ജിഡിപി വളർച്ച 4.1%; സാമ്പത്തികവർഷത്തെ മൊത്തം വളർച്ച 8.7%
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (2022 ജനുവരി–മാർച്ച്) ഒമിക്രോൺ ഭീതിക്കിടെ രാജ്യത്തിന്റെ സാമ്പത്തികവളർച്ച (ജിഡിപി) 4.1% ആയി കുറഞ്ഞു. യുക്രെയ്ൻ യുദ്ധവും വളർച്ചയ്ക്കു വിഘാതമായി. മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 5.4% ആയിരുന്നു. സാമ്പത്തിക വർഷത്തെ മൊത്തം ജിഡിപി വളർച്ച 8.7% ആണ്. ഒന്നാം പാദത്തിൽ 20.1%, രണ്ടാം പാദത്തിൽ 8.4% വീതം വളർച്ച നേടിയതാണു കാരണം.
മുൻ സാമ്പത്തികവർഷം ജിഡിപിയിൽ 6.6% ഇടിവാണുണ്ടായിരുന്നത്. ഇത്തവണ 8.9% വളർച്ച നേടുമെന്നാണ് പ്രതീക്ഷിച്ചിരിക്കെയാണ് അവസാന പാദത്തിലെ ഇടിവ്. 2021–22ലെ കേന്ദ്ര ധനക്കമ്മി 6.7% ആണ്. ധനമന്ത്രാലയത്തിന്റെ ബജറ്റ് എസ്റ്റിമേറ്റ് ആയ 6.9 ശതമാനത്തിലും കുറവാണിത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമില്ലെന്നു മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ വ്യക്തമാക്കി.
English Summary: FY22 GDP growth at 8.7 percent, says NSO data