടുവള്ളങ്ങള്‍ക്കിടയിലും കൊച്ചിയിലെ അഴിമുഖത്തും ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ ആരവങ്ങളിലൂടെയുമെല്ലാം പടരുന്ന ഫുട്ബോള്‍ ആവേശമാണ് പാട്ട് ആരാധകരിലേക്കു പകരുന്നത്.
റിയാസ് ഇരിഞ്ഞാലക്കുടയാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. എഡിറ്റിങ്: റെനീഷ് ഒറ്റപ്പാലം. മ്യൂസിക് അറേഞ്ച്മെന്റ്സ്: അക്ഷയ്. നിതിൻ തളിക്കുളം ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്.